അഗ്നിപർവത ഗർത്തത്തിൽ നിന്ന് ജലാശയത്തിലേക്ക് ഒഴുകുന്ന ലാവ! ഐസ്‌ലൻഡ് ചിത്രം പകർത്തി നാസ
Mail This Article
ഐസ്‌ലൻഡിൽ ഈയടുത്ത് നടന്ന അഗ്നിപർവത വിസ്ഫോടനത്തിൽ നിന്നുള്ള ലാവയൊഴുക്ക് ഉപഗ്രഹചിത്രങ്ങളിൽ പിടിച്ചെടുത്ത് നാസ. നാസയുടെ ലാൻഡ്സാറ്റ് 9 ഉപഗ്രഹത്തിലെ ഇമേജറാണ് ദൃശ്യം പകർത്തിയത്. റോഡുകളിലൂടെ ഒഴുകിയ ശേഷം ലാവ ബ്ലൂ ലഗൂൺ എന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ജലാശയത്തിലേക്ക് ഇറങ്ങുന്നതും കാണാം. ഐസ്‌ലൻഡിലെ റെയ്ക്ജാനിസ് മേഖലയിലുള്ള സുൻധുൻകുർ അഗ്നിപർവത ഗർത്തത്തിൽ നിന്നാണ് ലാവ ഒഴുകുന്നത്. ഈ വർഷം ഇത് ഏഴാമത്തെ അഗ്നിപർവത പ്രവാഹമാണ്.
ഐസ്‌ലൻഡിൽ ഭൂചലനങ്ങളും ഇടയ്ക്കിടെയുള്ള അഗ്നിപർവതവിസ്ഫോടനങ്ങളും തുടർക്കഥയാണ്. ഈ വർഷം പൊട്ടിത്തെറിച്ച മൗണ്ട് ഫാഗ്രഡസ്ജാൽ എന്ന അഗ്നിപർവതം ലാവാപ്രവാഹം പുറപ്പെടുവിച്ചു. ഇതെത്തുടർന്ന് ഗ്രിൻഡാവിക് എന്ന നഗരം മുഴുവൻ ഒഴിപ്പിച്ചു.
വടക്കൻ അറ്റ്‌ലാൻ്‌റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ ദ്വീപ രാജ്യമാണ് ഐസ്‌ലൻഡ്. വെറും നാലുലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലൻഡ് യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യമാണ്. ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗവും തലസ്ഥാനമായ റെയ്ക്ജാവിക്കിലും പരിസരപ്രദേശങ്ങളിലുമാണ് ജീവിക്കുന്നത്.
ആളുകൾ തിങ്ങിപ്പാർക്കുന്ന റെയ്ക്ജാനീസ് മേഖലയിൽ മൗണ്ട് ഫാഗ്രഡസ്ജാലിനൊപ്പം മൗണ്ട് കേയ്‌ലിർ എന്ന അഗ്നിപർവതവും ഭീഷണിയുയർത്തുന്നതാണ്. ഐസ്‌ലൻഡിന്റെ തലസ്ഥാന നഗരമായ റെയ്ക്ജവീക്കിനു തൊട്ടടുത്തുള്ള മേഖലയാണ് റെയ്ക്ജാനീസ്.
2010ൽ ഐസ്‌ലൻഡിൽ മറ്റൊരു മേഖലയിൽ സംഭവിച്ച അഗ്നിപർവത വിസ്‌ഫോടനത്തിൽ വലിയ പൊട്ടിത്തെറി നടക്കുകയും തീയും പുകയും ആകാശത്തേക്കുയരുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് ലോകവ്യാപകമായി നൂറുകണക്കിന് വിമാനങ്ങൾ നിർത്തിവച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു.യൂറോപ്പിൽ നടന്ന ഒരു ചാംപ്യൻഷിപ് മത്സരത്തിൽ പങ്കെടുക്കാൻ ലിവർപൂൾ ഫുട്‌ബോൾ ടീം ഇതു മൂലം തടസ്സം നേരിട്ടതൊക്കെ അന്നു വാർത്തയായിരുന്നു.
ഭൗമപ്ലേറ്റുകളുടെ അതിർത്തിയായ മിഡ് അറ്റ്‌ലാന്‌റിക് റിഡ്ജിൽ സ്ഥിതി ചെയ്യുന്നതിനാൽ ഐസ്‌ലൻഡിൽ ഭൂചലനസാധ്യത എപ്പോഴുമുണ്ട്. രാജ്യത്തിന്റെ ഉപരിതലത്തിനു താഴെ ഭൂഗർഭ പർവതങ്ങളുമുണ്ട്. ഇവ വടക്കനമേരിക്കൻ, യൂറേഷ്യൻ പ്ലേറ്റുകളെ എപ്പോഴും തമ്മിൽ അകറ്റാനായി സമ്മർദ്ദം ചെലുത്തിക്കൊണ്ടുമിരിക്കുകയാണ്.ഇതിനാലാണ് ഭൂചലന സാധ്യത എപ്പോഴും ഐസ്‌ലൻഡിൽ ശക്തമായി നിലനിൽക്കുന്നത്.
ഭൂചലന പ്രവണത കൂടുതലുള്ളതിനാൽ, ഇതു സംബന്ധിച്ച വകുപ്പുകളും നെറ്റ്‌വർക്കുകളും രക്ഷാസേനകളുമൊക്കെ വളരെ ഊർജിതമാണ് ഐസ്‌ലൻഡിൽ.