ADVERTISEMENT

ലോകമെമ്പാടും പല യുവാക്കളും പുതിയൊരു ജീവിതശൈലി അനുവർത്തിക്കുന്നുണ്ട്. ആൾക്കുരങ്ങുകളും പരിണാമവഴിയിൽ നമ്മുടെ ബന്ധുക്കളുമായ ചിമ്പാൻസികളെയും ഗൊറില്ലകളെയും അനുകരിക്കുന്ന ഈ ശൈലിക്ക് ടാർസൻ മൂവ്‌മെന്റ് എന്നാണു പേര്. നാലുകാലിൽ നടക്കുക, മരത്തിൽ കയറുക, ചിംപാൻസികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ അനുകരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ ചലഞ്ചിന്റെ പ്രത്യേകതകൾ. വിക്ടർ മാനുവൽ ഫ്‌ളെയിറ്റ്‌സ് എന്നയാളാണ് ഈ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവ്. 

എന്നാൽ 40 വർഷം കാട്ടിൽ കഴിഞ്ഞ ഒരു യഥാർഥ ടാർസനെപ്പറ്റി അറിയാമോ? വിയറ്റ്നാംകാരനായ ഹൊ വാൻ ലാങ്ങാണ് അത്. കാട്ടിൽ 40 വർഷത്തോളം ജീവിച്ച ലാങ്ങിനെ യഥാർഥജീവിതത്തിലെ ടാർസൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ലോകമെങ്ങും പ്രശസ്തമായ വിയറ്റ്നാം യുദ്ധമാണ് ലാങ്ങിന്റെ ജീവിതത്തിൽ നിർണായകമായത്. യുദ്ധം നടക്കുന്ന സമയത്ത് വെറും നാലുവയസ്സായിരുന്നു ലാങ്ങിന്. അച്ഛനായ ഹോ വാൻ താങ്ങിനൊപ്പം വിയറ്റ്നാമിലെ ഒരു ഗ്രാമത്തിൽ ജീവിക്കുകയായിരുന്നു ലാങ്. യുദ്ധം തുടങ്ങിയതോടെ വിയറ്റ്നാമിലെങ്ങും കോലാഹലമായി. തോക്കുകളും ബോംബുകളും ഇരമ്പിപ്പറക്കുന്ന യുഎസ് പടവിമാനങ്ങളും.

(Photo:X/@shugaishisname)
(Photo:X/@shugaishisname)

താങ് ഒരു വിയറ്റ്നാമീസ് സൈനികനായിരുന്നു. ഭാര്യയും മൂന്നുമക്കളുമായി ജീവിച്ചുപോന്ന അദ്ദേഹത്തിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് അക്കാലത്താണ്. ഒരു ബോംബാക്രമണത്തി‍ൽ ഭാര്യയും രണ്ടുകുട്ടികളും മരിച്ചു. ഏറ്റവും ഇളയവനായ ലാങ് മാത്രം ശേഷിച്ചു. ഇതോടെ യുദ്ധത്തെ ഹോ വാൻ താങ് ഭയത്തോടെ കണ്ടുതുടങ്ങി. ഒടുവിൽ ഒരു ദിവസം യുദ്ധത്തിൽ നിന്നു രക്ഷപ്പെടാൻ കുഞ്ഞു ലാങ്ങിനെയുമെടുത്ത് ഹോ വാൻ താങ് ട്രാ ബോങ് എന്ന വിയറ്റ്നാമിലെ കാട്ടിലേക്ക് ഓടി. അവിടെയെത്തിയ അച്ഛനും മകനും പുതിയ ജീവിതം തുടങ്ങി. സിനിമകളിൽ കാണുന്നതുപോലെയായിരുന്നു അവരുടെ ജീവിതം. മരത്തിനു മുകളിൽ ഏറുമാടങ്ങളുണ്ടാക്കി താമസിച്ചു. മരത്തോലിൽ നിന്നുള്ള വസ്ത്രം ഇരുവരും ഉടുത്തു. എലികളെയും തവളകളെയും മുയലുകളെയും പക്ഷികളെയുമൊക്കെ വേട്ടയാടി. കാട്ടുപഴങ്ങളും കിഴങ്ങുകളും പറിച്ചുതിന്നും കാട്ടരുവിയിലെ വെള്ളം കുടിച്ചുമായിരുന്നു ഇരുവരുടെയും ജീവിതം.

കാലം മാറി. വിയറ്റ്നാം യുദ്ധം തീർന്നു. യുഎസ് അവിടെനിന്നും മടങ്ങി. എന്നിട്ടും ഹോ വാൻ താങ്ങും ലാങ്ങും കാട്ടിൽ തന്നെ കഴിഞ്ഞു. യുദ്ധം ഇപ്പോഴും തുടരുന്നുണ്ടെന്നായിരുന്നു താങ്ങിന്റെ വിശ്വാസം. 2013ൽ വനമേഖലയിലെത്തിയ വിനോദസഞ്ചാരികളാണ് ഇവരെ വീണ്ടും കണ്ടെത്തിയത്. അവരെ നാട്ടിലെത്തിച്ചു.  അവിടെയെത്തിയ ശേഷം നാട്ടിലെ ഭക്ഷണവും ഫാസ്റ്റ് ഫുഡുമൊക്കെയായിരുന്നു ലാങ്ങിനു പ്രിയം. മദ്യവും സിഗരറ്റും അവൻ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് ലാങ്ങിനു  കാൻസർ പിടിപെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

English Summary:

Real-Life Tarzan Found: Man Spends 40 Years Hidden in Jungle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com