ADVERTISEMENT

ദുബായ് ∙ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്ലെസ്സി – ബെന്യാമിൻ –പൃഥ്വിരാജ് – എ.ആര്‍. റഹ്മാൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത 'ആടുജീവിതം'  ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശിപ്പിക്കും. ഈ മാസം 28ന് ലോകത്തെങ്ങും റിലീസാകുന്ന ചിത്രം പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും സമയവും ഇതിനകം യുഎഇ തിയറ്ററുകൾ ചാർട്ട് ചെയ്തുകഴിഞ്ഞു. ചിത്രത്തിന്‍റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ യുഎഇയിലെത്തുന്നുള്ളൂ. നൂൺഷോയോടു കൂടിയാണ് എല്ലായിടത്തും പ്രദർശനം ആരംഭിക്കുക.

ആടുമേയ്ക്കുന്ന ജോലിക്കായി സൗദി മരുഭൂമിയിൽ അറബി കൊണ്ടുവിടുകയും അവിടെ ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്ന നജീബ് എന്ന മലയാളിയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന സിനിമയാണിത്. ബഹ്റൈനിൽ പ്രവാസിയായിരുന്ന എഴുത്തുകാരൻ ബെന്യാമിൻ നജീബിൽ നിന്നു കേട്ട നേരനുഭവമാണ് 2008-ൽ നോവലായി പ്രസിദ്ധീകരിച്ചത്. ഇതിനകം ഒട്ടേറെ എഡിഷനുകൾ പിന്നിട്ട, ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച നോവൽ വായിക്കാത്ത മലയാളികൾ അപൂർവമായിരിക്കും. ആടുജീവിതം ഇംഗ്ലിഷിലടക്കം ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാൽ, പുസ്തകം പിന്നീട് ഗൾഫിൽ നിരോധിക്കപ്പെടുകയും ചെയ്തു. നജീബിനെ വിമാനത്താവളത്തിൽ നിന്ന് അറബി കൂട്ടിക്കൊണ്ടുപോയി മരുഭൂമിയിൽ തള്ളുന്നതും തുടർന്ന് ഭക്ഷണം പോലും കൃത്യമായി നൽകാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതുമായ വിവരണങ്ങളാണ് നോവൽ ഗൾഫിൽ നിരോധിക്കാനുള്ള കാരണം. എന്നാൽ, ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുസ്തകം ലഭ്യമാകാറുണ്ട്. ഇതേതുടർന്ന് ആടുജീവിതം സിനിമയാകുന്നു എന്ന് കേട്ടപ്പോഴേ വായനക്കാർ ചർച്ച ചെയ്ത കാര്യമാണ്, ചിത്രം യാഥാർഥ്യമായാൽ ഗൾഫിൽ പ്രദർശിപ്പിക്കാൻ അനുവദിക്കുമോ എന്നത്. ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് ജോർദാനിലായിരുന്നു ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഇന്ത്യയിലെ സെൻസർ ബോർഡ് യു /എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള ചിത്രം യുഎഇയിൽ റിലീസാകും എന്ന വാർത്ത പൃഥ്വിരാജ് ആരാധകരുടെയും പ്രേക്ഷകരുടെയും ആശങ്കകളെയൊക്കെ അകറ്റിയിരിക്കുന്നു. 

യുഎഇ ദെയ്റ സിറ്റി സെൻ്ററിലെ ആടുജീവിതം സ്ക്രീനിങ് സമയക്രമം. ചിത്രം: Screenshot of VOX cinema app,\
യുഎഇ ദെയ്റ സിറ്റി സെന്‍ററിലെ ആടുജീവിതം സ്ക്രീനിങ് സമയക്രമം. Image: Screenshot of VOX cinema app

അതേസമയം, സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ സിനിമയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകർ നിരാശപ്പെടേണ്ടിവരുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും മധ്യപൂർവദേശത്ത് എല്ലായിടത്തും പ്രദർശനം സാധ്യമാകുമെന്ന കാര്യത്തിൽ സംവിധായകൻ ബ്ലെസി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ സിനിമ (ആട് ജീവിതം) ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കുമോ എന്ന് പലരും എന്‍റെ അടുത്ത് വന്ന് അന്വേഷിച്ചിരുന്നു. നിരവധി അറബ് കലാകാരന്മാർ ഈ സിനിമയിൽ പ്രവർത്തിക്കുന്നതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവരെല്ലാം അങ്ങേയറ്റം ദയ കാണിക്കുകയും നല്ല പ്രതീക്ഷകളോടെ ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടുകയും ചെയ്തു. ഈ ആളുകളുടെ ജീവിതവും ഞാൻ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു പരിപാടിയിൽ പറഞ്ഞു. യുഎഇയിൽ ഫാർസ് ഫിലിംസാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജ്യത്തെ ഒട്ടുമിക്ക തിയറ്ററുകളിലും പ്രദർശനമുണ്ട്. എല്ലായിടത്തും പ്രി ബുക്കിങ്ങും ആരംഭിച്ചു. ‌എന്നാൽ റമസാനായതിനാൽ പെരുന്നാൾ വരെ പ്രേക്ഷകരുടെ പ്രവാഹമുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

English Summary:

Aadujeevitham Movie to Release in UAE Only

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com