റിയാദ് ബസ് പദ്ധതിയിൽ പ്രധാന ശൃംഖല പൂർത്തിയായി

Mail This Article
റിയാദ്∙ റിയാദ് ബസ് പദ്ധതിയിൽ പ്രധാന ശൃംഖല പൂർത്തിയായതായി റിയാദ് റോയൽ കമ്മീഷൻ അറിയിച്ചു.പദ്ധതിയിൽ 2,145 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും വഴി 679 ബസുകൾ സർവീസ് നടത്തുന്നു. ഇതോടെ റിയാദ് ബസ് പദ്ധതിയിൽ ബസ് സർവീസ് റൂട്ടുകളുടെ എണ്ണം 54 ആയി. യാത്ര ആസൂത്രണം ചെയ്യാനും റൂട്ടുകൾ അറിയാനും സർവീസ് സമയങ്ങൾ അറിയാനും ഇന്‍ററാക്ടീവ് മാപ്പ് വഴി യാത്ര ട്രാക്ക് ചെയ്യാനും എളുപ്പത്തിൽ ടിക്കറ്റ് വാങ്ങാനും റിയാദ് ബസ് ആപ്പ് യാത്രക്കാർക്ക് അവസരമൊരുക്കുന്നു.
തലസ്ഥാന നഗരിയിൽ നിലവിലെയും ഭാവിയിലെയും ഗതാഗത ആവശ്യം നിറവേറ്റുകയും സാമ്പത്തിക വളർച്ചക്ക് സഹായിക്കുകയും റിയാദ് നഗരത്തിന്‍റെ മത്സരക്ഷമത വർധിപ്പിക്കുകയും സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ റിയാദിന്‍റെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിലക്ക് ബസ്, ട്രെയിൻ ശൃംഖല അടങ്ങിയതാണ് റിയാദ് കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. ബസുകളിലെ ഡിജിറ്റൽ പെയ്‌മെന്‍റ് ഉപകരണങ്ങൾ വഴിയും ടിക്കറ്റ് നിരക്ക് അടക്കാൻ സാധിക്കും. റിയാദ് ബസ് വെബ്‌സൈറ്റും യാത്രക്കാർക്ക് വൈവിധ്യമാർന്ന ഓപ്ഷനുകൾ നൽകുന്നു. ബസ് സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകളും ടിക്കറ്റ് സെയിൽസ് ഓഫിസുകളും വഴി വാങ്ങാൻ ലഭിക്കുന്ന ദർബ് കാർഡ് വഴിയും ടിക്കറ്റ് നിരക്ക് എളുപ്പത്തിൽ അടക്കാൻ കഴിയും.