ADVERTISEMENT

ദുബായ്∙ ചലച്ചിത്ര സംവിധായകൻ സിദ്ദീഖിന്‍റെ വിയോഗം ദുബായിലെ ഒരു യുവാവിനെ വല്ലാതെ വേദനിപ്പിക്കുന്നു. ദുബായിൽ പ്രോപ്പർട്ടീസ് ബിസിനസ് നടത്തുന്ന യുവ നോവലിസ്റ്റ് കൂടിയായ മലപ്പുറം തിരൂർ സ്വദേശി അസിയെ. അടുത്ത കാലത്തായി സിദ്ദീഖുമായി തിരക്കഥാ രചനയിൽ സഹകരിക്കാനുള്ള ഭാഗ്യം ലഭിച്ച അസി അദ്ദേഹത്തോടൊപ്പം സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

അസി അവസാനമായി സിദ്ദീഖിനോട് ഫോണിൽ സംസാരിച്ചത് അദ്ദേഹം എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു. അന്ന് അദ്ദേഹം നന്നായി ചുമയ്ക്കുന്നുണ്ടായിരുന്നുവെന്ന് അസി പറയുന്നു. മമ്മൂട്ടി നായകനായ 'ഡോക്ടർ മാഡ് ' എന്ന ചിത്രമായിരുന്നു സിദ്ദീഖ് അടുത്തതായി സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്നത്. ആ തിരക്കഥാ രചനയിൽ അസിയായിരുന്നു അദ്ദേഹത്തിന്‍റെ പങ്കാളി. എട്ട് വർഷം മുൻപ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഭാസ്കർ ദ് റാസ്കൽ ആയിരുന്നു സിദ്ദീഖിന്‍റെ അവസാനത്തെ മമ്മൂട്ടി ചിത്രം. 

വീണ്ടും ഒരു മമ്മൂക്ക ചിത്രം ഒരുക്കുന്നതിന്‍റെ ആവേശത്തിലായിരുന്നു അദ്ദേഹം. നാട്ടിലും യുഎഇയിലുമിരുന്ന് തിരക്കഥ പൂർത്തിയാക്കാൻ അദ്ദേഹം സമയം കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്‍റെ ഏതാനും ദിവസം മുൻപാണ്  'ഡോകടർ മാഡി 'ന്‍റെ തിരക്കഥ ഉടൻ അയച്ച് നൽകാൻ ആവശ്യപ്പെട്ടത്. തിരക്കഥാ രചനയിലും അസി സഹകരിച്ചിരുന്നു. മമ്മുട്ടി യൂറോപ്പിലേയ്ക്ക് പോകുന്നതിനാൽ കൂടെ കൊണ്ട് പോകാൻ വേണ്ടിയായിരുന്നു സ്ക്രിപ്റ്റ് ചോദിച്ചത്. ചില മാറ്റങ്ങൾ വരുത്തേണ്ടതിനാൽ ഇന്റർവെൽ വരെയുള്ള ഭാഗങ്ങൾ സൽടക്സ് സോഫ്റ്റ് വെയറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് അയച്ച് കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അസുഖം കാരണം സാർ ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ടു. മൂന്നാലു ദിവസം കഴിഞ്ഞു നമുക്ക് സെക്കൻഡ് ഹാഫിനു ഇരിക്കാം. മമ്മൂക്ക തിരിച്ച് വരുമ്പോഴേക്കും സെക്കൻഡ് ഹാഫ് റെഡിയാക്കണം – ഇത് ഞങ്ങൾ തമ്മിലുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ദുഃഖമടക്കാനാകാതെ അസി പറയുന്നു. 

സംവിധായകൻ സിദ്ദീഖിനോടൊപ്പം അസി ദുബായിൽ. ഫയൽ ചിത്രം(photo supplied)
സംവിധായകൻ സിദ്ദീഖിനോടൊപ്പം അസി ദുബായിൽ. ഫയൽ ചിത്രം(photo supplied)

 

സംവിധായകൻ സിദ്ദീഖിനോടൊപ്പം അസി ദുബായിൽ. ഫയൽ ചിത്രം(photo supplied)
സംവിധായകൻ സിദ്ദീഖിനോടൊപ്പം അസി ദുബായിൽ. ഫയൽ ചിത്രം(photo supplied)

ഡോക്ടർ മാഡും അസിയുടെ നോവലായ  ക്യാംപ് ക്രോപ്പറിനെ ആസ്പദമാക്കിയുള്ള ഹിന്ദി -അറബിക് - ഇംഗ്ലീഷ് വെബ് സീരിസുമായിരുന്നു ഒന്നര വർഷമായി ഇരുവരും മുഴുകിയ പ്രോജക്ടുകൾ. രണ്ടിലും  കൂടെ സ്ക്രിപ്റ്റ് എഴുതുകയെന്ന അപൂർവ ഭാഗ്യത്തിനോടൊപ്പം അദ്ദേഹത്തിന്റെ സ്നേഹവും അനുഭവിക്കുവാൻ അസിക്ക് കഴിഞ്ഞു. കുറേ പ്രോജക്ടുകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. നാലു മാസത്തോളം അദ്ദേഹത്തോടൊപ്പം ഒന്നിച്ച് താമസിച്ചാണ് ക്യാംപ് ക്രോപ്പറിന്റെ തിരക്കഥ പൂർത്തിയാക്കിയത് . 

 

അടുക്കുമ്പോൾ ഉടയുന്ന വിഗ്രഹമായിരുന്നില്ല അദ്ദേഹം. പകരം നമുക്ക് വീണ്ടും വീണ്ടും ബഹുമാനവും സ്നേഹവും വർധിക്കുന്ന സവിശേഷ വ്യക്തിത്വമായിരുന്നു.  ഒരു ജ്യേഷ്ഠനെ പോലെയാണ് എന്ന് പറഞ്ഞാൽ അത് ഔപചാരികമായിപ്പോകും. എന്തും തുറന്ന് പറയാവുന്ന മൂത്ത സഹോദരൻ തന്നെയാണ്. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കും. അടുത്തവർക്കൊക്കെ അദ്ദേഹം സ്നേഹം വാരി നൽകി . ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ ഇനിയില്ലയെന്ന യാഥാർഥ്യം അംഗീകരിക്കാനാവുന്നില്ല. ഒന്ന് ഉറപ്പാണ്, മലയാളികളുടെ സ്നേഹം ഇതുപോലെ ആഴത്തിൽ സ്വന്തമാക്കിയ സംവിധായകൻ വേറെ ഉണ്ടാകില്ല.

Read also: പ്രവാസികൾക്ക് ലാപ്ടോപ്, ടാബ് എന്നിവ നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയുമോ; നികുതി ഇല്ലാത്തവ എന്തെല്ലാം – അറിയാം വിശദമായി

 

ഈ വർഷം മാർച്ചിലായിരുന്നു സിദ്ദീഖ് അവസാനമായി യുഎഇയിലെത്തിയത്. ഖിസൈസിലെ ഹോട്ടലിൽ താമസിച്ച് ഡോക്ടർ മാ‍ഡിന്‍റെ തിരക്കഥയിൽ മുഴുകി. ഏപ്രിൽ 23ന് തിരിച്ചുപോയി. കഴിഞ്ഞ വർഷം ഷാർജ രാജ്യാന്തര പുസ്തകമേളയും സന്ദർശിച്ചിരുന്നു. മലയാളിയുടെ മനസിൽ നിഷ്കളങ്കമായ പൊട്ടിച്ചിരിക്ക് തിരികൊളുത്തിയ സിദ്ദീഖിൽ നിന്ന് ഇനിയുമേറെ സിനിമകൾ ലഭിക്കാനുണ്ടായിരുന്നുവെന്നും അസി പറയുന്നു.

 

English Summary: Expatriate writer contributed to newfilm doctor mad pays homage to Siddique .

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com