ഇൗജിപ്ഷ്യൻ നടനും ഗായകനുമായ മുഹമ്മദ് റമദാന്റെ ആൽബം സംവിധാനം ചെയ്ത് മലയാളി

Mail This Article
ദുബായ് ∙ അറബ് ലോകത്ത് കോടിക്കണക്കിന് ആരാധകരുള്ള പ്രശസ്ത ഇൗജിപ്ഷ്യൻ നടനും ഗായകനും നിർമാതാവും റാപ്പറുമായ മുഹമ്മദ് റമദാന്റെ സംഗീത ആൽബം സംവിധാനം ചെയ്തത് മലയാളി യുവാവ്. ദുബായിൽ താമസിക്കുന്ന കൊല്ലം വർക്കല സ്വദേശി ലെൻ പ്രസാദാണ് അറബ് ലോകത്തെ സൂപ്പർ സ്റ്റാറിൻറെ മ്യൂസിക് വിഡിയോ 'വെർസാചേ ബേബി' സംവിധാനം ചെയ്ത് ശ്രദ്ധേയനാകുന്നത്.
അറബ് സൂപ്പർസ്റ്റാർ മുഹമ്മദ് റമദാൻ വീണ്ടും സംഗീത ആൽബവുമായി രംഗത്തെത്തിയെന്നത് അദ്ദേഹത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നു. അറബ് ആഡംബര ശൈലികളുടെ നേർപ്പതിപ്പ് അവതരിപ്പിച്ചാണ് വെർസാചേ ബേബിയിലൂടെ ഇത്തവണത്തെ വരവ്. പതിവുപോലെ റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ദശലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആൽബം ആസ്വദിച്ചത്. പ്രതിദിനം പത്തുലക്ഷത്തോളം പേർ വിഡിയോ ആസ്വദിക്കുന്നു.

ആദ്യമായാണ് മുഹമ്മദ് റമദാൻ ഒരു മലയാളിയുടെ സംവിധായകമികവിന് മുന്നിൽ അഭിയിക്കുന്നത്. അറബ് ആഘോഷങ്ങളുടെ പതിവ് ചേരുവകൾക്കൊപ്പം സ്വപ്നനഗരമായ ദുബായുടെ മായികതയുമെല്ലാം ചേർത്താണ് ലെൻ വെർസാചേ ബേബി ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസത്തെ പ്രയത്നമാണ് 5.5 മിനിറ്റിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ലെൻ പറഞ്ഞു. ബിസിനസ് ബേ, അൽ ഖൈൽ, അൽ വാസൽ റോഡുകളിലായിരുന്നു ചിത്രീകരണം. ദുബായ് പൊലീസ്, ആർടിഎ ഉൾപ്പെടെയുള്ളവർ ഇതിന് പിന്തുണ നൽകി.
യുഎഇയിൽ ജനിച്ചു വളർന്ന ലെൻ മുഹമ്മദ് റമദാന്റെ ആരാധനയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു സംഗീത വിഡിയോ മനസിലുണ്ടായിരുന്നു. ഇതറിഞ്ഞ അടുത്ത സുഹൃത്ത് രാജേഷ് ഫിലിപ്പാണ് പ്രിയ താരവുമായി സംഗമിക്കാൻ അവസരമൊരുക്കിയത്. ആശയം മുഹമ്മദ് റമദാന് ഇഷ്ടപ്പെട്ടതോടെ പിന്നീടെല്ലാം താമസിയാതെ സംഭവിച്ചു. അറബ്–ഇംഗ്ലീഷ് സമ്മിശ്ര വിഡിയോയാണ് വെർസാചേ ബേബി. ഇതിലൂടെ ലഭിക്കുന്ന തുക പലസ്തീൻ റെഡ് ക്രെസൻറ് സൊസൈറ്റിക്ക് കൈമാറുമെന്ന് മുഹമ്മദ് റമദാൻ പ്രഖ്യാപിച്ചിട്ടുണ്ട്

കോടിക്കണക്കിന് ആരാധകരുടെ പിന്തുണയുള്ള മുഹമ്മദ് റമദാൻ ലൊക്കേഷനുകളിൽ ഏറ്റവും സൗഹൃദത്തോടെയായിരുന്നു ഇടപഴകിയതെന്ന് ലെൻ പറയുന്നു. ബോളിവുഡ് നടി ഉർവശി റൌട്ടേലയും ചില മൃഗങ്ങളുമൊക്കെ ആൽബത്തിന്റെ ഭാഗമായി. സുഹൃത്ത് തൃശൂർ ചാലക്കുടി സ്വദേശി അൽ അമീലായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. കണ്ണൂർ സ്വദേശി മുൻസനോർ മുസ്തഫ നൃത്തമൊരുക്കി. സുഹൃത്തുക്കളായ സമീർ, അനൂപ് രവി, പ്രണവ് വിജയൻ, നിഖിൽ പോൾ, സുഷെൻ, അവിനാശ്, പോൾ എന്നിവർ എല്ലാത്തിനും കൂടെ നിന്നു.
സിനിമയുടെ വിവിധമേഖലകളിലേക്കു ചുവടുറപ്പിച്ചു തുടങ്ങുന്ന കലാകാരനാണ് ലെൻ പ്രസാദ്. സംവിധായകൻ അൻവർ റഷീദാണ് സിനിമാ ഗുരു. അദ്ദേഹം സംവിധാനം ചെയ്ത ട്രാൻസ്, സൗബിൻ ഷാഹിറിന്റെ പറവ എന്നീ സിനിമകളിൽ ഡയറക്ടേഴ്സ് അസിസ്റ്റൻ്റായി പ്രവർത്തിച്ചു. രണ്ടിലും അഭിനയിക്കുകയും ചെയ്തു. സംവിധായകൻ അമൽനീരദും നൽകുന്ന പ്രോത്സാഹനം വിലമതിക്കാനാകാത്തതാണെന്ന് ലെൻ പറയുന്നു.
എന്‍ജിനീയറിങ് പഠനത്തിന് ശേഷം മുംബൈയിലേയ്ക്ക്
ദുബായിലെ എൻജിനീയറിങ് പഠനത്തിന് ശേഷം മുബൈയിൽ ചലചിത്രലോകത്തിന്റെ സ്പന്ദനമറിയാൻ നാളുകൾ ചെലവഴിച്ചു. ഇടയ്ക്ക് മലയാള സിനിമയുടെ ഭാഗമായി ദുബായിലും കൊച്ചിയിലേക്കുമുള്ള യാത്രകൾ. മികച്ച സംവിധായകർക്കും അഭിനേതാക്കൾക്കുമൊക്കെ ഒപ്പം ചെലവഴിക്കാനായത് വലിയ മുതൽകൂട്ടായിരുന്നുവെന്ന് ലെൻ പറയുന്നു.
കൃത്യമായ ലക്ഷ്യങ്ങളോടെയും ഒരുക്കങ്ങളോടെയുമാണ് ഈ പ്രവാസി യുവാവ് ചലചിത്രലോകത്തെ സമീപിക്കുന്നത്. വെർസാചേ ബേബിയിലൂടെ എഡിറ്റിങ്ങിലും ലെൻ മികവ് തെളിയിച്ചു. എങ്കിലും ചലചിത്ര സംവിധായകനാകുകയാണ് അടിസ്ഥാന ലക്ഷ്യം. ഏറ്റവും ഗൗരവത്തോടെ സമീപിക്കുന്നതും ഇഷ്ടപ്പെടുന്നതും ഇൗ മേഖല തന്നെ.
കോവിഡ് കാരണമുള്ള അസ്ഥിരതകൾ സിനിമ മേഖലയേയും പിടിച്ചുലയ്ക്കുന്നുണ്ടെങ്കിലും അതുകഴിഞ്ഞുള്ള നല്ല കാലത്തെ പ്രതീക്ഷയോടെ കാണുന്നു. കൂടുതൽ നല്ല സിനിമകൾ വ്യത്യസ്തങ്ങളായ അഭിരുചികളോടെയും ആശയങ്ങളോടെയും അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മലയാള സിനിമാരംഗത്തെ ഇപ്പോഴുള്ള മുന്നേറ്റം ആ പ്രതീക്ഷകൾക്ക് അടിത്തറയാണെന്നും ചലചിത്രരംഗത്ത് നാളെയുടെ പ്രതീക്ഷയായ ലെൻ പ്രസാദ് കൂട്ടിച്ചേർത്തു. വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന പ്രസാദ്–ലീല ദമ്പതികളുടെ മകനാണ്. പ്രവീൺ ഏക സഹോദരൻ.