യുഎഇയിൽ ഭാഗ്യം കടാക്ഷിച്ചത് മൂന്ന് മലയാളികളെ; മഹ്സൂസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം
Mail This Article
ദുബായ്∙ ഏഴ് മാസം മുൻപ് ഷാർജയിലെത്തിയ ടാക്സി ഡ്രൈവറായ യുവാവിനടക്കം 3 മലയാളികൾക്ക് നറുക്കെടുപ്പിൽ 22 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) സമ്മാനം. മഹ്സൂസ് സാറ്റർഡേ മില്യൻസിന്റെ 152-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് ടാക്സി ഡ്രൈവറായ അബ്ദുൽ ഗഫൂർ അടക്കം മൂന്ന് ഇന്ത്യക്കാർ വിജയികളായത്. അബുദാബിയിൽ നിന്നുള്ള പ്രതീക്, ദുബായിൽ നിന്നുള്ള സതിയ എന്നിവരാണ് മറ്റു വിജയികൾ.
സാമ്പത്തികമായി വിഷമഘട്ടത്തിലായിരുന്നപ്പോഴാണ് അബ്ദുൽ ഗഫൂർ ജോലി തേടി യുഎഇയിലെത്തിയത്. ഷാർജയിൽ ടാക്സി ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ നറുക്കെടുപ്പിലൂടെ ലക്ഷങ്ങൾ കൈ വന്നത് മഹാഭാഗ്യമാണെന്ന് ഇദ്ദേഹം പറയുന്നു. മഹസൂസിനെക്കുറിച്ച് സഹമുറിയൻമാരിൽ നിന്ന് മനസിലാക്കിയാണ് എല്ലാ ആഴ്‌ചയും ടിക്കറ്റ് വാങ്ങിത്തുടങ്ങിയത്. സമ്മാനം നേടിയതിന്റെ വാർത്ത മഹ്‌സൂസ് ആപ്പിലൂടെ അറിഞ്ഞ നിമിഷം മുതൽ താൻ സന്തോഷത്താൽ മതിമറക്കുകയാണെന്ന് അബ്ദുൽ ഗഫൂർ പറഞ്ഞു. തന്‍റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് പണം ഉപയോഗിക്കുക.
40 വയസ്സുള്ള പ്രതീക് ഇപ്പോൾ അബുദാബിയിലാണ് താമസം. തന്റെ സഹപ്രവർത്തകരിൽ നിന്ന് മഹ്‌സൂസിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം കഴിഞ്ഞ വർഷം മുതൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ തുടങ്ങി, മിക്കവാറും ആഴ്‌ചകളിൽ ടിക്കറ്റുകൾ വാങ്ങി. വിജയ വാർത്ത മഹ്‌സൂസ് ആപ്പ് വഴിയാണ് അറിഞ്ഞത്. സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും അവർക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ഉപയോഗിക്കും. മൂന്നാമത്തെ വിജയിയായ സതിയ ഭാര്യയ്ക്കും 19 വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇ നിവാസിയാണ്. ദുബായിലെ ഒരു സ്വകാര്യ എനർജി കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്യുന്നു.