ഏറ്റവും വലിയ നെയ്മീൻ ചൂണ്ടയിട്ട് പിടിക്കുന്നയാൾക്ക് 1.2 ലക്ഷം ദിർഹം സമ്മാനം; ലക്ഷങ്ങൾ നേടാൻ മലയാളികളും
Mail This Article
അബുദാബി ∙ ചൂണ്ടയിട്ട് നെയ്മീൻ പിടിച്ച് ലക്ഷങ്ങൾ സ്വന്തമാക്കാനുള്ള അൽദഫ്ര ഗ്രാൻഡ് കിങ്ഫിഷ് ചാംപ്യൻഷിപ്പിന് അബുദാബി അൽമുഗീറ ബീച്ചിൽ തുടക്കമായി. ഇന്നും നാളെയും തുടരുന്ന മത്സരത്തിൽ ഏറ്റവും വലിയ കിങ് ഫിഷ് പിടിക്കുന്ന വിജയിക്ക് 1.2 ലക്ഷം ദിർഹമാണ് സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 80,000, 60,000 ദിർഹം വീതം ലഭിക്കും.
അൽ-സില, അൽ മുഗീറ, അൽ ദഫ്ര ഫൈനൽ തുടങ്ങി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മീൻ പിടിത്തത്തിൽ ലഭിക്കുന്ന പോയിന്റുകൾ ചേർത്താണ് ചാംപ്യനെ കണ്ടെത്തുക. മെഗാ വിജയികളിൽ പുരുഷ ചാംപ്യൻ നിസാൻ പട്രോളും വനിതാ വിജയിക്ക് റബ്ദാനുമാണ് സമ്മാനം.
ചൂണ്ടയിട്ടാണ് മിൻ പിടിക്കേണ്ടത്. വല, കുന്തം തുടങ്ങി മറ്റു രീതികൾ നിരോധിച്ചിട്ടുണ്ട്. ഓളപ്പരപ്പിൽ ചൂണ്ടയിട്ട് ലക്ഷങ്ങൾ നേടാൻ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരും രംഗത്തുണ്ട്. കിങ്ഫിഷ് മത്സ്യബന്ധന രീതികൾ നിയന്ത്രിക്കുക, അമിത മത്സ്യബന്ധനം തടയുക, അൽ ദഫ്രയുടെ തീരദേശ സൗന്ദര്യം പ്രദർശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കുമായി നടക്കുന്ന മത്സരത്തിൽ 20 പേർക്ക് സമ്മാനം നേടാം. പുരുഷന്മാർ കുറഞ്ഞത് 15 കിലോയും വനിതകൾ 8 കിലോയും തൂക്കമുള്ള മത്സ്യത്തെയാണ് പിടിക്കേണ്ടത്.