ലോകത്തെ മയക്കിയ അഫ്ഗാന്റെ ആകാശക്കല്ല്; ചരിത്രപാത പുനസൃഷ്ടിച്ച ലസൂലി റൂട്ട്
Mail This Article
ഏഷ്യയിലെ വലിയ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ് ലാപിസ് ലസൂലി റൂട്ട്. 2018 ൽ യാഥാർഥ്യത്തിലെത്തിയ ഈ പദ്ധതി അഫ്ഗാനിസ്ഥാനിൽ നിന്ന് ലാപിസ് ലസൂലി എന്ന വസ്തു തുർക്കിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. തുർക്ക്മെനിസ്ഥാൻ, അസർബൈജാൻ, ജോർജിയ എന്നീ രാജ്യങ്ങളിലൂടെയാണ് ഇതു കടന്നുപോകുന്നത്. 2000 വർഷം മുൻപു മുതലുള്ള ഒരു ചരിത്രപാതയുടെ പുനഃസൃഷ്ടിയാണ് ഇത്.
ഊഷരമായ ഭൂമിയാണെങ്കിലും മറ്റൊരു രാജ്യത്തിനുമില്ലാത്ത തരത്തിൽ വ്യത്യസ്തമായ ധാതുസമ്പത്ത് പ്രകൃതി അഫ്ഗാനിസ്ഥാനിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ പ്രധാനമാണ് ലാപിസ് ലസൂലി എന്ന അമൂല്യമായ ധാതുക്കല്ല്. ചരിത്രാതീത കാലം മുതൽ മനോഹരമായ ഈ കല്ല് അതിന്റെ മനോഹാരിത കൊണ്ടും വില കൊണ്ടും രാജാക്കൻമാരാലും പ്രഭുക്കൻമാരാലും ആഗ്രഹിക്കപ്പെടുന്നു.
ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രമായ സിന്ധുനദീതട സംസ്‌കാര മേഖലയിൽ പെട്ട ഹരിയാനയിലെ ഭിറാനയിൽ നിന്ന് ലാപിസ് ലസൂലി കണ്ടെടുത്തിട്ടുണ്ട്. പതിനായിരം വർഷം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു ഈ കല്ല്. ഈജിപ്തിലെ അതിസുന്ദരിയായ റാണി ക്ലിയോപാട്ര വിശ്വവിഖ്യാതമായ തന്റെ കൺപീലികൾക്കു നീലഛായം നൽകാനായി ലാപിസ് ലസൂലി ചാലിച്ച കൺമഷി ഉപയോഗിച്ചിരുന്നത്രേ. ഈജിപ്തിൽ നിന്നു കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രശസ്തമായ മമ്മിയായ തൂത്തൻ ഖാമുന്റെ മുഖാവരണത്തിലും ഈ അമൂല്യമായ ധാതു ഉപയോഗിച്ചിരുന്നു.
യൂറോപ്പിൽ ചിത്രകല പൂത്തുലഞ്ഞ മധ്യകാലഘട്ടത്തിൽ ലാപിസ് ലസൂലി പൊടിച്ച് പൗഡർ രൂപത്തിലാക്കി ചാലിച്ച് ഒരു സവിശേഷമായ ചായം നിർമിച്ചിരുന്നു. അൾട്രൈമറൈൻ എന്നറിയപ്പെടുന്ന ഈ ചായം അന്നത്തെ എല്ലാ ചിത്രകാരൻമാരുടെയും സ്വപ്‌നമായിരുന്നു. മസാക്യോ, പെറുജീനോ തുടങ്ങിയ അക്കാലത്തെ പ്രശസ്ത ചിത്രകാരൻമാർ ലാപിസ് ലസൂലി ഉപയോഗിച്ചിരുന്നു.
ആകാശക്കല്ല് എന്നാണ് ലാപിസ് ലസൂലിയുടെ പേർഷ്യൻ ഭാഷയിലെ അർഥം, കടുംനീലനിറമുള്ള ഈ ധാതു അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാൻ മേഖലയിലുള്ള കൊക്ച താഴ്‌വരയിലാണ് ഏറ്റവും കൂടുതലുള്ളത്.ഇവിടത്തെ സാരി സംഗ് ഖനിയിൽ നിന്ന് ആറായിരം വർഷങ്ങളായി ഇതു ഖനനം ചെയ്‌തെടുക്കുന്നു.
ഇനിയും ഒരു ട്രില്യൻ യുഎസ് ഡോളറിനു തുല്യമായ നിക്ഷേപം ഇവിടെയുണ്ട്. ഇത് ഖനനം ചെയ്താൽ അഫ്ഗാൻ ഒരു സമ്പന്നരാജ്യമായി മാറും എന്നു രാജ്യാന്തര സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇറാൻ, പാക്കിസ്ഥാൻ, മംഗോളിയ, തെക്കൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ലാപിസ് ലസൂലി ഖനനം ചെയ്‌തെടുത്തിട്ടുണ്ടെങ്കിലും അതിനൊന്നും അഫ്ഗാനിൽ നിന്നു കിട്ടുന്നതിന്റെ നിറമോ മേൻമയോ ഇല്ല.
അമൂല്യമായ ഈ കല്ല് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. സൗന്ദര്യവർധക സാധനങ്ങൾ, ശിൽപങ്ങൾ, ചിത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇതുപയോഗിച്ച് നിർമിക്കാം.