കോപ് 28 വിജയശിൽപികൾ: 2 വൈസ് പ്രസിഡന്റുമാർക്ക് ‘ഓർഡർ ഓഫ് സായിദ്’
Mail This Article
അബുദാബി ∙ യുഎൻ കാലാവസ്ഥാ ഉച്ചകോടി വിജയകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുഎഇയുടെ 2 വൈസ് പ്രസിഡന്റുമാർക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് മുഹമ്മദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കോപ് 28 നെഗോഷ്യേറ്റിങ് ടീമിനും കോപ് 28 പ്രസിഡൻസി ഓഫിസ് അംഗങ്ങൾക്കും വിവിധ സമിതി അംഗങ്ങൾക്കും മറ്റു പുരസ്കാരങ്ങൾ സമ്മാനിച്ചു. അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ്,ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിദേശകാര്യമന്ത്രിയും കോപ് 28 ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സലാമ ബിൻത് ഹംദാൻ അൽ നഹ്യാൻ ഫൗണ്ടേഷൻ അധ്യക്ഷ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, നൂതനസാങ്കേതിക മന്ത്രിയും കോപ് 28 പ്രസിഡന്റുമായ ഡോ. സുൽത്താൻ അൽ ജാബർ, ഫെഡറൽ അതോറിറ്റി ഫോർ പ്രോട്ടോക്കോൾ ആൻഡ് സ്ട്രാറ്റജിക് നറേറ്റീവ് മുഹമ്മദ് അബ്ദുല്ല അൽ ജുനൈബി, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി എന്നിവരാണ് മറ്റു പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ പ്രമുഖർ.