ADVERTISEMENT

ദുബായ് ∙ വിദേശിയാണെങ്കിലും മലയാളികളുടെ മനം കവർന്ന വിഭവമാണ് ചിക്കൻ ഹാലിം. അറേബ്യൻ വിഭവമായ ഹരീസിന്റെ കുടുംബക്കാരനാണെങ്കിലും രുചി വ്യത്യസ്തം. പാക്കിസ്ഥാൻ-അഫ്ഗാൻ റൊട്ടി, ചപ്പാത്തി, പൊറോട്ട, നാൻ എന്നിവയ്ക്കൊപ്പമോ ഇതു മാത്രമായോ കഴിക്കാം.

ചോറിന്റെയും  ബിരിയാണിയുടെയും നെയ്ച്ചോറിന്റെയും കൂടെ കഴിച്ചു ബോധ്യപ്പെട്ടവരുമേറെ. അധികം മെനക്കെടാതെ തയാറാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ചില പൊടിക്കൈകൾ പ്രയോഗിച്ച് ഹാലിമിനു മലയാളിത്തം നൽകിയവരുമുണ്ട്. പേർഷ്യൻ വിഭവമെന്നു പറയപ്പെടുന്ന ഹാലിം എല്ലാ നാട്ടുകാരും ഇഷ്ടപ്പെടുന്നു.

പാക്കിസ്ഥാനികളുടെയും അഫ്ഗാനികളുടെയും അറബ് വംശജരുടെയും പ്രിയപ്പെട്ട വിഭവമാണിത്. ഓരോ നാട്ടിലെയും ഹാലിം മസാലക്കൂട്ടിൽ വ്യത്യാസമുണ്ടാകും. പാക്കിസ്ഥാനി സൂപ്പർ മാർക്കറ്റുകളിൽ ഇതു സുലഭമാണ്.  ഇറാനിയൻ കടകളിലും പ്രധാനവിഭവമാണ് ഹാലിം. രുചിയിൽ വ്യത്യാസമുണ്ടാകും. അവരുടെ റുമാലി റൊട്ടിയുടെ പ്രധാന കോംപിനേഷനുകളിൽ ഒന്നാണിത്.

തയാറാക്കുന്ന വിധം

kumar
ശ്രീകുമാർ.

തുടക്കക്കാർക്കു പോലും ബുദ്ധിമുട്ടില്ലാതെ ഹാലിം തയാറാക്കാമെന്ന് പാചകവിദഗ്ധനായ അലപ്പുഴ പഴവീട് തെക്കേതിൽ ശ്രീകുമാർ പറയുന്നു. കാൽക്കപ്പ് വീതം ഉഴുന്നു പരിപ്പ്, ചെറുപയർ പരിപ്പ്, അരക്കപ്പ് കടലപ്പരിപ്പ് എന്നിവ തലേന്നു വെള്ളത്തിലിട്ടു കുതിർത്തുവയ്ക്കുന്നതാണ് ആദ്യഘട്ടം. ഇടത്തരം സവാള 2 എണ്ണം അരിഞ്ഞത് എണ്ണയിൽ തവിട്ടുനിറത്തിൽ  വറുത്തുകോരി കുറച്ചെടുത്തു മാറ്റിവയ്ക്കുക.

ബാക്കിയുള്ളതിൽ പരിപ്പുകൾ കുതിർത്തത്, 4 പച്ചമുളക്, ഒന്നര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വച്ച് 2 വിസിലടിപ്പിക്കുക. നന്നായി വെന്തുകുഴഞ്ഞുകിട്ടും. ഒരു കിലോ ചിക്കൻ എല്ലില്ലാതെ ചെറുകഷണങ്ങളാക്കുന്നതാണ് അടുത്തഘട്ടം. എളുപ്പത്തിന് കോഴി വേവിച്ച് എല്ലു നീക്കുകയുമാകാം. കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു പാക്കറ്റ് ഹാലിം മിക്സ് (ഹൈദരാബാദി- ഉത്തരേന്ത്യൻ മസാലപ്പൊടി), 2 വലിയ സ്പൂൺ  വെണ്ണ എന്നിവ കോഴിക്കൊപ്പം ചേർത്തു നന്നായി വഴറ്റുക.

ഇതിൽ നിന്നു കോഴിയിറച്ചി മാറ്റി ബാക്കിയുള്ളത് കുക്കറിലെ പരിപ്പ് കൂട്ടുകളിൽ ചേർക്കുക. നിറം കിട്ടാൻ അൽപം മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടിയും ആകാം.  അടിയിൽപ്പിടിക്കാതെ നന്നായി ഇളക്കി കുറുകി വരുമ്പോൾ കോഴിയിറച്ചി ചേർക്കുന്നു. ഇതിൽ ഒരു സ്പൂൺ ഗരംമസാല ചേർത്തു യോജിപ്പിച്ച് മുകളിൽ മല്ലിയിലയും സവാള വറുത്തതും വിതറിയാൽ രുചികരമായ ഹാലിം തയാർ. അൽപം നാരങ്ങാനീരു മുകളിലൊഴിച്ചാണ് ഇതു കഴിക്കുക. ചിലർ ഒലിവെണ്ണയും ചേർക്കുന്നു. മട്ടൻ, ബീഫ് എന്നിവകൊണ്ടും ഹാലിം തയാറാക്കാം. പരിപ്പുകൾ വേവിക്കുമ്പോൾ നാലോ അഞ്ചോ സ്പൂൺ നുറുക്കു ഗോതമ്പു കൂടി ചേർക്കണമെന്നു മാത്രം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com