‘പെടപെടയ്ക്കണ’ 100 ദിർഹം നോട്ട്; സ്വന്തമാക്കാൻ യുഎഇയിൽ തിരക്ക്

Mail This Article
ദുബായ് ∙ പെരുന്നാൾ സമ്മാനമായി യുഎഇ അധികൃതർ പുറത്തിറക്കിയ ‘പെടപെടയ്ക്കണ’ പുതിയ 100 ദിർഹം ബാങ്ക് നോട്ടുകൾ ആവേശമായി. പുതിയ ദിർഹം സ്വന്തമാക്കാൻ ബാങ്കുകളിൽ തിങ്കളാഴ്ച വൻ തിരക്കായിരുന്നു. ചൊവ്വ മുതൽ പെരുന്നാൾ അവധിയായതിനാൽ ആളുകൾ ഇന്ന് രാവിലെ തന്നെ ബാങ്കുകളിലെത്തുകയായിരുന്നു. പഴയത് മാറ്റി പുതിയ 100, 50, 20, 10 ദിർഹം നോട്ടുകൾ വാങ്ങിക്കാൻ വ്യാപാരികളും മറ്റും എത്തിയതോടെ ബാങ്ക് ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമില്ലാതായി.
കുട്ടികൾക്കും മറ്റും പെരുന്നാൾ കൈ നീട്ടമായി നൽകാൻ പുതിയ നോട്ടുകളാണ് ഉപയോഗിക്കുന്നത്. പുത്തൻ മണം മാറാത്ത നോട്ടുകൾ സമ്മാനമായി നൽകുക യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. 2018 ആദ്യം യുഎഇ സെൻട്രൽ ബാങ്ക് ദുബായ് ട്രേഡ് സെന്റർ, ഷെയ്ഖ് സായിദ് പാലം എന്നിവയുടെ ചിത്രങ്ങൾ പതിച്ച പുതിയ 100 ദിർഹം കറൻസി പുറത്തിറക്കിയിരുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രത്തോടൊപ്പം ഇയർ ഒാഫ് സായിദ് എന്ന ആലേഖനം ചെയ്ത നോട്ട് അത്യാകർഷകമാണ്.