ദുബായ് കെഎംസിസി 45-ാം വാര്‍ഷികം: 45 ദിവസം നീളുന്ന ആഘോഷ പരിപാടികൾ

Mail This Article
ദുബായ് ∙ ദുബായ് കെഎംസിസിയുടെ 45-ാം വാര്‍ഷികാഘോഷ ഭാഗമായി ഒക്‌ടോബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ചു വരെ 45 ദിവസം നീളുന്ന ആഘോഷ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. യുഎഇയുടെ സാംസ്‌കാരിക മഹിമയും കുടിയേറ്റത്തിന്റെ ചരിത്രവും ഉള്‍ക്കൊള്ളിച്ച് സമഗ്രമായ സുവനീര്‍, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ ബഹുമാനാർഥം സഹിഷ്ണുതാ വര്‍ഷത്തില്‍ 'എ ട്രിബ്യൂട്ട് റ്റു ഷെയ്ഖ് സായിദ്' എന്ന പേരില്‍ അറബ് ഉദ്യോഗസ്ഥ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള പരിപാടി എന്നിവയായിരിക്കും പ്രത്യേകതയെന്ന് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പറഞ്ഞു.
പ്രവാസി പ്രശ്‌നങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യാനും അതിലെ നിര്‍ദേശങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ച് പരിഹാരം തേടാനും ലക്ഷ്യമിട്ട് ഗ്ലോബൽ എന്‍ആര്‍ഐ സമ്മേളനം നടത്തും. പ്രവാസി സംഘടനാ പ്രതിനിധികളും കേന്ദ്രമന്ത്രിമാര്‍ അടക്കം ബിസിനസ്-മാധ്യമ-രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും. ദുബായ് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മാതൃകയില്‍ അഖിലേന്ത്യാ തലത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ 10 മുതല്‍ 20 വയസ് വരെയുള്ളവര്‍ക്ക് ഖുര്‍ആന്‍ ഹിഫ്‌ള്-പാരായണ മത്സരം കോഴിക്കോട് സംഘടിപ്പിക്കും. ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാര്‍ഡും വിതരണം ചെയ്യും. ഖുര്‍ആന്‍ ഹിഫ്‌ള്-പാരായണ മല്‍സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10, 5, 3 ലക്ഷം രൂപയും പങ്കെടുക്കുന്നവര്‍ക്കെല്ലാം സമ്മാനങ്ങളും നല്‍കും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഡിസ്‌കൗണ്ടഡ് മെഡിക്കല്‍ ലബോറട്ടറികളും ഇതോടനുബന്ധിച്ച് നീതി മെഡിക്കല്‍ സ്‌റ്റോറുകളും സ്ഥാപിക്കും. തുടക്കമെന്ന നിലയില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും ഇത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനവും ഗവേഷണവും നടത്തുന്ന അര്‍ഹരായ 45 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. 'ചന്ദ്രിക' പത്രാധിപരും സാഹിത്യ-സാംസ്‌കാരിക-ധൈഷണിക മണ്ഡലങ്ങളിലെ പ്രഗല്‍ഭരുമായിരുന്ന റഹീം മേച്ചേരി, കെ.പി. കുഞ്ഞിമ്മൂസ്സ, എം.ഐ. തങ്ങള്‍ എന്നിവരുടെ പേരില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. എസ്എസ്എല്‍സി തുല്യതാ കേന്ദ്രത്തിന് പുറമെ, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയുടെ കൂടി തുല്യതാ കേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതാണ്. ദുബായ് കെഎംസിസി പ്രവാസി പെന്‍ഷന്‍ പദ്ധതി 200 പേര്‍ക്ക് ആക്കി വര്‍ധിപ്പിക്കുകയും കേരളത്തിലെ 100 നിര്‍ധന യുവതികള്‍ക്ക് വിവാഹ സഹായം നല്‍കുകയും ചെയ്യും. ദുബായ് കെഎംസിസി ജോബ് സെല്‍ വെബ്‌സൈറ്റ്, തൊഴിൽ റിക്രൂട്ട്‌മെന്റ്, ജയിലുകളില്‍ ശിക്ഷാ കാലാവധി കഴിഞ്ഞും നാട്ടിലേക്ക് പോകാന്‍ ടിക്കറ്റില്ലാതെ വിഷമിക്കുന്നവര്‍ക്ക് സഹായം, ജയില്‍ സന്ദർശനം എന്നിവയുമുണ്ടായിരിക്കും.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് ഇൗ മാസം 15, 16 തിയതികളില്‍ നടത്തും. പ്രബന്ധ മല്‍സരം, കുട്ടികളുടെ ചിത്രരചനാ മല്‍സരം, ഫാന്‍സി ഡ്രസ്സ് മല്‍സരം, ദേശഭക്തിഗാന മല്‍സരം, സ്വാതന്ത്ര്യ ദിന സന്ദേശം അവലംബാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനം, കലാനിശ എന്നിവയുണ്ടായിരിക്കും. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കും.
ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ. ഇസ്മായില്‍
ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റുമാരായ റൗസ് തലശ്ശേരി, യൂസുഫ്, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല, മജീദ് മടക്കിമല, ഹസ്സന്‍ ചാലില്‍, ഒ.മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം, സാദിഖ് നെടുമങ്ങാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.