യുഎഇ തലസ്ഥാനത്ത് ഭരണാധികാരികളുടെ നോമ്പുതുറ
Mail This Article
അബുദാബി ∙ ആഗോള സമാധാനത്തിനും ക്ഷേമത്തിനും ആഹ്വാനം ചെയ്ത് യുഎഇ തലസ്ഥാനത്ത് ഭരണാധികാരികളുടെ നോമ്പുതുറ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വിവിധ എമിറേറ്റ്സ് ഭരണാധികാരികളും റമസാൻ ആശംസകൾ കൈമാറുകയും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തും.
വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, റാസൽ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി എന്നിവർ സംബന്ധിച്ചു.
എമിറേറ്റ്‌സിലെ ഭരണാധികാരികളായ എന്റെ സഹോദരങ്ങൾക്ക് ആതിഥ്യമരുളുന്നതിലും അവരുമായി ഇഫ്താർ പങ്കിടുന്നതിലും വളരെയേറെ സന്തോഷിച്ചതായും ഒരുമിച്ച് റമസാന്റെ ചൈതന്യത്തെക്കുറിച്ച് ചിന്തിക്കുകയും യുഎഇയിലെയും ലോകത്തെയും ജനങ്ങൾക്ക് സമാധാനവും ക്ഷേമവും ദൈവം നൽകണമെന്ന് പ്രാർഥിക്കുകയും ചെയ്തുവെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് പിന്നീട് സമൂഹമാധ്യമ പേജിൽ കുറിച്ചു.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് എന്നിവരുൾപ്പെടെ ഒട്ടേറെ ഷെയ്ഖുമാരും മന്ത്രിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.