ADVERTISEMENT

ദുബായ്∙ ദുബായിലെ പ്രവാസി മലയാളി യുവാവ് രഞ്ജിത് സജീവ് ആദ്യമായി നായകനായി അഭിനയിച്ച മൈക്ക് എന്ന മലയാള ചിത്രം യുഎഇയിൽ പ്രദർശനത്തിനെത്തി. ലിംഗമാറ്റം എന്ന വിഷയം അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തതു നേരത്തെ ബിവേർ ഒാഫ് ഡോഗ്സ് ഒരുക്കിയ വിഷ്ണു ശിവപ്രസാദാണ്. അനശ്വര രാജൻ നായികയായി അഭിനയിക്കുന്നു.

പെൺജീവിതം മടുത്ത് പുരുഷനാകാൻ പുറപ്പെട്ട പെൺകുട്ടിയുടെയും ജീവിതം മടുത്ത യുവാവിന്റെയും ജീവിത കഥയാണു മൈക്ക് പറയുന്നതെന്നു വിഷ്ണു ശിവപ്രസാദ് പറഞ്ഞു. ആഷിക് അലി അക്ബറാണു രചന നിർവഹിച്ചത്. കോവിഡിനു ശേഷം മലയാളത്തിലടക്കം എല്ലാ സിനിമാ മേഖലയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ലോക സിനിമകൾ കാണുന്നവരുടെ എണ്ണം വർധിച്ചതോടെ മലയാള ചിത്രങ്ങളുടെ വിഷയത്തിലും മേയ്ക്കിങ്ങിലും മികവുണ്ടായി. അഭിനേതാക്കളെയും സംവിധായകനെയും നോക്കി തന്നെയാണ് ഇന്നും ആളുകൾ സിനിമ കാണാൻ തിയറ്ററിലെത്തുന്നത്. എങ്കിലും അതിനിടയ്ക്ക് ആരുടേതായാലും മികച്ച ചിത്രങ്ങൾ വിജയിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും മൈക്കിന് ജോൺ ഏബ്രഹാമിന്റെ ജെഎ എന്ന ബാനർ ഗുണം ചെയ്തതായും വിഷ്ണു പറഞ്ഞു. 

സാറ എന്ന കഥാപാത്രവുമായി തനിക്ക് ഏറെ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞത് ആ കഥാപാത്രത്തെ എളുപ്പത്തിൽ അവതരിപ്പിക്കാൻ സാധിച്ചതായി നടി അനശ്വര രാജൻ പറഞ്ഞു. സിനിമയോടുള്ള തന്റെ അഭിനിവേശം കൊണ്ടാണു താൻ മൈക്കിൽ നായകനായതെന്നും രഞ്ജിത് സജീവ് പറഞ്ഞു. തന്റെ നൂറുശതമാനവും പ്രയത്നം നൽകിയാണു ചിത്രത്തിലെ ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതു പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്.  

ഹൃദയവും മൈക്കും രണ്ടു തരത്തിലുള്ള ചിത്രമാണെന്നും രണ്ടിലും വ്യത്യസ്തമായ സംഗീതവും പശ്ചാത്തല സംഗീതവും നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് പറഞ്ഞു. യുഎഇയിലും ബഹ്റൈനിലുമാണു ചിത്രം റിലീസ് ചെയ്തിട്ടുള്ളതെന്നും മൈക്ക് വൻ വിജയം കൈവരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ചിത്രം വിതരണം ചെയ്ത വേൾഡ് വൈഡ് ഫിലിംസ് ഡയറക്ടർമാരായ നൗഫൽ അഹമദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർ പറഞ്ഞു.

English Summary : Malayalam movie Mike released in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com