കൊളംബിയയിൽ കണ്ടെത്തി പക്ഷിഭീകരനെ! 8 അടി വരെ നീളം, 156 കിലോ ഭാരം
Mail This Article
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയ കൊക്കുള്ള, മാംസാഹാരികളായ പക്ഷികൾ അമേരിക്കൻ വൻകരകളിൽ റോന്തു ചുറ്റിയിരുന്നു. ടെറർ ബേർഡ്സ് അഥവാ ഭീകര പക്ഷികൾ എന്നാണ് ഇവ അറിയപ്പെട്ടത് തന്നെ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ടെറർ ബേർഡുകളിലൊന്നിനെ തെക്കേ അമേരിക്കയിൽ നിന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
കൊളംബിയയിലെ ലാ വെന്റയിലുള്ള ഒരു ഫോസിൽ നിലത്തിൽ നിന്ന് ഈ പക്ഷിയുടെ കാലിലെ എല്ല് കണ്ടെത്തിയത് പഠിച്ചാണു ഗവേഷകർ പുതിയ നിഗമനങ്ങളിലെത്തിയത്. ഏകദേശം 1.2 കോടി വർഷം മുൻപാണത്രേ ഈ ജീവികൾ ഭൂമിയിൽ ജീവിച്ചിരുന്നത്. ഇതിന് 8 അടി വരെ നീളമുണ്ട്. 156 കിലോ വരെ ഭാരവും ഉണ്ടെന്നാണ് ഗവേഷകരുടെ അനുമാനം. ലാ വെന്റ ജയന്റ് എന്നാണ് തൽക്കാലം ഈ പക്ഷിയെ വിശേഷിപ്പിക്കുന്നത്. വംശനാശം വന്ന ടെറർ ബേർഡുകളുടെ ഫോസിലുകൾ പലതും കിട്ടിയത് അർജന്റീനയിലെ സൈറ്റുകളിൽ നിന്നാണ്. 5 കിലോ മുതൽ 100 കിലോ വരെ ഭാരമുള്ളവ അക്കൂട്ടത്തിലുണ്ട്.
പ്രാചീന കാല പക്ഷികളെക്കുറിച്ചുള്ള പഠനം കൗതുകം നിറഞ്ഞതും അദ്ഭുതമേകുന്നതുമാണ്. ലോകത്തിലെ ആദ്യ പക്ഷിയായി കരുതപ്പെട്ടത് ആർക്കയോപ്ടെറിക്സുകളെയാണ്. ദിനോസറുകളും ഇന്നത്തെക്കാലത്തെ പക്ഷികളും തമ്മിലുള്ള കണ്ണിയായാണ് ആർക്കയോപ്‌ടെറിക്‌സ് അറിയപ്പെട്ടിരുന്നത്. പക്ഷികളുടെയും ഉരഗങ്ങളുടെയും സവിശേഷതകൾ ഇതിൽ ഒത്തുചേർന്നിരുന്നു. ദിനോസറുകളിൽ നിന്നാണ് പക്ഷികൾ പരിണമിച്ചതെന്ന വാദത്തിന് ശക്തി പകരുന്ന കണ്ടെത്തലായിരുന്നു ആർക്കയോപ്‌ടെറിക്‌സ് ഫോസിലുകൾ.
പറവേസ് എന്ന ദിനോസർ ഗ്രൂപ്പിൽ നിന്നാണത്രേ ആദ്യ പക്ഷികൾ വന്നത്. 1860ൽ ജർമനിയിൽ കണ്ടെത്തപ്പെട്ട ഈ പക്ഷികൾ ഊർവോജെൽ എന്നാണ് അറിയപ്പെട്ടിരുന്നത്. യഥാർഥ പക്ഷി, ആദ്യ പക്ഷി എന്നൊക്കെയാണ് ആ വാക്കിന്റെ അർഥം. എന്നാൽ ഇന്നത്തെ കാലത്തെ ശാസ്ത്രജ്ഞർ ഈ വിശേഷണത്തോട് യോജിക്കുന്നില്ല. ആർക്കയോപ്‌ടെറിക്‌സിനു മുൻപും പക്ഷികൾ ഉണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
2008ൽ ശാസ്ത്രജ്ഞർ കുയെന്നോസോർ എന്നയിനം ദിനോസറുകളെ കണ്ടെത്തി. ഇവയാണ് ലോകത്തെ ആദ്യ പക്ഷികളെന്നായിരുന്നു അവരുടെ അഭിപ്രായം. ഏതായാലും ആദ്യപക്ഷി ഏതെന്ന കാര്യത്തിൽ ഇന്നും തീരുമാനമായിട്ടില്ല.