ADVERTISEMENT

പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ കേരളത്തിലെ കോൺഗ്രസുകാർ ആവേശത്തിലാണ്. രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തി വയനാട് ഒഴിയുന്നതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയാകുന്നതോടെ വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ്. ഇതേസമയം, വയനാട്ടുകാരെ രാഹുൽ വഞ്ചിച്ചെന്ന വിമർശനം സിപിഐയും ബിജെപിയും ഉന്നയിച്ചു കഴിഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിൽ നിന്നുള്ളതെന്ന അവകാശവാദവുമായി പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം ഉൾപ്പെടുന്ന ഒരു പോസ്റ്ററിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

∙ അന്വേഷണം

സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല, മുഹമ്മദ് നബി...."വയനാട്ടിൽ വ്യാപകമായി ഇത് ഇന്ന് രാവിലെ മുതൽ കാണപ്പെടുന്നു ഞമ്മന്റെ ആളല്ലെങ്കിൽ പോലും ഞമ്മൾ ക്ഷമിക്കും പക്ഷെ ഒരു പെണ്ണ് ഞമ്മളെ ഭരിക്കുന്നത് ഞമ്മന്റെ മതത്തിനു ചേർന്നതല്ല " എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ലസിത പാലയ്ക്കൽ പങ്ക്‌വച്ച പോസ്റ്റ് കാണാം

ബിജെപി അനുഭാവമുള്ള നിരവധി ഗ്രൂപ്പുകളിലും പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് കാണാം

വൈറൽ പോസ്റ്റിനൊപ്പമുള്ള ചില കമന്റുകളിൽ നിന്ന് കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ നിന്നുള്ളതാണ് പോസ്റ്റർ എന്ന സൂചനകൾ ലഭിച്ചു.

പിന്നീട് റിവേഴ്സ് ഇമേജ്സ് സെർച്ചിന്റെ സഹായത്തോടെ  വൈറൽ ചിത്രം പരിശോധിച്ചപ്പോൾ HKupdate എന്ന എക്‌സ് അക്കൗണ്ടിൽ 2020 ഒക്ടോബർ 30ന്  ഇതേ ചിത്രം പങ്ക് വച്ചിട്ടുള്ളതായി കണ്ടെത്തി.  പോസ്റ്റ് കാണാം.

Quranic verses are now adorning the streets of KeralaAny society that is being ruled by a woman,is bound to fail@ssfsyskerala...poster from Chakkarakkal in Kannur, the so called Communist fort!! #IslamisationOfKerala is no more a myth

(പരിഭാഷ )ഖുറാൻ സൂക്തങ്ങൾ ഇപ്പോൾ കേരളത്തിന്റെ തെരുവുകളെ അലങ്കരിക്കുന്നു. ഒരു സ്ത്രീ ഭരിക്കുന്ന ഏതൊരു സമൂഹവും പരാജയപ്പെടും @ssfsyskerala...കമ്മ്യൂണിസ്റ്റ് കോട്ട എന്ന് വിളിക്കപ്പെടുന്ന കണ്ണൂരിലെ ചക്കരക്കലിൽ നിന്നുള്ള പോസ്റ്റർ!! എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം നൽകിയിരിക്കുന്നത്.

ഇതിൽ നിന്ന് വൈറൽ ചിത്രം പുതിയതല്ലെന്നും 2020 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുള്ളതാണെന്നും വ്യക്തമായി. 

കൂടാതെ കേരള മുസ്‌ലിം ജമാഅത്ത്, SYS,SSF അൽ മദീന സുന്നി മദ്രസ, ചക്കരക്കൽ എന്ന് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മദ്രസകളുടെ പട്ടികയിലാണ് ചക്കരക്കല്ലിലുള്ള അൽ മദീന സുന്നി മദ്രസ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഞങ്ങളുടെ പ്രാദേശിക അന്വേഷണത്തിൽ വ്യക്തമായി. ഈ സൂചനയിൽ നിന്ന്  പോസ്റ്റർ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ സ്ഥലത്ത് പതിച്ചതാണെന്ന് വ്യക്തമായി. 

പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി വൈറൽ പോസ്റ്ററിന്  യാതൊരു ബന്ധവുമില്ല.നബി വചനം ഉൾപ്പെടുത്തി മുസ്‌ലിം സംഘടനയുടെ പേരിൽ വയനാട്ടിൽ പോസ്റ്റർ പതിച്ചുവെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി വൈറൽ പോസ്റ്ററിന്  യാതൊരു ബന്ധവുമില്ല.നബി വചനം ഉൾപ്പെടുത്തി മുസ്‌ലിം സംഘടനയുടെ പേരിൽ വയനാട്ടിൽ പോസ്റ്റർ പതിച്ചുവെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: The viral poster has no connection with Priyanka Gandhi's announcement of candidacy in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com