വിമാന സമരം കാരണം ‘പ്രിയതമ’യെ കാണാതെ പ്രവാസി മലയാളി മടങ്ങുന്നു; തീരാനോവായി നമ്പി രാജേഷ്
Mail This Article
മസ്‌കത്ത് ∙ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഭാര്യയെ അവസാനമായി ഒരു നോക്കു കാണാനാവാതെ വിടവാങ്ങിയ തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്‍റെ (42) മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മസ്‌കത്തിലെ ആര്‍ ഒ പി മോര്‍ച്ചറിയിലാണ് മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. കരമന നെടിങ്കാട് റോഡിലെ സ്വദേശിയായിരുന്ന രാജേഷ് ഏറെ നാളായി ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ശാരീരികാസ്യസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നുവീണ നമ്പി രാജേഷിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജേഷിന്‍റെ അരികിലേക്ക് വരാന്‍ ഭാര്യ അമൃത സി രവി മേയ് എട്ടിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കാബിന്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ സര്‍വീസുകള്‍ മുടങ്ങിയതായി അറിയുന്നത്. തൊട്ടടുത്ത ദിവസവും യാത്രക്ക് ശ്രമിച്ചുവെങ്കിലും സമരം തുടരുന്നത് കാരണം സാധിച്ചില്ല.
ഇതിനിടെ നമ്പി രാജേഷ് ആശുപത്രി വിടുകയും വീട്ടില്‍ വിശ്രമത്തില്‍ പ്രവേശിക്കുകയും ചെയ്തു. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഐ ടി മാനേജറായിരുന്ന ഇദ്ദേഹം സ്‌കൂളിന് സമീപത്തു തന്നെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം താത്കാലികമായി താമസിച്ചിരുന്നത്. ഇവിടെ വിശ്രമിക്കുന്ന നമ്പി രാജേഷിന് സുഹൃത്തുക്കള്‍ ഭക്ഷണം എത്തിച്ചു നല്‍കിയപ്പോള്‍ രാജേഷ് ഉറങ്ങുകയാണെന്ന് മനസ്സിലാക്കി സുഹൃത്തുക്കള്‍ മടങ്ങുകയായിരുന്നു. എന്നാല്‍, അല്‍പ സമയത്തിന് ശേഷവും ഫോണ്‍ എടുക്കാതിരിക്കുകയും സന്ദേശങ്ങള്‍ കാണാതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കള്‍ എത്തി മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഏറെ കാലമായി മസ്‌കത്തിലുള്ള നമ്പി രാജേഷ് പ്രവാസി മലയാളികള്‍ക്കിടയിലും വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ സഹ ജീവനക്കാര്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഏറെ ഇഷ്ടക്കാരനും വലിയ സൗഹൃദ വലയത്തിനുടമയുമായിരുന്നു. ഭാര്യ അമൃത സി രവി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. മക്കള്‍: അനിക (യു കെ ജി), നമ്പി ശൈലേഷ് (പ്രീ കെ ജി).