യുകെയിൽ 19 കാരിയുടെ ജീവനെടുത്ത് എക്‌സ്എല്‍ ബുള്ളി നായ; ഉടമകൾ പൊലീസ് കസ്റ്റഡിയില്‍

Mail This Article
ബ്രിസ്റ്റോൾ ∙ യുകെ ബ്രിസ്റ്റോളിൽ 19 കാരിയുടെ ജീവനെടുത്ത് എക്‌സ്എല്‍ ബുള്ളി നായ. നായയുടെ ഉടമകളായ 20 വയസ്സുകാരായ രണ്ട്പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോൺ ഡ്രൈവിലുള്ള ഫ്ലാറ്റിൽ ബുധനാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു ആക്രമണം. എക്‌സ്എല്‍ ബുള്ളി നായകളെ വളർത്തുന്നതും വിൽക്കുന്നതിനും കഴിഞ്ഞ വർഷം സർക്കാർ യുകെയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് വിലക്ക് ലംഘിച്ച് നായയെ പരിപാലിച്ചതിന് ഉടമകളായ ഒരു പുരുഷനെയും സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തത്. ബ്രിസ്റ്റോളിൽ നടന്ന സംഭവം അവിശ്വസനീയമാംവിധം അപൂർവമാണ് എന്നും പൊലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിച്ച സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും എവോൺ ആൻഡ് സോമർസെറ്റ് പൊലീസ് ഇൻസ്‌പെക്ടർ ടെറി മർഫി പറഞ്ഞു.
യുവതിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ മുഴുവൻ സാഹചര്യങ്ങളും മനസ്സിലാക്കാൻ പൂർണ്ണമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും ടെറി മർഫി പറഞ്ഞു. ആക്രമണം നടന്ന പ്രദേശത്ത് പൊലീസ് സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പൊലീസ് പേര് വിവരങ്ങൾ വെളിപ്പെടുത്താത്തത്.