ADVERTISEMENT

കൂട്ടിനാരുമില്ലാതെ തനിച്ചായി പോവുക. മനുഷ്യന് മാത്രമല്ല ഏതൊരു ജീവിക്കും ബുദ്ധിമുട്ടുള്ള സാഹചര്യം അതായിരിക്കും. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവർ എങ്ങനെയൊക്കെ പെരുമാറും എന്നത് പ്രവചനാതീതമാണ്. കടുത്ത നിരാശയിലേക്ക് വീണു പോകുന്നതു മുതൽ ആത്മഹത്യയിലേക്ക് വരെ എത്താം. എന്നാൽ ബാൾട്ടിക് സമുദ്രത്തിൽ തനിച്ചു കാണപ്പെട്ട ഒരു ഡോൾഫിൻ തന്റെ മാനസിക സംഘർഷത്തെ തോൽപ്പിക്കാൻ നോക്കുന്നത് മറ്റൊരു മാർഗത്തിലൂടെയാണ്. കേൾക്കാൻ ആരുമില്ലെങ്കിലും തനിച്ച് സംസാരിക്കുകയാണ് ഈ ഡോൾഫിൻ.

പൊതുവേ കൂട്ടമായി സഞ്ചരിച്ച് സാമൂഹികമായി ഇടപെട്ട് ജീവിക്കുന്നവയാണ് ബോട്ടിൽനോസ് ഇനത്തിൽപ്പെട്ട ഡോൾഫിനുകൾ. എന്നാൽ 2019 ൽ ഈ ഇനത്തിൽപ്പെട്ട ഒന്ന് ഡെന്മാർക്കിലെ സ്വെൻബോൾഗ്സണ്ട് ചാനലിന് സമീപത്ത് ചുറ്റിത്തിരിയുന്നത് പ്രദേശവാസികൾ കണ്ടെത്തി. സാധാരണ ബോട്ടിൽ നോസ് ഡോൾഫിനുകൾ തീരെ കടന്നെത്താത്ത സ്ഥലമായിരുന്നു ഇത്. ഡോൾഫിനെ ഇവിടെ കാണുന്നത് പതിവായതോടെ നാട്ടുകാർ അതിന് ഡെല്ലെ എന്ന് പേരുമിട്ടു. 

bottlenose dolphin  (Photo:X/@_gruffj_)
bottlenose dolphin (Photo:X/@_gruffj_)

അത്ര പരിചിതമല്ലാത്ത ജീവിയുടെ സാന്നിധ്യം ആ പ്രദേശത്തുള്ള മറ്റു ചില സമുദ്ര ജീവികളെ എത്തരത്തിൽ ബാധിക്കുന്നു എന്നറിയാൻ ഗവേഷകർ വെള്ളത്തിനടിയിൽ ചില ഉപകരണങ്ങൾ സ്ഥാപിച്ചു. എന്നാൽ ഡെല്ലെ തുടരെത്തുടരെ പലവിധ ശബ്ദങ്ങൾ ഉണ്ടാക്കുന്നതായാണ് ഇതിലൂടെ കണ്ടെത്തിയത്. ഡോൾഫിന്റെ അസാധാരണമായ ഈ രീതിയില്‍ കൗതുകം തോന്നിയ ഗവേഷകർ അതിന്റെ ശബ്ദം റെക്കോർഡ് ചെയ്യാനായി  ഉപകരണങ്ങൾ സ്ഥാപിച്ചു. വ്യത്യസ്ത തരത്തിലുള്ള ആയിരക്കണക്കിന് ശബ്ദങ്ങൾ ഡോൾഫിൻ ഉണ്ടാക്കുന്നതായി റെക്കോർഡ് ചെയ്ത ശബ്ദങ്ങളിലൂടെ തിരിച്ചറിയുകയായിരുന്നു.

2022 ഡിസംബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിനിടയിൽ 10,833 ശബ്ദങ്ങളാണ് ഡെല്ലെ പുറപ്പെടുവിച്ചത്. ഇവയിൽ ഏറെയും ഡോൾഫിനുകളുടെ പതിവ് ആശയ വിനിമയവുമായി ചേർന്നുനിൽക്കുന്ന തരത്തിലുള്ളതായിരുന്നു. 2,291 വിസിലിങ് ശബ്ദങ്ങൾ, ആക്രമണോത്സുകത കാണിക്കുന്ന 2,288 ശബ്ദങ്ങൾ, 5,487 ലോ-ഫ്രീക്വൻസി ടോണൽ ശബ്ദങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഡെല്ലെയെ നിരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട പഠന വിവരങ്ങൾ ബയോഅകൂസ്റ്റിക്സ് എന്ന ജേർണലിലൂടെ ഗവേഷകർ പുറത്തുവിട്ടത്.

വേട്ടയാടുന്നതിനും പരിസരം മനസ്സിലാക്കുന്നതിനും എല്ലാം ഡോൾഫിനുകൾ ശബ്ദത്തെയാണ് ആശ്രയിക്കുന്നത്. ഏറെ അകലത്തിലുള്ള മറ്റ് ഡോൾഫിനുകളോട് സംവദിക്കുന്നതിനു വേണ്ടിയും ഇവ ശബ്ദം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള ഒരു സാഹചര്യവും ഇല്ലാതിരുന്നിട്ടും ഡെല്ലെ ഇത്രയധികം ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എന്തിനാണെന്നതായിരുന്നു ഗവേഷകരെ ചിന്തിപ്പിച്ചത്. സമീപപ്രദേശത്തു കൂടി മറ്റേതെങ്കിലും ഡോൾഫിനുകൾ പോകുന്നുണ്ടെങ്കിൽ അവയെ ആകർഷിക്കാൻ ഡെല്ലെ നടത്തുന്ന ശ്രമമായിരിക്കാം ഇതെന്ന് അനുമാനിച്ചിരുന്നു. എന്നാൽ കൂട്ടത്തിൽപ്പെട്ട ജീവികളിൽ നിന്നും ഏറെക്കാലമായി അകന്നു കഴിയുന്ന ഡോൾഫിൻ തന്റെ നിലവിലെ മാനസികാവസ്ഥയെ മറികടക്കാൻ സ്വയം സംസാരിക്കുന്നതാണോ എന്നും ഗവേഷകർ പരിശോധിച്ചു.

ബോട്ടിൽനോസ് ഡോൾഫിൻ (Photo: X/@billcoulson3)
ബോട്ടിൽനോസ് ഡോൾഫിൻ (Photo: X/@billcoulson3)

ഓരോ ഡോൾഫിനുകൾക്കും പ്രത്യേകമായ വിസിലിംഗ് രീതി ഉണ്ടെന്നതാണ് ബോട്ടിൽനോസ് ഡോൾഫിനുകളുടെ പ്രത്യേകത. മനുഷ്യർക്ക് പേരുകൾ ഉള്ളതുപോലെയാണ് അവയുടെ ഈ സിഗ്നേച്ചർ വിസിലുകൾ.  ഡെല്ലെയാവട്ടെ ഇത്തരത്തിൽ ഒന്നിലധികം ഡോൾഫിനുകളുടെ വിസിലിങ് ശബ്ദമാണ് പുറപ്പെടുവിച്ചത്. ഇതോടെ തനിച്ചായിപ്പോയ ഡോൾഫിൻ കൂട്ടത്തിൽ ആളുണ്ടെന്ന് സ്വയം തോന്നിപ്പിക്കാൻ തനിച്ച് ആശയവിനിമയം നടത്തുകയാണെന്ന  നിഗമനത്തിൽ ഗവേഷകർ എത്തുകയും ചെയ്തു. എന്തായാലും ഡെല്ലെയുടെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്തതിലൂടെ ഡോൾഫിനുകൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ആശയവിനിമയം നടത്തുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

English Summary:

Lonely Dolphin's Self-Talk: Is This How Delle Copes in the Baltic Sea?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com