ഒരു ഡസൻ നിറങ്ങളിൽ തടാകങ്ങൾ; ഉയരുന്ന ചീമുട്ടയുടെ ദുർഗന്ധം
Mail This Article
ലോകമെങ്ങും പ്രശസ്തിയുള്ള ഒരു പേരാണു ക്രൈമിയ. ഒരിക്കൽ യുക്രെയ്ന്റെ ഭാഗമായിരുന്ന ഈ ഉപദ്വീപ് റഷ്യ യുദ്ധത്തിലൂടെ പിടിച്ചെടുത്തു. ക്രൈമിയയിലെ വളരെ കൗതുകകരമായ ഒരു പരിസ്ഥിതി വിശേഷമാണ് സിവാഷ്. പല നിറങ്ങളിൽ ഒരു ഡസനോളം തടാകങ്ങൾ സ്ഥിതി ചെയ്യുന്നതാണ് ഈ മേഖലയുടെ പ്രത്യേകത. റാസ്പ്‌ബെറി, പീച്ച്, ലൈം ഗ്രീൻ, ബെയ്ജ്, ബ്ലൂ തുടങ്ങിയ നിറങ്ങളിലുള്ള തടാകങ്ങൾ ഈ കൂട്ടത്തിലുണ്ട്.
പലകാരണങ്ങളാലാണ് ഈ തടാകങ്ങൾക്കു വിവിധ നിറങ്ങൾ വന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു ഘടകം തടാകങ്ങളിലുള്ള സൂക്ഷ്മജീവികളുടെ സമൂഹമാണ്. ഏകദേശം പതിനായിരം ചതുരശ്ര കിലോമീറ്റർ വ്യാസമുള്ളതാണു സിവാഷ് മേഖല. ഈ തടാകങ്ങളിലുള്ള ആൽഗകളും നിറം നൽകുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. വേനൽക്കാലത്ത് ആൽഗകൾ വ്യാപിക്കുന്ന സമയത്ത് ശക്തമായ ദുർഗന്ധം ഈ മേഖലയിൽ ഉടലെടുക്കാറുണ്ട്. ചീമുട്ടയുടേതു പോലുള്ള ഗന്ധമാണ് ഇത്. ഈ ഗന്ധം കാരണമാണ് സിവാഷ് എന്ന പേരും ഈ മേഖലയ്ക്കു ലഭിച്ചത്. ദുർഗന്ധമുള്ള കടൽ എന്നാണ് ഈ വാക്കിന്റെ അർഥം.
കരിങ്കടലിന്‌റെയും ആസോവ് കടലിന്റെയും ഇടയ്ക്കായാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്. രണ്ടു മുതൽ 4 അടി വരെയാണ് മിക്ക തടാകങ്ങളുടെയും ആഴം. എന്നാൽ ചില ആഴമേറിയ തടാകങ്ങൾക്ക് 10 അടി വരെ ആഴവുമുണ്ട്. അമിതമായ ധാതു, ഉപ്പ് നിക്ഷേപങ്ങൾ ഈ തടാകങ്ങളിലുണ്ട്. അതിനാൽതന്നെ വലിയൊരു രാസനിർമാണ പ്ലാന്റ് ഈ മേഖലയിലുണ്ട്.
ഈ മേഖല ഒരു പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശം കൂടിയാണ്. അനേകം തരം സസ്യങ്ങളും ജീവികളുമൊക്കെ ഇവിടെയുണ്ട്. സീസണുകളിൽ 10 ലക്ഷത്തോളം ജലപ്പക്ഷികൾ ഇങ്ങോട്ടേക്കു ദേശാടനം നടത്താൻ എത്താറുമുണ്ട്.