ഖത്തറിൽ ശ്വാസകോശ അണുബാധകൾക്കെതിരെ മുന്നറിയിപ്പ്; ക്യാംപെയ്നുമായി ആരോഗ്യമന്ത്രാലയം
Mail This Article
ദോഹ ∙ ശ്വാസകോശ അണുബാധകളെ പ്രതിരോധിക്കുന്നതിന് ബോധവൽക്കരണ പരിപാടിയുമായി പൊതുജനാരോഗ്യ മന്ത്രാലായം. ഹമദ് മെഡിക്കൽ കോർപറേഷനുമായും പിഎച്ച്സിസിയുമായി ചേർന്നാണ് ബോധവൽക്കരണം.
ഫ്ലൂ, കോവിഡ്, ആർഎസ്‌വി വൈറസുകളെ ചെറുക്കുകയാണ് ലക്ഷ്യം. ശൈത്യകാലമായതോടെ പകർച്ചവ്യാധികൾ കൂടാനുള്ള സാധ്യതയേറെയാണ്. അതിനാൽ ശ്വാസകോശ അണുബാധകൾ ചെറുക്കാൻ ജനങ്ങൾ കരുതലെടുക്കേണ്ടത് ആവശ്യമാണെന്നും എച്ച്എംസി ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അബ്ദുലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.
50 വയസ്സ് കടന്നവർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ പ്രത്യേകിച്ച് 5 വയസ്സിൽ താഴെയുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുള്ളവർ രോഗവ്യാപനം തടയാൻ വീടുകളിൽ തന്നെ കഴിയണം. ഇവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം കുറയ്ക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, എല്ലാ വർഷവും പ്രതിരോധ കുത്തിവയ്പ് എടുക്കുക തുടങ്ങിയ നടപടികൾ രോഗവ്യാപനം കുറയ്ക്കും. രോഗമുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും പൊതുജനാരോഗ്യമന്ത്രാലയത്തിലെ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു. രാജ്യത്ത് കോവിഡ്, ഫ്ലൂ വാക്സീനുകൾ സൗജന്യമാണ്. രാജ്യത്തെ 90 ആരോഗ്യകേന്ദ്രങ്ങളിൽ ഫ്ലൂ വാക്സീനും 31 പിഎച്ച്സികളിൽ കോവിഡ് വാക്സീനും ലഭ്യമാണെന്ന് ഡോ. ഖാലിദ് ഹമീദ് എൽവദ് അറിയിച്ചു.