ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ ഏഷ്യൻ പൈതൃകമുള്ളവരുടെ വീടുകൾ തുടർച്ചയായി കൊള്ളയടിക്കപ്പെടുന്നതായി പരാതി. വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണമാണ് കള്ളന്മാരുടെ ലക്ഷ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അതിനാൽ സ്വർണത്തിന് വില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പൊലീസ് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. 2025 ജനുവരി 21 മുതൽ മാർച്ച് 16 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി നടന്ന മോഷണ കേസുകളിൽ പത്തോളം വീടുകളിൽ നിന്നും മോഷ്ടിക്കപ്പെട്ടത് സ്വർണാഭരണങ്ങളാണെന്ന് നോർത്ത് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. 

ഇരകളെല്ലാം ഏഷ്യൻ പൈതൃകത്തിൽ പെട്ടവരാണെന്നും ഇവർ പൊതുഇടങ്ങളിൽ ധരിക്കുന്ന സ്വർണാഭരണങ്ങൾ നോക്കി വച്ച ശേഷമാണ് ഇരകളെ പിന്തുടർന്ന് വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. യോർക്കിലെ ഫുൾഫോർഡിൽ ഒരു ഇരയുടെ 1,00,000 പൗണ്ട് (ഏകദേശം ഒരു കോടി പത്ത് ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക) വിലമതിക്കുന്ന സ്വർണം മോഷ്ടിക്കപ്പെട്ടു. ഇരയുടെ മകൾ തലമുറകളായി ആഭരണങ്ങൾ സ്വരുക്കൂട്ടിയിരുന്നതിനാലും അത് അവളുടെ വരാനിരിക്കുന്ന വിവാഹത്തിൽ ധരിക്കാൻ പോകുന്നതിനാലും ഈ സ്വത്ത് ആ കുടുബത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മറ്റൊരു സംഭവത്തിൽ വേറെയൊരു ഇരയുടെ സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടു. അതിൽ 6000 പൗണ്ട് പണവും 6,000 പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങളും മരണപ്പെട്ട ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവയും ഉണ്ടായിരുന്നു. ഹെവർത്തിലെ കിർഖാം അവന്യൂവിൽ നടന്ന മോഷണങ്ങളിലൊന്നിൽ വീടിനുള്ളിലെ സിസി ടിവിയിൽ നിന്നും ലഭിച്ച മുഖം മൂടിയണിഞ്ഞ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇവിടെയും സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. സിസിടിവിയിൽ പതിഞ്ഞിരിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ തരാൻ കഴിയുന്നവർ മുന്നോട്ട് വരണമെന്ന് നോർത്ത് യോർക്ക്ഷെയർ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

Image Credit: North Yorkshire Police‘s Website
Image Credit: North Yorkshire Police‘s Website

അന്വേഷണത്തെ സഹായിക്കാൻ കഴിയുന്നവർ carl.barnes@northyokrshire.police.uk എന്ന ഇമെയിൽ വിലാസത്തിലോ നോർത്ത് യോർക്ക്ഷെയർ പൊലീസിനെ 101 ൽ വിളിച്ച് 19.03.2025/ഓപ് അട്രാക്ഷൻ ലോഗ് 287 ഉദ്ധരിച്ചോ വിവരങ്ങൾ കൈമാറാമെന്ന്‌ പൊലീസ് പറഞ്ഞു. 0800 555 111 എന്ന നമ്പർ വഴിയും വെബ്‌സൈറ്റ് വഴിയും അജ്ഞാതമായും ക്രൈംസ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്ന്‌ പൊലീസ് അറിയിച്ചു. യുകെയിലൂടനീളം നടക്കുന്ന സ്വർണ കവർച്ചകളുടെ കുതിച്ചുചാട്ടം ആശങ്കാജനകമാണെന്നും കവർച്ചക്കരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും നോർത്ത് യോർക്ക്ഷെയർ പൊലീസിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ഷോൺ പേജ് പറഞ്ഞു. അതുപോലെ വീടുകളിൽ സ്വർണം സൂക്ഷിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും സ്വർണാഭരണങ്ങൾ ധരിക്കുന്നതിൽ ലളിതമായ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും ഷോൺ പേജ് കൂട്ടിച്ചേർത്തു. 

മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മോഷണ വാർത്തകൾ യുകെയിലെ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടതോടെ ഇന്ത്യൻ സമൂഹമാണ് ഇത്തരത്തിൽ വ്യാപകമായി സ്വർണം ഉപയോഗിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് മോഷണങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നും യുകെയിലുടനീളമുള്ള മലയാളികൾ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ കമ്യൂണിറ്റിയിൽ ഉൾപ്പെടുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇന്ത്യയിലും മറ്റും സ്വർണാഭരണങ്ങൾ ധരിച്ചു നടക്കുന്നത് പോലെ യുകെയിൽ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കണമെന്നും നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്.

English Summary:

Asian homes in York, North East England, are being robbed continuously,police announce an investigation and advise people to keep their gold jewellery safe.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com