റുവണ്ട ബില്ലിൽ പ്രതിസന്ധി: യുകെയിലെ ‘അനധികൃത‘ കുടിയേറ്റക്കാർ അയർലൻഡിലേക്ക്; മടക്കി അയയ്ക്കാന്‍ നീക്കം
Mail This Article
ഡബ്ലിൻ/ലണ്ടൻ ∙ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുകെ പാർലമെന്റിൽ കഴിഞ്ഞയാഴ്ച പാസാക്കിയ ‘റുവാണ്ട സേഫ്റ്റി ബിൽ’ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലൻഡിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നു. ബിൽ പാസായതോടെ യുകെയിലെ അനധികൃത കുടിയേറ്റക്കാര്‍ യുകെയുടെ അംഗ രാജ്യമായ വടക്കന്‍ അയര്‍ലൻഡിന്റെ അതിർത്തി കടന്ന് അയര്‍ലൻഡിലേക്ക് എത്തുന്നതായി ഐറിഷ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യുകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയർലൻഡ്, യുകെ ബന്ധത്തെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഏതൊരു രാജ്യത്ത് നിന്നും 2022 ജനുവരി 1ന് ശേഷം യുകെയിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന അഭയാര്‍ഥികളെ പ്രത്യേക ധാരണ പ്രകാരം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയയ്ക്കുന്ന പദ്ധതിയാണ് യുകെ പാർലമെന്റിൽ പാസായ ‘റുവാണ്ട’ പദ്ധതി. അനധികൃതമായി യുകെയിൽ എത്തിയവരുടെ അഭയാര്‍ഥിത്വ അപേക്ഷകളും റുവാണ്ടയിൽ തന്നെയാണ് കൈകാര്യം ചെയ്യപ്പെടുക. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ റുവാണ്ടയിൽ അവര്‍ക്ക് നിയമപരമായി അഭയം നല്‍കി പുരധിവസിപ്പിക്കുകയും ചെയ്യും. യുകെയും റുവാണ്ടയും തമ്മിലുള്ള പ്രത്യേക ധാരണപ്രകാരമാണിത്. പകരമായി യുകെ സാമ്പത്തിക സഹായമടക്കമുള്ളവ റുവാണ്ടയ്ക്ക് നല്‍കും. അഥവാ അപേക്ഷ നിരസിക്കപ്പെട്ടാല്‍ മറ്റ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ റുവാണ്ടയിൽ തന്നെ താമസിക്കാൻ അപേക്ഷ നൽകുകയോ മറ്റേതെങ്കിലും സുരക്ഷിതമായ രാജ്യത്ത് (യുകെ ഒഴികെ) അഭയത്തിനായി അപേക്ഷിക്കുകയോ ചെയ്യാം.
ഇംഗ്ലിഷ് ചാനല്‍ വഴി ചെറു ബോട്ടുകളിലും മറ്റുമായി യുകെയിലേയ്ക്ക് അനധികൃതമായി നടക്കുന്ന കുടിയേറ്റം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം. എന്നാൽ ഇപ്പോൾ യുകെയില അനധികൃത കുടിയേറ്റക്കാർ വടക്കന്‍ അയര്‍ലൻഡിന്റെ അതിര്‍ത്തി കടന്ന് ഐറിഷ് റിപ്പബ്ലിക്കിലേക്ക് എത്തുകയാണ്. ഇതാണ് നിയമത്തെ അയര്‍ലൻഡ് എതിർക്കാനും ഇക്കാര്യത്തിൽ നടപടിയെടുക്കാന്‍ യുകെയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും കാരണമായിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കിടെ വടക്കന്‍ അയര്‍ലൻഡ് വഴി അയർലൻഡിൽ എത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ 80% വര്‍ധന ഉണ്ടായതായാണ് ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പറയുന്നത്.
അതേസമയം വടക്കന്‍ അയർലൻഡിൽ നിന്നും കുടിയേറ്റക്കാർ അയര്‍ലൻഡിലേക്ക് കൂടുതലായി എത്തുന്നു എന്നതിന് അർഥം റുവാണ്ട ബിൽ ലക്ഷ്യം കാണാന്‍ ആരംഭിച്ചിരിക്കുന്നു എന്നാണെന്നാണ് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം. എന്നാൽ ഇതിന് എതിരെ ഐറിഷ് പ്രധാനമന്ത്രി ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ നേരിടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ അയര്‍ലൻഡ് തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഹാരിസ്, ഇത്തരത്തില്‍ ഇവിടേക്ക് എത്തുന്ന അഭയാര്‍ഥികളെ യുകെയിലേയ്ക്ക് തന്നെ മടക്കി അയയ്ക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
യുകെയിലേയ്ക്ക് അഭയാര്‍ഥികളെ തിരികെ അയയ്ക്കാനായി നിയമം പാസാക്കിയാല്‍ അത് പുതിയൊരു നയതന്ത്രപ്രശ്‌നത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അയർലൻൻഡ് കൂടി അംഗമായ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് യൂണിയനിൽ നിന്നും പുറത്തുപോയ രാജ്യമെന്ന നിലയില്‍ യുകെ വ്യക്തമാക്കിക്കഴിഞ്ഞു. അഥവാ ഇത്തരത്തില്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കണമെങ്കില്‍, ഫ്രാന്‍സില്‍ നിന്നും യുകെയില്‍ എത്തുന്ന അഭയാര്‍ഥികളെ അവിടേക്ക് തന്നെ തിരിച്ചയയ്ക്കാമെന്ന് യൂറോപ്യൻ യൂണിയൻ സമ്മതിക്കണം എന്നുമാണ് യുകെയുടെ വാദം.