മാർച്ച് ഓഫ് ദ് യൂണിയനിൽ സംഗമിച്ച് പതിനായിരങ്ങൾ

Mail This Article
അബുദാബി ∙ യുഎഇയുടെ സാംസ്കാരിക പൈതൃകവും ഐക്യവും കരുത്തും വിളിച്ചറിയിച്ച് അൽവത്ബയിൽ നടന്ന മാർച്ച് ഓഫ് ദ് യൂണിയനിൽ പതിനായിരങ്ങൾ ഒത്തുചേർന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡൻഷ്യൽ കോർട്ട് അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ച യൂണിയൻ മാർച്ചിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഊദ് ഗസൂവാനി തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ചതുർവർണ പതാകയേന്തി, മാർച്ചിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ സജീവ സാന്നിധ്യം ഘോഷയാത്രയെ മികവുറ്റതാക്കി. സുപ്രീം കൗൺസിൽ അംഗങ്ങളായ വിവിധ എമിറേറ്റ് ഭരണാധികാരികളും കിരീടാവകാശികളും മുതിർന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.

നാടോടി ഗാനങ്ങളുടെ ഈണത്തിൽ പരമ്പരാഗത നൃത്തച്ചുവടുകൾ വച്ച് ചിട്ടയോടെ മുന്നോട്ടുനീങ്ങിയ സംഘം കാണികളുടെ കയ്യടി നേടി. ഒട്ടക, കുതിര പ്രദർശനങ്ങൾക്കൊപ്പം വെടിക്കെട്ടും ലേസർ ഷോയും ഉണ്ടായിരുന്നു.