വവ്വാലുകൾക്കായി സൗന്ദര്യ മത്സരം നടത്തുന്നു; അണിനിരക്കുന്നത് വിചിത്ര പേരുള്ള ജീവികൾ
Mail This Article
സൗന്ദര്യമത്സരങ്ങൾ പല രാജ്യങ്ങളിലും നടക്കാറുണ്ട്. എന്നാൽ യുഎസിൽ ഒരു വിചിത്രമായ സൗന്ദര്യമത്സരം നടക്കാൻ പോകുകയാണ്. മനുഷ്യരല്ല, മറിച്ച് വവ്വാലുകളാണ് ഈ മത്സരത്തിൽ അണിനിരക്കുന്നത്. വിചിത്രമായ പേരുകളുള്ള വവ്വാലുകളാണ് മത്സരത്തിന്റെ പ്രധാന സവിശേഷത. ഹോറി പോട്ടർ, സർ ഫ്ലാപ്സ് എ ലോട്ട്, റോബർട്ട് ബാറ്റിൻസൻ, ബാറ്റ് ഡാമൺ തുടങ്ങിയവയാണ് ഇവയിൽ ചിലരുടെ പേരുകൾ. ഹാലോവീൻ ആഘോഷവും അതോടൊപ്പം വവ്വാലുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കലും ഈ മത്സരത്തിന്റെ ലക്ഷ്യങ്ങളാണ്. ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റാണ് ഈ മത്സരം നടത്തുന്നത്.
വവ്വാലിനോടുള്ള പേടി കൈറോപ്‌റ്റോഫോബിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകമെങ്ങും ഒട്ടേറെപ്പേർക്ക് ഈ പേടിയുണ്ട്. ഇങ്ങനെയുള്ളവർ വവ്വാലുകളുടെ അധിവാസമേഖലകളായ ഗുഹകൾ, വൻമരങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഖനികൾ തുടങ്ങിയിടങ്ങളിൽ പോകാതെ നോക്കാറുണ്ട്. കൈറോപ്‌റ്റോ ഫോബിയയ്ക്ക് പലവിധ കാരണങ്ങളുണ്ട്. ചരിത്രപരമായി പല സംസ്‌കാരങ്ങളിലും വവ്വാലുകൾക്ക് അത്ര നല്ല പേരല്ല ഉള്ളത്. ഡ്രാക്കുള പോലുള്ള ഹൊറർ സാഹിത്യങ്ങളിലും മറ്റും വവ്വാലുകളെ രക്തക്കൊതിയൻമാരും മറ്റുമായി ചിത്രീകരിച്ചിട്ടുള്ളത് ആളുകളുടെ പൊതുബോധത്തിൽ വവ്വാലുകളെക്കുറിച്ചുള്ള ഭയം ആഴത്തിൽ വേരോടിക്കാൻ കാരണമായി. വവ്വാലുകൾ മനുഷ്യരക്തം കുടിക്കുന്നവരാണെന്ന വിചാരം പലർക്കുമുണ്ട്. ഇത്തരത്തിൽ രക്തം കുടിക്കുന്ന വാംപയർ ബാറ്റുകൾ ഉണ്ടെന്നതു ശരി തന്നെ. എന്നാൽ ഇവ തെക്കേ അമേരിക്കയിൽ മാത്രമാണുള്ളത്. മൊത്തം വവ്വാൽ ജനസംഖ്യയിൽ വെറും മൂന്നു സ്പീഷീസുകൾ മാത്രമാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ഇവ കന്നുകാലികളെയും കുതിരകളെയുമൊക്കെയാണു പലപ്പോഴും ലക്ഷ്യം വയ്ക്കാറുള്ളത്, മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ കുറവാണ്. എന്നാൽ തീരെയില്ലെന്നു പറയാനുമാകില്ല.
കോവിഡ് കാലം തുടങ്ങിയ ശേഷം വവ്വാലുകൾ ഇന്ത്യയുൾപ്പെടെ പലയിടങ്ങളിൽ ആക്രമണങ്ങൾക്കിരയായിരുന്നു. കൊറോണ വൈറസ് ഇവ പരത്തുന്നുണ്ടെന്ന ആശങ്കയിലാണ് ആക്രമണങ്ങൾ നടന്നത്. പലയിടത്തും വവ്വാലുകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവങ്ങൾ പോലുമുണ്ടായി. എന്നാൽ വവ്വാലുകൾ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്നു ജന്തുശാസ്ത്രജ്ഞർ പറയുന്നു. പല പൂക്കളിലും പരാഗണം നടത്തുന്നത് ഇവയാണ്. ഇക്കൂട്ടത്തിൽ ധാരാളം പഴച്ചെടികളും ഉൾപ്പെടും. പഴവർഗങ്ങളുടെ വിത്തുകൾ വിവിധയിടങ്ങളിൽ വ്യാപിപ്പിച്ച് വിതരണം ചെയ്യാനും ഇവ സഹായകമാണ്. കൃഷിക്ക് വിനാശകരമാകുന്ന ഒട്ടേറെ കീടങ്ങളെ തിന്നൊടുക്കുന്നതിനാൽ കർഷകർക്കും ഒരു ചങ്ങാതിയാണു വവ്വാലുകളെന്നും ശാസ്ത്രജ്ഞർ പറയുന്നു.