ഖത്തറിന്റെ കായിക ഭൂപടത്തില്‍ പുതിയ ചരിത്രം;ട്രാക്ക് ഉണർന്നു, ഗാലറികളും

Mail This Article
ദോഹ ∙ ഖത്തറിന്റെ കായിക ഭൂപടത്തില്‍ പുതിയ ചരിത്രം കുറിച്ച മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത് പതിനായിരങ്ങള്‍.

ഖത്തറിന്റെ കായിക മാമാങ്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ടാണ് ഐഎഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ് മത്സരങ്ങള്‍ക്ക് തുടക്കമായത്. പുരുഷന്മാരുടെ ലോങ് ജംപ് മത്സരങ്ങളോടെയായിരുന്നു തുടക്കം.
സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രേമികളും ഖത്തറിന്റെ കായികാവേശത്തിൽ പങ്കുചേരാൻ എത്തിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തില്‍ ഗാലറിയില്‍ ഉയര്‍ന്ന ആരവങ്ങളുടെ പിന്തുണയിലാണ് കായികതാരങ്ങൾ ട്രാക്കിലിറങ്ങിയത്.
210 രാജ്യങ്ങളില്‍ നിന്ന് 2,000ത്തോളം പേരാണ് മാറ്റുരയ്ക്കുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം ജാബിര്‍ സെമി യോഗ്യത നേടിയപ്പോള്‍ ആര്‍പ്പുവിളിച്ചും കൈയ്യടിച്ചുമാണ് മലയാളികള്‍ അഭിനന്ദനം അറിയിച്ചത്.
അറബ് മേഖലയിലെയും മധ്യപൂര്‍വ ദേശത്തെയും പ്രഥമ ഐഎഎഎഫ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ദോഹ കോര്‍ണിഷില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് നിര്‍വഹിച്ചത്. ഖത്തറിന്റെ പാരമ്പര്യ തനിമയില്‍ ആതിഥേയത്വം ഒരുക്കി ലോകത്തെ ഒന്നടങ്കം ദോഹയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പരിപാടികളും നടന്നു.
ദോഹ കോര്‍ണിഷിലെ കടലിനു മുകളില്‍ വര്‍ണാഭമായ വെടിക്കെട്ടും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായിരുന്നു. മത്സരവും ഉദ്ഘാടന ചടങ്ങുകളും കാണാന്‍ ഷെറാട്ടണ്‍ പാര്‍ക്കിലും ഓറി പ്രതിമയുടെ സമീപത്തും കൂറ്റന്‍ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാത്രി താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കുറവായിരുന്നു. ചൂട് സംബന്ധമായ അപകട സാധ്യതകള്‍ പരമാവധി കുറയ്ക്കാന്‍ മുന്‍കരുതല്‍ നടപടികൾ ഐഎഎഎഫും പ്രാദേശിക സംഘാടന കമ്മിറ്റിയും പൂര്‍ത്തിയാക്കിയിരുന്നു.
മത്സരത്തിന് ഇടയ്ക്കുളള റീഫ്രഷ്‌മെന്റ് പോയിന്റുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. വിദഗ്ധരായ മെഡിക്കല്‍ സംഘമാണ് അത്‌ലറ്റുകള്‍ക്കായി എത്തിയത്.
അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആവേശം പകരാന്‍ ഏഷ്യന്‍ പ്രവാസി സമൂഹത്തിനായി ഏഷ്യന്‍ ടൗണ്‍, അല്‍ഖോറിലെ ബര്‍വ റിക്രിയേഷന്‍ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ ആഘോഷ, ബോധവല്‍കരണ പരിപാടികളും ആയിരക്കണക്കിന് തൊഴിലാളിക പങ്കെടുത്തു.
ദോഹ കോർണിഷ് റോഡ് ഇന്നും നാളെയും അടയ്ക്കും
ദോഹ ∙ ഐഎഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ദോഹ കോർണിഷ് റോഡ് ഇന്നും നാളെയും അടയ്ക്കും. വൈകിട്ട് 7 മുതൽ പിറ്റേ ദിവസം പുലർച്ചെ 6 വരെയാണ് റോഡ് അടയ്ക്കുന്നത്. ചാംപ്യൻഷിപ്പിന്റെ മാരത്തൺ മത്സര വേദിയാണ് കോർണിഷ്.