ഹയാത്ത് റീജൻസിയിൽ സ്റ്റാർ ഗലേറിയ വീണ്ടും; പാർക്കിങ് സൗജന്യം

Mail This Article
ദുബായ് ∙ ദെയ്റ ഹയാത്ത് റീജൻസിയിലെ സ്റ്റാർ ഗലേറിയ സിനിമ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കോവിഡ് രൂക്ഷമായതിനെ തുടർന്നാണ് രണ്ടു വർഷം മുൻപ് അടച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള നവീകരിച്ച രണ്ടു തീയറ്ററുകളായാണ് വീണ്ടും ആരംഭിക്കുന്നത്. സിനിമ കാണാൻ എത്തുന്നവർക്ക് പാർക്കിങ് സൗജന്യമാക്കിയത് ഉൾപ്പടെ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. 323 സീറ്റുകൾ ഉള്ളതും 115 സീറ്റുകൾ ഉള്ളതുമായ രണ്ടു തീയറ്ററുകളാണ് സജ്ജമായിട്ടുള്ളതെന്ന് സലിം, ഫൈസൽ, രാജൻ വർക്കല തുടങ്ങിയവർ പറഞ്ഞു.
ഏറ്റവും അവസാന നിര സീറ്റുകൾ വിഐപികൾക്കുള്ളതാണ്. വാറ്റും ഉൾപ്പടെ 36.75 ആണ് ടിക്കറ്റ് നിരക്ക്. ദിവസവും 1,4,7,10 സമയങ്ങളിൽ നാലു പ്രദർശനം വലിയ തീയറ്ററിൽ നടക്കും. 1.30, 4.30,7.30,10.30, എന്നിങ്ങനെയാണ് ചെറിയ തീയറ്ററിലെ സമയക്രമം. വീക്കെൻഡിൽ രാവിലെ പത്തരയ്ക്കും ഷോയുണ്ടാകും. പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം, ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ദുൽഖർ നായകനായ സല്യൂട്ട് ഉടൻ പ്രദർശനത്തിനെത്തും. ഓൺലൈൻ ടിക്കറ്റ് വിൽപന ഒരാഴ്ചയ്ക്കകം ആരംഭിക്കും.
പ്രേക്ഷകർ കൂടുതലായി തീയറ്ററിലെത്തുന്നുണ്ടെന്ന് രാജൻ വർക്കല പറഞ്ഞു. കുറുപ്പ് സിനിമ മൂന്നു ലക്ഷത്തിലധികം പ്രേക്ഷകരാണ് ജിസിസിയിൽ കണ്ടത്. തീയറ്ററിൽത്തന്നെ സിനിമ കാണുമ്പോഴാണ് അതിന്റെ എല്ലാ രസവും അനുഭവിക്കാനാകുകയെന്നും ചൂണ്ടിക്കാട്ടി. പ്രേക്ഷകരെ പങ്കെടുപ്പിച്ച് കൂടുതൽ മത്സരങ്ങളും വിവിധ സമ്മാന പദ്ധതികളുമൊക്കെ ഉടൻ തന്നെയുണ്ടാകുമെന്ന് ഇക്വിറ്റി അഡ്വർടൈസിങ് എംഡി ജുബി കുരുവിള പറഞ്ഞു. അബ്ദുൽ റഹ്മാൻ, മുഹമ്മദ് അക്ബർ, ഫൈസൽ പനങ്ങാട്, മുഹമ്മദ് ആമിർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.