ADVERTISEMENT

ദക്ഷിണാഫ്രിക്കയിലെ വിദൂരമേഖലയായ കാരൂ അനധികൃത സസ്യവ്യാപാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സംരക്ഷിത സസ്യങ്ങളായ സക്കുലന്റുകളാണ് ഇവിടെ നിന്ന് അനധികൃതമായി കടത്തപ്പെടുന്നത്. ഭൂമിയിൽ അപൂർവമായ, വ്യത്യസ്തമായ രൂപമുള്ള ഈ സസ്യങ്ങളുടെ ആവശ്യക്കാർ ഏറെയും വിദേശത്തു നിന്നാണ്.

ലോകത്തുള്ള സക്കുലന്റ് സ്പീഷിസുകളിലെ സസ്യങ്ങൾ അധികവും കാണപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലും നമീബിയയിലുമായി പരന്നുകിടക്കുന്ന കാരൂ മരുഭൂമിയിലാണ്. ഇവയ്ക്കു പലതരം രൂപഭാവങ്ങളാണ്. ചിലത് ചെറിയ ബട്ടണുകൾ പോലെയിരിക്കും, ചിലത് കള്ളിമുൾച്ചെടി പോലെയും. വർഷത്തിൽ ചില പ്രത്യേക സീസണുകളിൽ ഇവ വളരെ മനോഹരമായ പുഷ്പങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യും.

ലോകത്തെമ്പാടും നഴ്‌സറികളിൽ ഇവ ചെറിയ തോതിൽ വളർത്തപ്പെടുന്നുണ്ട്. എന്നാൽ അലങ്കാര സസ്യ വിപണിയിൽ ഇവയ്ക്കുള്ള ഡിമാൻഡ് വളരെയേറെയാണ്. അതിനാൽ തന്നെ കാരൂ മേഖലയിൽനിന്ന് വ്യാപകമായ തോതിൽ ഇവ പറിച്ചെടുത്തു വിദേശത്തേക്ക് അനധികൃതമായി കടത്തപ്പെടുന്നുണ്ട്. യുഎസ്, യൂറോപ്പ്, കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്കാണ് ഈ ചെടികളിൽ അധികവും പോകുന്നത്.

ദക്ഷിണാഫ്രിക്കയിലെ നാമാഖലാൻഡ് മേഖലയിലെ കാമിസ്‌ക്രൂൺ ഇത്തരം കച്ചവടത്തിന്‌റെ വലിയൊരു ഹബ്ബാണ്. ഇവിടെയുള്ള ചില കുന്നുകളിൽ ഇത്തരം ചെടികൾ വ്യാപകമായുണ്ട്. സക്കുലന്‌റുകളിൽ പല സ്പീഷിസുകളും ചില പ്രത്യേക ആവാസമേഖലകളിൽ മാത്രം കാണപ്പെടുന്നതാണ്. അതിനാൽ തന്നെ അനധികൃതവും വ്യാപകവുമായ പറിച്ചെടുക്കൽ ചില സ്പീഷിസുകളുടെ വംശനാശത്തിലേക്കും നയിക്കുന്നുണ്ട്. ഏകദേശം 16 ലക്ഷത്തോളം ചെടികൾ ദക്ഷിണാഫ്രിക്കൻ അധികൃതർ ഇടയ്ക്കു പിടിച്ചെടുത്തിരുന്നു. ഈ അനധികൃത സസ്യവേട്ടയ്‌ക്കെതിരെ ലോകവ്യാപകമായ പ്രതിഷേധമുണ്ട്. ദക്ഷിണാഫ്രിക്കൻ സർക്കാർ ഇതിനെതിരെ വലിയ തോതിൽ ബോധവത്കരണവും നടത്തുന്നുണ്ട്.

English Summary:

Karoo Succulents Under Siege: The Illegal Plant Trade Threatening Extinction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com