വെടിയേറ്റ നായയ്ക്ക് രക്തം നൽകി അഞ്ച് നായ്ക്കൾ

Mail This Article
ദുബായ് ∙വെടിയേറ്റ് ഗുരുതരാവസ്ഥയിലായ അറേബ്യൻ വേട്ടനായയ്ക്കു രക്തം നൽകാൻ ദുബായിൽ നിന്നു 5 നായ്ക്കളെ റാസൽഖൈമയിൽ എത്തിച്ച് അധികൃതർ. ഒന്നിലേറെ തവണ വെടിയേറ്റ നിലയിൽ ദെയ്ദിലെ ഒരു കഫറ്റീരിയയ്ക്കു സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ നായയെ ഒരു വഴിയാത്രക്കാരൻ അറിയിച്ചതനുസരിച്ച് ഉമ്മുൽഖുവൈനിലെ സ്ട്രേ ഡോഗ്സ് സെന്റർ (എസ്ഡിസി) ഏറ്റെടുക്കുകയായിരുന്നു.
ലക്കി എന്നു എസ്ഡിസി പ്രവർത്തകർ പേരിട്ട നായ റാസൽഖൈമ വെറ്റ് ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരികയാണ്. മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത നായയെ ഏറ്റെടുക്കാൻ ആരെങ്കിലുമെത്തുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ ക്രൂരപീഡനങ്ങൾക്കു ശേഷം അരുമ മൃഗങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിരെ ബോധവൽക്കരണം ഊർജിതമാക്കിയിരുന്നു.
നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത മേഖലകൾ നോക്കിയാണ് മൃഗങ്ങളെ ഉപേക്ഷിക്കുന്നത്. ഈ പ്രവണത നേരത്തേ ഉണ്ടായിരുന്നെങ്കിലും കോവിഡ് പടർന്ന ശേഷമാണ് വ്യാപകമായത്. സാമ്പത്തിക ബാധ്യതയും രോഗത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്.
ഒരു വർഷം തടവ്, 2 ലക്ഷം പിഴ
യുഎഇയിൽ മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതയ്ക്ക് ഒരു വർഷം തടവും 2 ലക്ഷം ദിർഹം പിഴയുമാണു ശിക്ഷ.