ADVERTISEMENT

ലണ്ടൻ ∙ സ്കോട്ട്ലൻഡിന്റെ മുൻ പ്രധാനമന്ത്രി ( ഫസ്റ്റ് മിനിസ്റ്റർ) അലക്സ് സാൽമണ്ട് (69) അന്തരിച്ചു. നോർത്ത് മാസിഡോണിയയിൽ ഒരു രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചശേഷം ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

2007 മുതൽ 2014വരെ ഏഴുവർഷക്കാലം സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററായിരുന്നു ഏറെ ജനകീയനായ അലക്സ് സാൽമണ്ട്. സ്കോട്ടിഷ് ജനതയ്ക്ക് പൊതുസമ്മതനായിരുന്ന അലക്സ് സാൽമണ്ടാണ് സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആശയത്തിന് സമരരൂപം നൽകിയതും ഇതിനായുള്ള റഫറണ്ടത്തിലേക്ക് രാജ്യത്തെ നയിച്ചതും. അധികാരത്തിലിരുന്നപ്പോൾ ഒട്ടേറെ ജനകീയ പദ്ധതികളിലൂടെയും സാൽമണ്ട് സ്കോട്ടിഷ് ജനതയ്ക്ക് പ്രിയങ്കരനായി മാറി. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ 13 കേസുകൾ തുടരെത്തുടരെ എത്തിയപ്പോൾ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഒട്ടേറെ കരിനിഴൽ വീണു.

അദ്ദേഹം വളർത്തിയെടുത്ത സ്കോട്ടിഷ് നാഷനൽ പാർട്ടി തന്നെ സാൽമണ്ടിനെ പുറത്താക്കി. 2020ൽ എഡിൻബറോ കോടതി ലൈംഗിക കുറ്റാരോപണങ്ങളിൽനിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും കേസുകൾ ചാർത്തിയ കളങ്കം മാറിയില്ല. ഒടുവിൽ സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന തന്റെ സ്വപ്നം യാഥാർഥ്യമാകുന്നതു കാണാതെ അദ്ദേഹം യാത്രയായി. ഒരേസമയം വിവാദങ്ങളുടെ തോഴനും ജനകീയ സമരങ്ങളുടെ നായകനും  ജനപ്രിയ പദ്ധതികളുടെ ഉപജ്ഞാതാവുമായിരുന്ന സാൽണ്ടിന് സ്കോട്ടിഷ് ജനത കണ്ണീരോടെയാണ് വിടനൽകുന്നത്. 

ഭൗതിക ശരീരം തിരികെ ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സാമ്പത്തിക വിദഗ്ധനും ടെലിവിഷൻ അവതാരകനും ഒക്കെയായിരുന്ന അലക്സാണ്ടർ എലിയറ്റ് ആൻഡേഴ്സൺ സാൽമണ്ട് എന്ന അലക്സ് സാൽമണ്ട് സ്കോട്ടിഷ് നാഷനൽ പാർട്ടിയുടെ തലപ്പിത്തിരുന്ന കാലത്താണ് സ്വതന്ത്ര സ്കോട്ട്ലൻഡിനായുള്ള സ്കോട്ടീ, നാഷണലിസ്റ്റ് മൂവ്മെന്റ് ഏറ്റവും ശക്തി പ്രാപിച്ചത്. 1990 മുതൽ 2000 വരെയും 2004 മുതൽ 2014 വരെയും 20 വർഷക്കാലം എസ്.എൻ.പി.യെ നയിച്ചത് സാൽമണ്ടായിരുന്നു. 

English Summary:

Former Scottish first minister Alex Salmond dies at 69

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com