യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ
Mail This Article
അബുദാബി∙അപൂർവവും അതീവ ഗുരുതരവുമായ ബാക്ടീരിയ അണുബാധയെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ യുഎഇയിലെ ഇന്ത്യൻ പ്രവാസിക്ക് താങ്ങായി മലയാളി ഡോക്ടർ. അബുദാബിയിൽ ഡ്രൈവറായ ഗോവ സ്വദേശി നിതേഷ് സദാനന്ദ് മഡ്‌ഗോക്കറാണ് മലയാളി ഡോക്ടർ നിയാസ് ഖാലിദിന്റെ സഹായത്തോടെ അത്ഭുതകരമായി രോഗത്തെ അതിജീവിച്ചത്. അണുബാധ സ്ഥിരീകരിച്ചാൽ 75 ശതമാനം മരണനിരക്കുള്ള സെപേഷ്യ സിൻഡ്രോം (Cepacia Syndrom) എന്ന അപൂർവ രോഗമാണ് നിതീഷിനെ ബാധിച്ചത്. കൃത്യ സമയത്ത് കണ്ടെത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന രോഗബാധ തിരിച്ചറിയുന്നതിലും തുടർ ചികിത്സ നിശ്ചയിക്കുന്നതിലും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഡോ.നിയാസ് നടത്തിയ സമയോചിതമായ ഇടപെടലാണ് നിതേഷിന് ജീവിതം തിരിച്ചു നൽകിയത്.
ആശുപത്രിയിൽ എത്തിയത് കോവിഡ് സമാന രോഗലക്ഷണങ്ങളോടെ
27 വർഷമായി യുഎഇയിൽ സ്ഥിരതാമസക്കാരനായ നിതേഷ് ഓഗസ്റ്റ് അവസാനവാരമാണ് അവധിക്ക് ശേഷം അബുദാബിയിൽ തിരിച്ചെത്തിയത്. മുസഫയിലെ മുറിയിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ പനിയും തളർച്ചയും അനുഭവപ്പെട്ടു. പനി വന്ന് രണ്ടു ദിവസത്തിനു ശേഷം, നിതേഷിന്റെ നില വഷളായി.തൊഴിലുടമയുടെസഹായത്തോടെയാണ് ഇയാളെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിച്ചത്.
കടുത്ത പനി, ക്ഷീണം, സന്ധി വേദന, ശ്വാസതടസ്സം, ഗന്ധവും വിശപ്പുമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ എത്തിച്ച നിതേഷിനെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി. വൈദ്യപരിശോധനയിൽ പ്രമേഹവും ന്യുമോണിയയും കണ്ടെത്തി. അതോടൊപ്പം വേഗത്തിലുള്ള ഹൃദയമിടിപ്പും ശ്വാസകോശ പ്രശ്നങ്ങളും. ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ വളരെ കുറവായതിനാൽ ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു. കൃത്രിമ ഓക്സിജനും ന്യൂമോണിയ ചികിത്സിക്കാനുള്ള മരുന്നുകളും ഡോക്ടർ നൽകി. തുടക്കത്തിൽ മരുന്നുകളോട് നന്നായി പ്രതികരിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ആരോഗ്യനില വീണ്ടും മോശമായി. ഐസിയു വാസം നീണ്ടു.
നിർണായകമായത് സെപേഷ്യ സിൻഡ്രോം രോഗനിർണയം
ആരോഗ്യ നില വീണ്ടും മെച്ചപ്പെട്ടതോടെ നിതേഷിനെ സെപ്റ്റംബർ രണ്ടാംവാരം റൂം കെയറിലേക്ക് മാറ്റി. സുഖം പ്രാപിച്ചു കൊണ്ടിരിക്കുമ്പോഴാണു ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു ആദ്യത്തെകുരു. 90 മില്ലിയോളം പഴുപ്പാണ് ഈ കുരു കീറിമാറ്റിയപ്പോൾ ഡോക്‌ടർമാർ നീക്കം ചെയ്തത്.
പിന്നീട്, ആന്തരികാവയവങ്ങളായ ശ്വാസകോശത്തിലും കരളിലും കുരുക്കൾ പ്രത്യക്ഷപ്പെട്ടു. ഇതിൽ സംശയം തോന്നിയ ഡോ നിയാസിന്റെ നിർദ്ദേശപ്രകാരം ഒന്നിലധികം കുരുക്കളിൽ നിന്നുള്ള സാമ്പിളുകൾ ഉടൻ പരിശോധനയ്ക്കയക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ സ്ഥിരീകരിച്ച് 'ബുർഖോൾഡേറിയ സെപേഷ്യ' എന്ന അപൂർവ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ സെപേഷ്യ സിൻഡ്രോം നിതേഷിന് സ്ഥിരീകരിച്ചു. ഇതിനിടെ ആരോഗ്യ നില വീണ്ടും വഷളാവാൻ തുടങ്ങിയ നിതേഷിനെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം, ശ്വാസ കോശത്തിൽ രക്തം കട്ടപിടിക്കൽ, കരളിൽ കുരുക്കൾ.. സങ്കീർണമായ ആരോഗ്യനിലയായിരുന്നു അപ്പോൾ.
ഐസിയു കിടക്കയിൽ ഒരുമാസം
ജീവിതത്തിനും മരണത്തിനുമിടയിലെ ഒരുമാസക്കാലം ഐസിയു കിടക്കയിൽ തള്ളിനീക്കേണ്ടിവന്നു, നിതേഷിന്. ഡോ. നിയാസ് ഖാലിദ്, ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. ജോർജി കോശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നിശ്ചയിച്ചത്.
ഫലപ്രദമായ പ്രകാരമുള്ള മരുന്നുകൾ ലഭ്യമാക്കി. സങ്കീർണ ആരോഗ്യാവസ്ഥയിൽ നിന്ന് സുഖം പ്രാപിക്കാൻ നാലാഴ്ചയെടുത്തു. അപ്പോഴേക്കും ശ്വാസകോശത്തിലെ മുറിവുകളും കരളിലെ കുരുവും അപ്രത്യക്ഷമായിരുന്നു.
നിതേഷിന്റേത് ഏറെ സങ്കീർണതകൾ നിറഞ്ഞ കേസായിരുന്നുവെന്ന് ഡോ. നിയാസ് പറഞ്ഞു. കൃത്യസമയത്ത് രോഗനിർണയം നടത്തിയതുകൊണ്ടാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കാതെ സുഖംപ്രാപിക്കാനായത്. ഇത്തരം കേസുകളിൽ രോഗനിർണയം വൈകുന്നത് ജീവൻതന്നെ നഷ്ടപ്പെടുത്താനാണ് ഇടയാക്കുക.
ഡോക്ടർമാർക്ക് നന്ദി
അപൂർവവും മാരകവുമായ ബാക്ടീരിയ അണുബാധ നിതേഷ് മറികടന്നത് 54 ദിവസമെടുത്താണ്. രണ്ടാം ജീവിതത്തിന് ഈ 42 കാരൻ നന്ദിപറയുന്നത് ദൈവത്തോടും ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഡോക്ടർമാരോടും. "അസുഖം വന്നപ്പോൾ, വളരെ ഗുരുതര അവസ്ഥയാണെന്ന് കരുതിയിരുന്നില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആരോഗ്യനില മോശമായി. ഡോക്‌ടർമാർ നന്നായി ചികിത്സിച്ചില്ലെങ്കിൽ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്നില്ല. ഡോ. നിയാസിന്റെ കൃത്യസമയത്തെ ഇടപെടലിന് എത്ര നന്ദിപറഞ്ഞാലും മാറ്റിയാവില്ല.
പ്രതിരോധശേഷിയുള്ളവരിൽ സെപേഷ്യ ബാധ അപൂർവം
നിതേഷിന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സെപേഷ്യ സിൻഡ്രോം സാധാരണയായി സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള രോഗങ്ങളുള്ള, പ്രതിരോധ ശേഷി തീരെ കുറഞ്ഞവരെയാണ് ബാധിക്കാറ്. പ്രതിരോധശേഷി ഉണ്ടായിരുന്നതും രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ തെറാപ്പിയോ ഉപയോഗിച്ചിട്ടില്ലാത്തതും ശരിയായ രോഗനിർണയവും ഫലപ്രദമായ ചികിത്സയുമാണ് നിതീഷിന് ഗുണകരമായതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.