മാർപാപ്പയുടെ പ്രതിനിധിയായി എല്ലാവർക്കും വേണ്ടിയാണു ചിലെയിലേക്കു പോകുന്നത് : ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ

Mail This Article
കോട്ടയം ∙ മാർപാപ്പയുടെ പ്രതിനിധിയായി എല്ലാവർക്കും വേണ്ടിയാണു ചിലെയിലേക്കു പോകുന്നതെന്ന് ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ. ക്രിസ്ത്യാനികൾക്കു വേണ്ടി മാത്രമല്ല ആ യാത്ര.
അർഹതപ്പെട്ട എല്ലാവർക്കും മാർപാപ്പയുടെ പ്രതിനിധിയായി സാധിക്കുന്നിടത്തോളം സഹായമെത്തിക്കും. പാവപ്പെട്ടവരോടു ഫ്രാൻസിസ് മാർപാപ്പയ്ക്ക് എന്നും വലിയ കരുതലുണ്ടെന്നും മാർ കുര്യൻ മാത്യു വയലുങ്കൽ ‘മനോരമ’യോടു പറഞ്ഞു.
∙ ചിലെയിലെ ദൗത്യം എന്താണ്?
നയതന്ത്ര ദൗത്യം എല്ലാ രാജ്യങ്ങളിലും ഒരുപോലെയാണ്. എന്നാൽ അതിന്റെ വ്യാപ്തിയിൽ വ്യത്യാസം വരും. അൾജീരിയയിലെ റസിഡന്റ് അംബാസഡറും തുനീസിയയിലെ നോൺ റസിഡന്റ് അംബാസഡറുമാണ് ഇപ്പോൾ.
അൾജീരിയയിൽ 5 രൂപതകളുള്ളപ്പോൾ ചിലെയിൽ 30 രൂപതകളുണ്ട്. കൂടുതൽ സഭാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുമെന്ന സന്തോഷത്തോടെയാണു ചിലെയിലേക്കു പോകുന്നത്. ഒരു മിഷനറി നുൺഷ്യോ ആയി അറിയപ്പെടാനാണ് എന്നും ആഗ്രഹം.
∙ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ പ്രവർത്തനം എങ്ങനെയാണ്?
1998 മുതൽ വിവിധ രാജ്യങ്ങളിൽ വത്തിക്കാനിലെ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നു. ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതയാണ്. മാർപാപ്പയുടെ കണ്ണും കാതും ഹൃദയവുമായി അതതു രാജ്യത്തു പ്രവർത്തിക്കാനാണ് എപ്പോഴും ലക്ഷ്യമിടുന്നത്.
∙ കേരളത്തിലെ ലഹരി വ്യാപനത്തെക്കുറിച്ച്?
ലഹരി ഒരു തലമുറയെത്തന്നെ നശിപ്പിക്കുകയാണ്. സാമൂഹികവിപത്താണു ലഹരി. കുടുംബങ്ങളിൽനിന്നു തന്നെ അതിനു പ്രതിരോധം വേണം. കുടുംബബന്ധങ്ങൾ വളരണം. സമൂഹവും ഒന്നുചേരണം.
മാർ കുര്യൻ മാത്യു വയലുങ്കൽ
1966 ഓഗസ്റ്റ് 4നു കോട്ടയം വടവാതൂരിൽ വയലുങ്കൽ എം.സി.മത്തായിയുടെയും അന്നമ്മയുടെയും മകനായി ജനിച്ചു. 1991ൽ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ കൈവയ്പിലൂടെ പൗരോഹിത്യപദവിയിലേക്കെത്തി. 2016 ജൂലൈ 25ന് ആർച്ച് ബിഷപ്പായി അഭിഷിക്തനായി. സഹോദരങ്ങൾ: ജോസഫ് മാത്യു, ജോൺ മാത്യു, വി.എം.മാത്യു.