പി.ജയചന്ദ്രന് ശ്രദ്ധാഞ്ജലി; പൂളിൽ 'ഭാവഗീതം'

Mail This Article
പൂൾ∙ മലയാളികളുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് മഴവിൽ സംഗീതം 'ഭാവഗീതം' ഫ്‌ളാഷ് മ്യൂസിക്കൽ നൈറ്റ് നടത്തി സംഗീതാദരവ് നൽകി. വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന് യുകെയിലെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നാണ് സംഗീതാർച്ചന അർപ്പിച്ചത്. പൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

വൈകിട്ട് 6.30ന് ആരംഭിച്ച പരിപാടി രാത്രി 11 മണി വരെ നീണ്ടുനിന്നു. കലാഭവൻ ബിനു 'നീലഗിരിയുടെ സഖികളെ' എന്ന ഗാനം ആലപിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് മറ്റ് ഗായകരും ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ച് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

മഴവിൽ സംഗീതം സംഘടിപ്പിച്ച പരിപാടിയിൽ നൃത്തവും മിമിക്‌സ് പരേഡും ഉൾപ്പെടെ മറ്റു പല കലാപരിപാടികളും അരങ്ങേറി. ഇതര സംസ്ഥാനങ്ങളിലെ ഗായകർ വിവിധ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു.




മഴവിൽ സംഗീതം എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീതപരിപാടിയുടെ ടീസർ ഈ പരിപാടിയിൽ പ്രദർശിപ്പിച്ചു. ജൂൺ 14നാണ് അടുത്ത പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രേസ് മെലോഡീസിന്റെ ഉണ്ണികൃഷ്ണന് ഭാവഗീതം പുരസ്‌കാരം നൽകി. മുഖ്യ കോഓർഡിനേറ്റർ അനീഷ് ജോർജാണ് പുരസ്കാരം സമ്മാനിച്ചത്. ഗ്രേസ് മെലഡീസ് ഹാംപ്ഷെർ ഒരുക്കിയ എൽഇഡി ലൈറ്റ്, സൗണ്ട് സിസ്റ്റം പരിപാടിയെ ആകർഷകമാക്കി. മഴവിൽ സംഗീതത്തിനുവേണ്ടി അനീഷ് ജോർജ് നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികൾ അവസാനിച്ചു.