'സുവർണ ഹൃദയമുള്ള മനുഷ്യന്' പ്രവാസ ലോകത്തെ ഇന്ത്യക്കാരുടെ വിട

Mail This Article
ദുബായ് ∙'സുവർണ ഹൃദയമുള്ള മനുഷ്യൻ' എന്നറിയപ്പെട്ട പപ്പി സിങ്ങിന്‍റെ വിയോഗം ദുബായിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ദുഃഖത്തിലാഴ്ത്തി. ദുബായിലെ സിന്ധ് പഞ്ചാബ് റസ്റ്ററന്റ് ഉടമ സർദാർ ഗുർവിന്ദർ സിങ് എന്ന പപ്പി സിങ്( 67) ഇന്നലെയാണ് അന്തരിച്ചത്. ഒരു മാസം മുൻപ് അസുഖബാധിതനായ ഇദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ട് ജബൽ അലി ശ്മശാനത്തിൽ സംസ്കരിച്ചു.
Read Also: ദുബായിലെ സിന്ദ് പഞ്ചാബ് റസ്റ്ററന്റ് ഉടമ സർദാർ ഗുർവിന്ദർ സിങ് അന്തരിച്ചു
കുടുംബത്തോടും സൗഹൃദങ്ങളോടും ഏറെ സ്നേഹം കാണിച്ചിരുന്ന പാപ്പി സിങ് തന്റെ റസ്റ്ററന്റിലെ ജീവനക്കാരോടും വളരെ അടുപ്പം പുലർത്തിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് സുവർണ ഹൃദയമുള്ള മനുഷ്യൻ എന്ന വിശേഷണം ലഭിച്ചത്. തന്റെ പിതാവ് ഒരു വലിയ മനുഷ്യനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകനും പട്യാല ഹൗസ് റസ്റ്ററന്റ് ശൃംഖലയുടെ ഉടമയുമായ പർവീന്ദർ സിങ് അർണേജ (റിമ്പി) പറയുന്നു. ഏറെ ദയയുള്ള മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. എല്ലാവരോടും ഉദാരമനസ്കത കാട്ടിയിരുന്നു. എപ്പോഴും മനോഹരമായ പുഞ്ചിരി കാത്തുസൂക്ഷിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിശ്വസ്തരായ ഉപയോക്താക്കളും അദ്ദേഹത്തെ സുവർണ ഹൃദയമുള്ള മനുഷ്യൻ എന്ന് വിളിക്കുന്നു–റിമ്പി അനുസ്മരിച്ചു.
യുഎഇയിലെ ഏതെങ്കിലും മുതിർന്ന ഇന്ത്യൻ പ്രവാസിയോട് ചോദിച്ചാൽ സിന്ധ് പഞ്ചാബിൽ നിന്ന് ഒരിക്കലെങ്കിലും ഭക്ഷണം രുചിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കില്ല. റസ്റ്ററന്റിന്റെ ജനപ്രീതി അങ്ങനെയാണ്. 1977 ലാണ് ഗുർവിന്ദർ സിങ് സിന്ധ് പഞ്ചാബ് റസ്റ്ററന്റിന് ബർ ദുബായിൽ തുടക്കംകുറിച്ചത്. വളരെ പെട്ടെന്ന് തന്നെ ഭക്ഷണപ്രിയരുടെ ഇഷ്ട കേന്ദ്രമായി ഇത് മാറി. റമസാൻ ആയതിനാൽ ദുബായ് ഗവൺമെന്റിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി റസ്റ്ററന്റിനകത്ത് മാത്രം ഭക്ഷണം വിളമ്പി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ നിർമാണ ജോലിക്കായി എത്തിയ ഇന്ത്യൻ തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ റസ്റ്ററന്റ് തുടങ്ങാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് മിതമായ നിരക്കിൽ ഭക്ഷണം നൽകി റസ്റ്ററന്റ് വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി മാറി. 1985 ൽ റസ്റ്ററന്റ് കരാമയിലും പിന്നീട് ദുബായ് ഇന്റർനെറ്റ് സിറ്റിയിലും (ഡിഐസി) ശാഖകൾ ആരംഭിച്ചു. അവിടങ്ങളിലും ഭക്ഷണം കഴിക്കാൻ വേണ്ടി ആളുകൾ ഇരച്ചുകയറി. ഒരു ബൗൾ ദാലിന് വില 3 ദിർഹവും ചോലെ ബട്ടൂറയ്ക്ക് 5 ദിർഹവും ഒരു പ്ലേറ്റ് ബട്ടർ ചിക്കന് ഏകദേശം 10 ദിർഹവും നൽകിയാൽ മതിയായിരുന്നു.
ബോളിവുഡ് താരങ്ങളുടെ ഇഷ്ടയിടം
സിങ്ങിന്റെ പ്രസന്നമായ വ്യക്തിത്വവും റസ്റ്ററന്റിലെ നല്ല ഭക്ഷണവും ദുബായിലെത്തുന്ന ഓരോ ബോളിവുഡ് താരത്തെയും റസ്റ്ററന്റിൽ എത്തിച്ചു. പഞ്ചാബി വിഭവങ്ങൾ ആസ്വദിക്കാൻ നടൻ രാജ് കപൂർ, അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണ, ഷമ്മി കപൂർ, ഐശ്വര്യ റായ് തുടങ്ങിയവർ എത്തിയിട്ടുണ്ട്.
Read Also: അബുദാബി ബിഗ് ടിക്കറ്റ്; മലയാളി വീട്ടമ്മയ്ക്ക് 22 ലക്ഷത്തിലേറെ രൂപ സമ്മാനം...
ഹിന്ദു ക്ഷേത്രത്തിന്റെ അധ്യക്ഷൻ കൂടിയായ ടെക്സ്റ്റൈൽ വ്യവസായി വാസു ഷ്രോഫ് സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വളരെ ആത്മാർഥതയുള്ള വ്യക്തിയും ഉദാരമനസ്കനുമായിരുന്നു സിങ്ങെന്ന് വാസു ഷ്രോഫ് പറഞ്ഞു. എല്ലാ ദിവസവും അദ്ദേഹം വന്ന് ക്ഷേത്രത്തിന്റെ പടികൾ വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യും. വലിയ സൗഹൃദമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവ് സൃഷ്ടിക്കുമെന്നും കൂട്ടിച്ചേർത്തു. ദാവിന്ദർ കൗർ ആണ് സർദാർ ഗുർവിന്ദർ സിങ്ങിൻ്റെ മാതാവ്. ഭാര്യ: ഹർനിന്ദർ കൗർ (പിങ്കി). റിമ്പിയെ കൂടാതെ ഒരു മകൾ കൂടിയുണ്ട്: ഗിനി.
ഗുരുദ്വാരയിൽ പ്രാർഥന 11ന്
ഇൗ മാസം 11 ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെ ജബൽ അലി ഗുരുദ്വാരയിൽ പ്രത്യേക പ്രാർഥന നടത്തുമെന്ന് റിമ്പി പറഞ്ഞു. പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
English Summary: Indians in dubai bid farewell to Gurwinder Singh