ആകാശം കത്തിയതുപോലെ ഒരു നേർവര; നോർവെയിലെ പ്രകാശം ഇന്നും ദുരൂഹം!
Mail This Article
ഉത്തരധ്രുവ മേഖലകളിൽ വിചിത്രമായ പല സംഭവങ്ങളുമുണ്ടാകാറുണ്ട്. ധ്രുവദീപ്തിയൊക്കെ ഇതിനു മികച്ച ഉദാഹരണം. വടക്കൻ യൂറോപ്പിൽ ഉത്തരധ്രുവ മേഖലയോട് സാമീപ്യമുള്ള രാജ്യമാണ് നോർവേ. വലിയ പരിസ്ഥിതി വൈവിധ്യവും സമുദ്രപര്യവേക്ഷണ ചരിത്രവുമുള്ള രാജ്യവുമാണു നോർവേ. മാരിടൈം കാലാവസ്ഥയും തണുത്ത വേനൽക്കാലങ്ങളും സുന്ദരമായ മഞ്ഞുമലകളുമൊക്കെയുള്ള മനോഹരമായ രാജ്യം. നോർവേയിലെ ട്രോൻഡെലാം കൗണ്ടിയിൽ ഉൾപ്പെടുന്ന ഗ്രാമമായ ഹെസ്ഡാലനിൽ ഒരു വിചിത്രപ്രകാശം ഉടലെടുക്കാറുണ്ട്. ഇതിന്നും ഒരു ദുരൂഹതയായി നിലനിൽക്കുന്നു.
1930 മുതൽ ഈ പ്രകാശം കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്. 1981 ഡിസംബർ മുതൽ 1984 വരെയുള്ള കാലയളവിൽ ഇവ കാണപ്പെട്ടതിന്റെ തോത് കൂടി. ആഴ്ചയിൽ 15 മുതൽ 20 തവണ വരെ ഈ പ്രകാശം അന്നു വെട്ടപ്പെട്ടു. ഒട്ടേറെ ആളുകൾ ഇതു കാണാനമായി ഹെസ്ഡാലനിലേക്ക് ഒഴുകി. 2010 മുതൽ ഇതിന്റെ തോത് കുറഞ്ഞുവന്നു. ഇപ്പോൾ വർഷത്തിൽ 10 മുതൽ 20 തവണ വരെയൊക്കെയാണ് ഈ പ്രകാശം സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
12 കിലോമീറ്ററോളം നീളത്തിൽ ആകാശത്തു പ്രകാശം പ്രത്യക്ഷപ്പെടും. എന്താണ് ഇതിനു വഴിവയ്ക്കുന്നതെന്ന കാര്യം ഇന്നും അജ്ഞാതമാണ്.രാത്രിയും പകലും ഈ പ്രകാശം കണ്ടവരുണ്ട്. തെളിമയാർന്ന വെള്ളനിറത്തിലോ ചുവപ്പ്, മഞ്ഞ നിറങ്ങളിലോ ഇതു കാണപ്പെടാം. താഴ്‌വരയുടെ ചക്രവാളത്തിനു മുകളിലും താഴെയുമായി ഇതു പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോൾ സെക്കൻഡുകൾ മാത്രമാണ് ഇതു നീണ്ടുനിൽക്കുന്നത്. ചിലപ്പോൾ മണിക്കൂറുകളോളം ഇതു കാണാം. ചിലപ്പോൾ വളരെ കൂടിയ വേഗത്തിൽ നീങ്ങുന്ന ഈ പ്രകാശം ചിലപ്പോൾ പതിയായിരിക്കും സഞ്ചരിക്കുക. ഇനി ചിലപ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതു പോലുള്ള പ്രതീതിയും ഇതു സൃഷ്ടിക്കാറുണ്ട്.
പല കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് പറയപ്പെടാറുണ്ട്. മിറാഷ് പോലെയൊരു പ്രതിഭാസമാണെന്നു വാദിക്കുന്നവരുണ്ട്. വിമാനങ്ങളുടെയും മറ്റും പ്രകാശം അന്തരീക്ഷത്തിൽ പ്രതിഫലനം നടക്കുന്നതാണെന്നു കണക്കാക്കിയവരുണ്ട്. പ്രദേശത്തെ പാറകളിലും മറ്റുമുള്ള ചില ധാതുക്കളിലുണ്ടാകുന്ന പ്രവർത്തനങ്ങളാണ് ഇതിനു പിന്നിലെന്നും സിദ്ധാന്തവത്കരിച്ചവരുണ്ട്. എന്നാൽ ഇന്നും ഇതിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ല. അന്യഗ്രഹ വാഹനങ്ങളാണ് ഇതിനു പിന്നിലെന്ന് കുറേപ്പേർ വാദമുയർത്തുന്നു. ഇവിടം ഭൂമിയിലെത്തുന്ന യുഎഫ്ഒകളുടെ പ്രധാന ഹബ്ബാണെന്നും ഇക്കൂട്ടർ പറയുന്നു.