യുഎഇയിൽ ശീതക്കാറ്റ്, മഴ,മഞ്ഞ്; ഞായറാഴ്ച മുതൽ പൊടിക്കാറ്റിനും സാധ്യത

Mail This Article
അബുദാബി ∙ യുഎഇയിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നലിനും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളിൽനിന്ന് വീശിയടിക്കുന്ന ശീതകാറ്റും രാജ്യത്തെ കൂടുതൽ തണുപ്പിക്കും. മിതമായി വീശുന്ന കാറ്റ് ചിലയിടങ്ങളിൽ ശക്തമാകാം. ഇത് അന്തരീക്ഷത്തിൽ പൊടി നിറയ്ക്കും. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മൂടൽ മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. മഴ, മഞ്ഞ്, പൊടിക്കാറ്റ് ഉള്ളപ്പോൾ അബുദാബി എമിറേറ്റിൽ വേഗപരിധി 80 കി.മീ ആണ്. വേഗം ക്രമീകരിച്ച് പിഴയിൽനിന്നും അപകടത്തിൽനിന്നും ഒഴിവാകണമെന്നും ഓർമിപ്പിച്ചു.