പൊടുന്നനെ പൊട്ടിത്തെറിച്ചുണ്ടാകുന്ന സൈബീരിയയിലെ ഗർത്തങ്ങൾ! ഇവയുടെ കാരണം തേടി ഗവേഷകർ
Mail This Article
റഷ്യയുടെ ഉത്തരമേഖലയായ സൈബീരിയയിൽ ഉറഞ്ഞ മഞ്ഞിൽ എങ്ങനെയാണ് ഗർത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന ചോദ്യത്തിന് ഉത്തരമേകാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഐസിനുള്ളിൽ മർദ്ദം കൂടി ജലം നിറയുമ്പോഴാണ് ഇതു സംഭവിക്കുന്നത്. തുടർന്ന് ഒരു സ്ഫോടനം പോലെ ജലം ഐസിൽ നിന്നു പുറത്തേക്കു തെറിക്കുകയും ഗർത്തം രൂപപ്പെടുകയും ചെയ്യും.
ഇത്തരത്തിലുണ്ടാകുന്ന കുഴികൾക്ക് 160 അടി വരെ ആഴവും 230 അടി വരെ വീതിയുമുണ്ടാകും. ഇത്തരം ഗർത്തങ്ങൾ റഷ്യയുടെ വടക്കൻ യമാൽ, ഗൈഡൻ പെനിൻസുലകളിലാണ് ഉണ്ടായത്. ആർട്ടിക്കിൽ മറ്റെവിടെയും ഇവയുണ്ടായതായി അറിയില്ല. എന്തു കൊണ്ട് ഇവ സൈബീരിയൻ മേഖലയിൽ മാത്രമുണ്ടാകുന്നു എന്ന ചോദ്യത്തിനുത്തരം തേടുകയാണ് ശാസ്ത്രജ്ഞർ.ഇത്തരം ഗർത്തങ്ങളുണ്ടാകുമ്പോൾ ഹരിതഗൃഹവാതകമായ മീഥെയ്ൻ പുറത്തേക്കു തെറിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവയ്ക്ക് പരിസ്ഥിതിപരമായ പ്രാധാന്യവുമുണ്ട്.
സൈബീരിയയിൽ മറ്റു പല പ്രശസ്തമായ ഗർത്തങ്ങളുമുണ്ട്. ഇതിലൊന്നാണ് ടൈമീർ മേഖലയിലുള്ള പോപിഗായ് ഗർത്തം. ഏകദേശം മൂന്നരക്കോടി വർഷം മുൻപ് 5 മുതൽ 8 വരെ കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുടെ അന്തകരീക്ഷത്തിലേക്കു പ്രവേശിച്ചു. സെക്കൻഡിൽ 15 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു ഇതിന്റെ സഞ്ചാരം. സൈബീരിയയുടെ വടക്കൻ ഭാഗത്തുള്ള ടൈമീർ മേഖലയിലേക്കാണ് ഇതു വന്നു പതിച്ചത്. വലിയ ആഘാതത്തിലുണ്ടായ ഈ പതനത്തിൽ ധാരാളം ഘനയടി അളവിൽ പാറകൾ ഉരുകിപ്പോയി. ദശലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങൾ ബഹിരാകാശത്തേക്ക് ഉയർന്നു. ഇവയിൽ ചില അവശിഷ്ടങ്ങൾ മറ്റു ഭൂഖണ്ഡങ്ങളിൽ വരെ വന്നു പതിച്ചു. ഈ ആഘാതത്തിൽ ഉടലെടുത്ത കുഴി അറിയപ്പെടുന്നത് പോപിഗായ് ക്രേറ്റർ എന്ന പേരിലാണ്. നൂറു കിലോമീറ്ററിലധികം വ്യാസമുള്ളതാണ് റഷ്യയിലുള്ള ഈ കുഴി.
ഛിന്നഗ്രഹ പതനങ്ങൾ മൂലം ഭൂമിയിലുണ്ടായ കുഴികളിൽ വലുപ്പം കൊണ്ട് ഏഴാം സ്ഥാനത്താണ് പോപിഗായ് ക്രേറ്റർ. ഈ ഇടി നടന്ന് ക്ഷണനേരത്തേക്ക് ദശലക്ഷക്കണക്കിന് ആണവായുധങ്ങൾക്ക് സ്‌ഫോടനം സംഭവിക്കുന്ന ഊർജം ഉടലെടുക്കുകയും സൂര്യോപരിതലത്തിലേക്കാൾ ഉയർന്ന താപനില ഉണ്ടാകുകയും ചെയ്തു. ആഘാതം സംഭവിച്ച ഈ ബിന്ദുവിൽ നിന്ന് 12 മുതൽ 13 വരെ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചെറിയ പാളികളിലുള്ള പാറകളിലെ ഗ്രാഫൈറ്റ് വജ്രങ്ങളായി മാറി. ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തേക്കാൾ വലുതാണ് ഇവിടെയുള്ളതെന്ന് ഗവേഷകർ കണക്കുകൂട്ടി. എന്നാൽ ഈ ആഘാതവും മറ്റു സാഹചര്യങ്ങളും ക്ഷണനേരത്തേക്കായിരുന്നു ഇവിടെ നിലനിന്നത്. അതിനാൽ തന്നെ 2 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ചെറിയ വജ്രങ്ങളാണ് ഇവയിലധികവും. ആഭരണങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വലുപ്പവും ശുദ്ധിയുമുള്ള വജ്രങ്ങൾ ഇവിടെ ഉടലെടുത്തില്ല.അതിനാൽ തന്നെ ഇവിടെ വജ്രഖനനത്തിനു വലിയ പ്രസക്തിയില്ല.
എന്നാൽ ഇടക്കാലത്ത് ഈ കുഴി നിറയെ വജ്രങ്ങളാണെന്നും ഇവ ഖനനം ചെയ്യാൻ കാത്തുകിടക്കുകയാണെന്നും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള നിധിയാണ് ഇവിടെയുള്ളതെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ഇവയിൽ സത്യം തീരെയില്ലെന്നാണ് ഗവേഷകർ പറയുന്നത്. 1990 മുതൽ ഈ പടുകുഴിയെപ്പറ്റി വിദഗ്ധർക്ക് അറിയാം. പലരും ഇവിടെ സന്ദർശിച്ചിട്ടുമുണ്ട്.
വ്യാവസായിക ആവശ്യങ്ങൾക്കുള്ള വജ്രങ്ങളായി ഉപയോഗിക്കാനാണ് പോപിഗായ് ക്രേറ്ററിലെ വജ്രങ്ങൾ ഉപകരിക്കുക. എന്നാൽ ഇന്നത്തെ കാലത്ത് വ്യാവസായിക ആവശ്യങ്ങൾക്കുള്ള വജ്രങ്ങൾ കൃത്രിമമായി ഉണ്ടാക്കാറാണ് പതിവ്.