പ്രവാസികൾക്കും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാം: മാനദണ്ഡങ്ങൾ ഇതാ
Mail This Article
കോട്ടയം ∙ ഇന്ത്യയിലുള്ളവർക്കു മാത്രമല്ല പ്രവാസികൾക്കും വിദേശികൾക്കും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സാധിക്കും. ഓഹരി വിപണിയിലെ നിക്ഷേപത്തിന് പ്രവാസികൾക്ക് ആദ്യം വേണ്ടത് ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളാണ്. പ്രവാസികൾക്ക് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) നിഷ്‌കർഷിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കണം.
ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ സ്റ്റോക്കുകളിലും ബോണ്ടുകളിലും റീപാട്രിയബിൾ അല്ലെങ്കിൽ നോൺ റീപാട്രിയബിൾ അടിസ്ഥാനത്തിൽ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. അതായത് ഓഹരികളുടെയും സെക്യൂരിറ്റികളുടെയും വിൽപനയിൽ നിന്നുള്ള വരുമാനവും നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവും ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റാം. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകരിച്ച ബാങ്കിങ് സ്ഥാപനത്തിൽ ഒരു നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (എൻആർഇ) സേവിങ്സ് അക്കൗണ്ട് തുറക്കണം. പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെൻറ് സ്കീം (പിഐഎസ്) വഴി ഇന്ത്യയിൽ പ്രവാസികൾക്ക് നിക്ഷേപം നടത്തുന്നതിന് ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത എൻആർഇ അക്കൗണ്ട് ഉണ്ടായിരിക്കണം. മാത്രമല്ല ഈ അക്കൗണ്ടിൽ പിഐഎസ് സാധ്യമാകുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കണം.
നോൺ റീപാട്രിയബിൾ നിക്ഷേപങ്ങളുടെ കാര്യത്തിൽ, ഇന്ത്യയ്ക്കു പുറത്ത് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. കൂടാതെ പ്രവാസി നിക്ഷേപകർ ആർബിഐ അംഗീകൃത ബാങ്കിൽ എൻആർഒ സേവിങ്സ് അക്കൗണ്ട് തുറക്കണം. എൻആർഒ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലാണ് നിക്ഷേപം നിലനിർത്തേണ്ടത്. എൻആർഐകൾക്ക് ആർബിഐയിൽനിന്ന് പിഐഎസ് അനുമതി തേടേണ്ടതില്ല, ട്രേഡിങ്ങും നിക്ഷേപവും ആരംഭിക്കുന്നതിന് ബ്രോക്കറെ നേരിട്ടു സമീപിക്കാം. സ്റ്റോക്കുകൾ, പ്രാഥമിക ഓഹരി വിൽപനകൾ (ഐപിഒകൾ), ബോണ്ടുകൾ, ഇസോപ്സ് (എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനുകൾ) എന്നിവയിൽ നിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കും. മ്യൂച്വൽ ഫണ്ടുകൾക്കായി പ്രവാസികൾക്ക് അവരുടെ എൻആർഇ അല്ലെങ്കിൽ എൻആർഒ സേവിങ്സ് അക്കൗണ്ടുകൾ ഉപയോഗിക്കാം. ഇവയിൽ നിക്ഷേപം ആരംഭിക്കുന്നതിന് കെവൈസി പരിശോധിച്ചുറപ്പിക്കാനും കഴിയും.
പ്രവാസി നിക്ഷേപകർ മൂലധന നേട്ടത്തിന് നികുതി നൽകുന്നതിന് ബാധ്യസ്ഥരായിരിക്കും. ഡിവിഡന്റ് വരുമാനത്തെ സംബന്ധിച്ചിടത്തോളം, ഡിടിഎഎ (DTAA–ഇരട്ട നികുതി ഒഴിവാക്കൽ കരാർ) എന്തെങ്കിലും ഉണ്ടെങ്കിൽ അതിനു വിധേയമായി 20% നിരക്കിൽ നികുതി കുറയ്ക്കുന്നു. പ്രസക്തമായ നികുതി കിഴിവുകൾക്ക് ശേഷം, പണം നിക്ഷേപകന്റെ എൻആർഇ അല്ലെങ്കിൽ എൻആർഒ ബാങ്ക് അക്കൗണ്ടിലെത്തും.
പാൻ കാർഡ്, പാസ്‌പോർട്ട്, വിദേശ, ഇന്ത്യൻ വിലാസ രേഖകൾ, എൻആർഇ /എൻആർഒ സേവിങ്സ് അക്കൗണ്ടിന്റെ ഒരു റദ്ദാക്കിയ ചെക്ക്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും ഫോട്ടോകളും സമർപ്പിക്കണം. ഈ രേഖകൾ ഇന്ത്യൻ എംബസി / കോൺസുലേറ്റ് അല്ലെങ്കിൽ നോട്ടറി, കോടതി, മജിസ്‌ട്രേട്ട്, ജഡ്ജി എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തണം. ഈ രേഖകളെല്ലാം സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.
ട്രേഡിങ് അക്കൗണ്ട് ഓപ്പണിങ് ഫീസ്, ബ്രോക്കറെ ആശ്രയിച്ച് വ്യത്യാസപ്പെടുന്ന ബ്രോക്കറേജ് ചാർജുകൾ, പ്ലാറ്റ്ഫോം ആക്സസ് ഫീസ്, കോൾ, ട്രേഡ് ഫീസ്, എക്സ്ചേഞ്ച് ട്രാൻസാക്‌ഷൻ ചാർജുകൾ, മറ്റ് നികുതികൾ എന്നിവയുൾപ്പെടെ നൽകാൻ എൻആർഐ നിക്ഷേപകരും ബാധ്യസ്ഥരാണ്. സ്റ്റാംപ് ഡ്യൂട്ടി ഫീസ്, ചരക്ക് സേവന നികുതി, സെബി ചാർജുകൾ മുതലായവയും ബാധകമാണ്. റസിഡന്റ് നിക്ഷേപകരെ അപേക്ഷിച്ച് ഈ നിരക്കുകൾ സാധാരണ അൽപം കൂടുതലായിരിക്കും. ഒരു ഇന്ത്യൻ കമ്പനിയിൽ പ്രവാസികൾ നടത്തുന്ന പരമാവധി നിക്ഷേപം കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 10% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. എൻആർഐകൾക്ക് ഇൻട്രാ ഡേ ട്രേഡിങ്ങിൽ ഏർപ്പെടാൻ കഴിയില്ല.