ADVERTISEMENT

ദുബായ് ∙ ജോലി തട്ടിപ്പിനിരയായ മലയാളികളടക്കമുള്ള ഇരകൾ തട്ടിപ്പുകാരനെ തന്ത്രപൂർവം പാർക്കിലേയ്ക്ക് വിളിച്ചു വരുത്തി പിടികൂടി പൊലീസിൽ ഏൽപിച്ചു. കഴിഞ്ഞ ദിവസം ദുബായ് കരാമയിലാണ് സംഭവം. യുഎഇയിൽ മികച്ച ജോലി വാഗ്ദാനം ചെയ്തു 1,30,000 രൂപ വീതം കൈപ്പറ്റി സന്ദർശക വീസയിൽ ദുബായിലേയ്ക്ക് കൊണ്ടുവന്ന ശേഷം കരാമയിലെ കുടുസ്സുമുറികളിൽ താമസിപ്പിച്ച് മുങ്ങിക്കളഞ്ഞ ഏജന്റ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സചിൻ എന്നയാളെയാണ് ഇരകളായ തൊടുപുഴ സ്വദേശി കൃഷ്ണ, ഭർത്താവ് ശരത്, ആലപ്പുഴ സ്വദേശികളായ സജിനി, പ്രിയ എന്നിവരുടെ നേതൃത്വത്തിൽ കുടുക്കിയത്. എന്നാൽ, സചിൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.

നിയമ ബിരുദ ധാരിയായ കൃഷ്ണ, ബികോംകാരനായ ഭർത്താവ് ശരത് എന്നിവരും അയൽവാസികളും കൂട്ടുകാരികളുമായ സജിനി, പ്രിയ എന്നിവരും സമൂഹമാധ്യമത്തിൽ റിക്രൂട്ടിങ് ഏജൻസിയുടെ പരസ്യം കണ്ടാണ് തട്ടിപ്പുകാരെ ബന്ധപ്പെടുന്നത്. യുഎഇയിൽ മികച്ച ശമ്പളത്തിന് നല്ല കമ്പനിയിൽ ജോലി, എംപ്ലോയ്മെന്റ് വീസ, രണ്ട് മാസത്തെ ഭക്ഷണവും താമസ സൗകര്യവും, ഇന്റർവ്യൂവിനും മറ്റും പോകാനുള്ള യാത്രാ സംവിധാനം തുടങ്ങിയ നൽകുമെന്നും വാഗ്ദാനം ചെയ്തു. ഇതിനായി സ്വർണം വിറ്റും പണയം വച്ചും വായ്പയെടുത്തുമാണ് ഇവരെല്ലാം നാട്ടിലെ ഏജന്റിന് പണം നൽകിയത്. കൂടാതെ, യുഎഇയിലെത്തിയാൽ 1500 ദിർഹം വീതം ഒാരോരുത്തരും നൽകണമെന്നും നിബന്ധനയുണ്ടായിരുന്നു. കൃഷ്ണയും ശരതും ബഷീർ പൊക്കാച്ചി എന്നയാളുടെയും സജിനി, പ്രിയ എന്നിവർ ഇബ്രാഹിം എന്നയാളുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് നാട്ടിൽനിന്ന് പണം നൽകിയത്. 

തട്ടിപ്പിനിരയായ കൃഷ്ണ, ശരത്, സജിനി എന്നിവർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
തട്ടിപ്പിനിരയായ കൃഷ്ണ, ശരത്, സജിനി എന്നിവർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ചാക്കിലാക്കാൻ ബ്രേയ്ക്ക് ഫാസ്റ്റും വിവാഹ വാർഷികാഘോഷവും ഒാരോ നീക്കവും വളരെ വിദഗ്ധമായി ആസൂത്രണം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ ചാക്കിലാക്കുന്നത്. കൃഷ്ണയെയും ശരതിനെയും എറണാകുളത്തെ തങ്ങളുടെ ഒാഫീസിലേയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാൻ ക്ഷണിച്ചായിരുന്നു നേരിട്ടുള്ള പരിചയപ്പെടൽ. തട്ടിപ്പു നടത്താൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ ഒാഫീസിൽ ഇരുവരും എത്തുമ്പോൾ അവിടെ അഞ്ചോളം ജീവനക്കാരുണ്ടായിരുന്നു. ആരെയും വിശ്വസിപ്പിക്കുന്ന എളിമയാർന്ന മികച്ച പെരുമാറ്റമായിരുന്നു അവരുടേതെല്ലാം. കൃഷ്ണ– ശരത് ദമ്പതികളുടെ വിവാഹ വാർഷികവും തട്ടിപ്പുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഇതോടെ മറ്റൊന്നും ആലോചിക്കാതെ  അവർ നൽകിയ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഇരുവരും പണം അയച്ചുകൊടുക്കുകയായിരുന്നു.

∙ വിമാനത്താവളത്തിൽ കാത്തിരുന്നത് മണിക്കൂറുകളോളം
ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ഇവരെല്ലാം 2 മാസത്തെ സന്ദർശക വീസയിൽ ദുബായിലെത്തി. മൂന്ന് മണിക്കൂറോളം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാത്തിരുത്തിയ ശേഷമാണ് നാട്ടിലെ ഏജന്റിന്റെ യുഎഇയിലെ ആളായ സചിൻ ഇവരുടെ അടുത്തെത്തിയത്. ഇയാളും ബന്ധു എന്ന് പരിചയപ്പെടുത്തിയ തൊടുപുഴ സ്വദേശി ശ്രുതിമോൾ എന്ന യുവതിയും തട്ടിപ്പ് നടത്താന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ റിക്രൂട്ടിങ് കമ്പനിയുടെ പേരിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടർന്ന് നാല് പേരെയും ബര്‍ദുബായിലെ ഒരു ചെറിയ ഫ്ലാറ്റിൽ താമസിപ്പിച്ചു. അവിടെ ഇതുപോലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പുകാർ കൊണ്ടുവന്ന ഒട്ടേറെ നിസ്സഹായർ വിവിധ മുറികളിലായി തിങ്ങിനിറഞ്ഞിരുന്നു. ആ സ്ഥലത്ത് താമസിക്കാൻ ഒരിക്കലും സാധ്യമല്ല എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കരാമയിലെ ഫ്ലാറ്റിലേയ്ക്ക് മാറ്റിയെങ്കിലും അവിടെയും ജോലി വാഗ്ദാനം ചെയ്തു കൊണ്ടുവന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു.

യുഎഇയിൽ എത്തിയാൽ നൽകാമെന്ന് പറഞ്ഞിരുന്ന 1500 ദിർഹം കൂടി കൈക്കലാക്കും വരെ ഇവര്‍ക്ക് ഭക്ഷണമൊക്കെ നൽകിയെങ്കിലും പണം ലഭിച്ച ശേഷം സചിനും ശ്രുതിയും മുങ്ങുകയായിരുന്നു. ഭക്ഷണമോ താമസ സൗകര്യമോ ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും നീക്കുപോക്കോ ഉണ്ടാകാത്തതിനെ തുടർന്ന് നിരന്തരം ഇരുവരെയും ഫോൺ വിളിച്ചപ്പോൾ പലപ്പോഴും സ്വിച്ഡ് ഒാഫായിരുന്നു. ചില ദിവസങ്ങളിൽ രാത്രി ഫോണെടുത്താൽ പിറ്റേന്ന് വന്ന് എല്ലാം ശരിയാക്കുമന്നാണ് പറഞ്ഞിരുന്നത്. പതിയെ ഫോണെടുക്കുന്നത് പൂർണമായും നിർത്തി. ഇതോടെ നിത്യച്ചെലവിന് പോലും കൈയിൽ പണമില്ലാതെ നാല് പേരും പ്രതിസന്ധിയിലായി. കരാമയിൽ നിന്ന് പരിചയപ്പെട്ട കാസർകോട് സ്വദേശിയായ റഷീദ് എന്നയാളാണ് ഇവർക്ക് ഇപ്പോള്‍ സൗജന്യമായി ഭക്ഷണം നൽകുന്നത്.

തട്ടിപ്പുകാരായ സച്ചിനും ശ്രുതിമോളും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
തട്ടിപ്പുകാരായ സച്ചിനും ശ്രുതിമോളും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ പാർക്കിലേയ്ക്ക് വിളിച്ചുവരുത്തി പൊലീസിലേ‍ൽപ്പിച്ചു
ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിരാശയോടെ കഴിയുമ്പോഴാണ് ഇവർ കരാമയിൽ ഡാനിയേൽ എന്ന തമിഴ് യുവാവിനെ പരിചയപ്പെടുന്നത്. എല്ലാവരും കൂടിച്ചേർ്ന് ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം ഒരാഴ്ച മുൻപ് ഡാനിയേൽ സചിനെ വിളിച്ച് തന്റെ നാട്ടിലെ സുഹൃത്തുക്കൾക്ക് ജോലിയും വീസയും വേണമെന്നും ഒരാൾ വീതം 5,000 ദിർഹം നൽകുമെന്നും അതിൽ നിന്ന് പകുതി പണം കമ്മീഷനായി തനിക്ക് തരണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച സചിൻ തനിക്ക് അടിയന്തരമായി 50 പേരെ വേണമെന്നും ഒരാൾക്ക് 2500 ദിർഹം വച്ച് ഡാനിയേലിന് നൽകാമെന്നും വാഗ്ദാനവും ചെയ്തു. ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഡാനിയേൽ സചിനെ കരാമ പാർക്കിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. അതുപ്രകാരം പാർക്കിലെത്തിയ സചിനെ അവിടെ മറഞ്ഞുനിന്നിരുന്ന കൃഷ്ണയും ശരതും പ്രിയയും സജിനിയുമടക്കമുള്ള നൂറോളം പേർവരുന്ന തട്ടിപ്പിനിരയായവർ വളഞ്ഞു പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി എല്ലാവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സചിനെ കൊണ്ടുപോയി. സചിന്റെ പേരിൽ നേരത്തെയും തട്ടിപ്പിന് പരാതി ലഭിച്ചിരുന്നതായി പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

∙ നാട്ടിലും കേസുകൾ; പരാതി നല്‍കി
സചിന്റെയും ശ്രുതിയുടെയും പേരിൽ കൃഷ്ണ, ശരത് എന്നിവർ തൊടുപുഴ പൊലീസിലും സജിനി, പ്രിയ എന്നിവർ ആലപ്പുഴ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സചിന്റെയും ശ്രുതിയുടെയും പേരിൽ നേരത്തെ തന്നെ പൊലീസ് കേസുണ്ടെന്നാണ് ലഭിച്ച വിവരം. എന്നാൽ, ഇതുവരെ യാതൊരു തുടര്‍ നടപടിയുമുണ്ടായിട്ടുമില്ല. വൈകാതെ, കേരളത്തിൽ മുഖ്യമന്ത്രിയും ഡിജിപിയുമടക്കമുള്ള ഉന്നതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

∙ തട്ടിപ്പുകാർ വലവീശുന്നത് ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ
വീസാ–ജോലി തട്ടിപ്പുകാർ  ഇരകൾക്ക് വേണ്ടി വലവീശുന്നത് ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ. ഇവിടങ്ങളിലെ യുവതീയുവാക്കൾ വിദ്യാസമ്പന്നരാണെങ്കിലും ഇത്തരം വീസാ –ജോലി തട്ടിപ്പുകളെക്കുറിച്ച് അ‍ജ്ഞരാണ്. ഇതാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നതെന്ന് യുഎഇയിലെ അറിയപ്പെടുന്ന അഭിഭാഷക പ്രീതാ ശ്രീറാം മാധവ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. വീസയും മികച്ച ജോലിയും എന്ന് കേൾക്കുമ്പോൾ ചാടിവീഴുന്നതിന് മുൻപ് അത്തരമൊരു റിക്രൂട്ടിങ് കമ്പനിയുണ്ടോ, അവർ നിയമപരമായാണോ പ്രവർത്തിക്കുന്നത്, ഇവർ വഴി ജോലിക്ക് കയറിയ ആരെങ്കിലുമുണ്ടോ എന്നൊക്ക അന്വേഷിക്കണം. സമൂഹമാധ്യമങ്ങളിലെ ജോലി പരസ്യം ഭൂരിഭാഗവും വ്യാജമാണ്. ഏറെ ആലോചിച്ച ശേഷമേ അവരെ ബന്ധപ്പെടാൻ പോലും പാടുള്ളൂ. കാരണം, ഒരിക്കൽ ബന്ധപ്പെട്ടാൽ അവർ പലവിധ വാഗ്ധാനങ്ങൾ നൽകി വലയിൽവീഴ്ത്താൻ പ്രാവീണ്യം നേടിയവരാണ്. തട്ടിപ്പിനിരയായ കൃഷ്ണ, ശരത്, പ്രിയ, സജിനി അടക്കമുള്ളവർ നാട്ടിലാണ് പണം കൈമാറിയത് എന്നതിനാൽ അവിടെ പൊലീസിൽ പരാതി  നല്കാവുന്നതാണ്. കൂടാതെ, യുഎഇയിൽ ഇന്റർപോളിനെയും സമീപിക്കാം. ഇവർക്ക് വേണ്ടി നിമയസഹായം നൽകുമെന്നും അഡ്വ.പ്രീത അറിയിച്ചു. ഫോൺ: +971 52 731 8377.

തട്ടിപ്പിനിരയായ കൃഷ്ണ, ശരത്, സജിനി എന്നിവർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
തട്ടിപ്പിനിരയായ കൃഷ്ണ, ശരത്, സജിനി എന്നിവർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ്  പറഞ്ഞു. വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിെഎഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു. അടുത്തിടെ സൈബർ കുറ്റകൃത്യത്തിലേ‍ർപ്പെട്ട വൻ സംഘത്തെ യുഎഇ പൊലീസ് പിടികൂടുകയുണ്ടായി.

തട്ടിപ്പിനിരയായ കൃഷ്ണ, ശരത്, സജിനി എന്നിവർ അഡ്വ.പ്രീത ശ്രീറാം മാധവിനോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
തട്ടിപ്പിനിരയായ കൃഷ്ണ, ശരത്, സജിനി എന്നിവർ അഡ്വ.പ്രീത ശ്രീറാം മാധവിനോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഒാസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

English Summary:

UAE Visa Job Scam Malayalee Victims Caught the Culprit in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com