ഈജിപ്തിലേതു പോലെ മമ്മികൾ കണ്ടെത്തിയ തക്‌ലമാക്കൻ; ദുഷ്കര സാഹചര്യങ്ങളുള്ള ചൈനീസ് മരുഭൂമി
Mail This Article
ചൈനയിലെ ഏറ്റവും പ്രശസ്തമായ മരുഭൂമിയാണ് ഗോബി. എന്നാൽ അതിന്റെ നല്ലൊരുഭാഗം അയൽരാജ്യമായ മംഗോളിയയിലാണ്. തെക്കുകിഴക്കൻ പ്രവിശ്യയായ സിൻജിയാങ്ങിൽ സ്ഥിതി ചെയ്യുന്ന തക്‌ലമാക്കൻ മരുഭൂമി പൂർണമായും ചൈനയ്ക്കുള്ളിൽ തന്നെയാണ്. മധ്യകാലത്തെ സിൽക്ക് റൂട്ട് കടന്നുപോയിരുന്ന തക്‌ലമാക്കൻ ചൈനയുടെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക സ്രോതസ്സ് കൂടിയാണ്. ബില്യൻ കണക്കിന് ഡോളർ വിലയുള്ള എണ്ണ, വാതക നിക്ഷേപങ്ങൾ ഇവിടെയുണ്ട്. ഗോബിയെപ്പോലെ തന്നെ ഈ മരുഭൂമിയും ഒരു ശീതമരുഭൂമിയാണ്. ദുഷ്കരമായ സാഹചര്യങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്.
ഈജിപ്തിൽ കണ്ടെത്തിയിട്ടുള്ളത് പോലെയുള്ള മമ്മികളെ തക്‌ലമാക്കനിലും കണ്ടെത്തിയിട്ടുണ്ട്. താരിം മമ്മികൾ എന്നറിയപ്പെടുന്ന ഇവ ഇന്നും ചരിത്രഗവേഷകരെ വട്ടം കുഴക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈജിപ്തിനെയും ഇന്ത്യയെയും പോലെ തന്നെ മധ്യേഷ്യയും പാശ്ചാത്യ പര്യവേക്ഷകരുടെ ഉറക്കം കെടുത്തിയിരുന്നു. ചരിത്രം മറഞ്ഞിരിക്കുന്ന ഇവിടങ്ങളിൽ വൻ നിധി നിക്ഷേപങ്ങളുണ്ടാകുമെന്ന് അവർ വിശ്വസിച്ചു. ഈ വിശ്വാസങ്ങൾ ഒരു പരിധി വരെ ശരിയായിരുന്നു താനും.
ആ കാലഘട്ടത്തിൽ സ്വെൻ ഹെഡിൻ, ആൽബർട് വോൺ ലെ കോക്, സർ ഔറൽ സ്റ്റെയ്ൻ തുടങ്ങിയ പ്രഗത്ഭർ ഇവിടെ പര്യവേക്ഷണങ്ങൾ നടത്തി. ഇവരുടെ പര്യവേക്ഷണങ്ങളിലുടെയാണു താരിം മമ്മികൾ വെട്ടപ്പെട്ടു തുടങ്ങിയത്. പിന്നീട് പല കാലങ്ങളിലായി മമ്മികളെ വിവിധ പര്യവേക്ഷകരും ചരിത്രഗവേഷരും കണ്ടെത്തി. സിൻജിയാങ്ങിലെ ലോപ്നുർ, സുബേഷി, ടർപാൻ, ലൗലാൻ, കുമുൾ, ഖോട്ടാൻ, നിയ, ചെർച്ചൻ തുടങ്ങിയിടങ്ങളിൽ നിന്നാണ് ഇവയിലധികവും കണ്ടെത്തിയത്.
ആറടിയോളം പൊക്കവും, ചുവന്ന തലമുടിയും യൂറോപ്യൻ ശരീരഘടനയുമുള്ള ചാർച്ചാൻ മാൻ, ഹാമി മമ്മി, സുബേഷിയിലെ മന്ത്രവാദിനികൾ, സിയോഹേയിലെ രാജകുമാരി തുടങ്ങി ഒട്ടേറെ മമ്മികൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ബ്യൂട്ടി ഓഫ് ലൗലാൻ എന്ന പേരുള്ള മമ്മിയാണ്.1980ലാണ് ഈ മമ്മിയെ ചൈനീസ് പര്യവേക്ഷകർ കണ്ടെത്തിയത്. ചെമ്പൻ നിറങ്ങളുള്ള തലമുടികളും കമ്പിളിയിലും മറ്റും നിർമിച്ച വസ്ത്രങ്ങളും ഈ മമ്മിക്കുണ്ടായിരുന്നു.
ഈജിപ്തിലെ മമ്മികൾ അക്കാലത്തെ മനുഷ്യരുടെ വിദ്യയാലാണ് ഉണ്ടാക്കപ്പെട്ടതെങ്കിൽ തക്‌ലമാക്കനിൽ പ്രകൃതി തന്നെയാണ് മമ്മിഫിക്കേഷൻ നടത്തിയത്. മരുഭൂമിയിലെ അന്തരീക്ഷം കാരണം ഈ മമ്മികളിൽ പലതും നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇവയുടെ രൂപവും വേഷവിധാനങ്ങളും കാരണം ഇവർ യൂറോപ്പിൽ നിന്നു വന്നവരായിരുന്നെന്നും അതല്ല മധ്യേഷ്യയിലെ മലകളിൽ നിന്നു വന്നവരായിരുന്നെന്നുമൊക്കെ അഭ്യൂഹങ്ങളുയർന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞമാസമിറങ്ങിയ ഒരു പഠനഫലം, ഇവർ എങ്ങുനിന്നും വന്നവരല്ല മറിച്ച് തക്‌ലമാക്കൻ മരുഭൂമിയിൽ തന്നെയുള്ളവരായിരുന്നെന്ന് സമർഥിക്കുന്നു. ഏതായാലും താരിം മമ്മികളുടെ രഹസ്യങ്ങൾ തക്‌ലമാക്കൻ മരുഭൂമി പോലെതന്നെ പിടിതരാതെ അവശേഷിക്കുന്നു.