29 അല്ല 67 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്ന വീസ; ഇന്ത്യക്കാർക്ക് സൂപ്പറാണ് ഷെംഗൻ
Mail This Article
ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമനി, എസ്തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, സ്ലോവാക്യ, ഫിൻലാൻഡ്, സ്വീഡൻ, ഐസ്‍ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നീ 29 രാജ്യങ്ങൾ സന്ദർശിക്കാനാണ് ഷെംഗൻ വീസ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഷെംഗൻ വീസ ഉപയോഗിച്ച് ഇന്ത്യൻ സഞ്ചാരികൾക്ക് 29 അല്ല 67 രാജ്യങ്ങളിലേക്ക് പ്രവേശനമുണ്ട്.
ഇന്ത്യൻ യാത്രാപ്രേമികൾക്ക് സന്ദർശിക്കാൻ കഴിയുന്ന ചില ഷെംഗൻ ഇതര രാജ്യങ്ങൾ പരിചയപെടാം:
∙ മെക്സിക്കോ
ഒരു ഷെംഗൻ വീസ ഉപയോഗിച്ച് വിനോദസഞ്ചാരം, ബിസിനസ് അല്ലെങ്കിൽ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി മെക്സിക്കോയിലേക്ക് യാത്ര ചെയ്യാം. രാജ്യത്ത് പ്രവേശിക്കുമ്പോൾ തന്നെ സന്ദർശകർ അവരുടെ വീസകളും പാസ്പോർട്ടുകളും ഹാജരാക്കണം.
∙ കൊളംബിയ
ഷെംഗൻ അല്ലെങ്കിൽ യുഎസ് വീസയുള്ള സന്ദർശകർക്ക് വീസയില്ലാതെ കൊളംബിയയിൽ പ്രവേശിക്കാം.
∙ തുർക്കി
ഷെംഗൻ വീസയും ഇന്ത്യൻ പാസ്‌പോർട്ടുമുള്ളവർക്ക് ഔദ്യോഗിക തുർക്കിഷ് ഇ-വീസ വെബ്‌സൈറ്റ് വഴി ഒരു മാസത്തേക്ക് സിംഗിൾ എൻട്രി ഇ-വീസയ്ക്ക് അപേക്ഷിക്കാം.
∙ ജോർജിയ
കൊസോവോ, തായ്‌വാൻ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഒഴികെ, ഷെംഗൻ വീസയുള്ളവർക്ക് 180 ദിവസത്തിനുള്ളിൽ 90 ദിവസത്തേക്ക് ജോർജിയയിൽ വീസയില്ലാതെ പ്രവേശിക്കാം.
∙ സെർബിയ
ഷെംഗൻ വീസ ലഭിച്ച് ആറ് മാസത്തിനുള്ളിൽ സെർബിയയിൽ 90 ദിവസം വരെ പ്രവേശിക്കാനും താമസിക്കാനും സാധിക്കുന്നു.
∙ ബെലാറൂസ്
നിർദ്ദിഷ്ട ബെലാറൂഷ്യൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതിന് ഒരു ഫ്ലൈറ്റ് ടിക്കറ്റുണ്ടെങ്കിൽ വീസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നു. 30 ദിവസത്തേക്ക് മാത്രമെ ഈ വീസ രഹിത താമസം ലഭ്യമാകൂ.
∙ സൗദി അറേബ്യ
365 ദിവസത്തിനുള്ളിൽ ഉപയോഗിച്ച ഒരു ഷെംഗൻ വീസ ഹാജരാക്കിയാൽ സഞ്ചാരികൾക്ക് 90 ദിവസത്തെ താമസം അനുവദിക്കുന്ന വീസ ഓൺ അറൈവൽ ലഭിക്കും.
∙ ഈജിപ്ത്
ഷെംഗൻ വീസയുള്ള യാത്രക്കാർക്ക് ഈജിപ്തിൽ 30 ദിവസത്തേക്ക് സിംഗിൾ എൻട്രി വീസ ലഭിക്കുന്നു.
∙ അരൂബ
മൾട്ടിപ്പിൾ എൻട്രി ഷെംഗൻ വീസ ഉപയോഗിച്ച് അരൂബ സന്ദർശിക്കാനും 30 ദിവസം താമസിക്കാനും സാധിക്കുന്നു. പ്രതിവർഷം 180 ദിവസത്തിൽ കൂടരുതെന്ന നിബന്ധനയുണ്ട്.
∙ മോണ്ടിനെഗ്രോ
അരൂബയിലെ പോലെ മൾട്ടിപ്പിൾ എൻട്രി ഷെംഗൻ വീസയുള്ള യാത്രക്കാർക്ക് 30 ദിവസം വരെ മോണ്ടിനെഗ്രോയിൽ താമസിക്കാം, വാർഷിക പരിധി 180 ദിവസമാണ്.