ഡ്രൈവിങ് നിരീക്ഷിക്കും; സൗദിയിൽ ഇൻഷുറൻസിനായി പുതിയ ഉപകരണം വാഹനത്തിൽ ഘടിപ്പിക്കണം
Mail This Article
ജിദ്ദ ∙ കാറുകളിൽ സദാസമയവും ഡ്രൈവിങ് നിരീക്ഷിക്കുന്നതായി ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കാൻ ഇൻഷുറൻസ് കമ്പനികൾ. വാഹനാപകടങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി സൗദിയിൽ ഇതാദ്യമായാണ് നടപ്പക്കാൻ പദ്ധതിയിടുന്നത്. നൂതന സാങ്കേതികവിദ്യയിലൂടെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഡ്രൈവിങ് മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇൻഷുറൻസ് പോളിസി ലഭ്യമാകണമെങ്കിൽ വാഹനങ്ങളിൽ ഈ ഉപകരണം സ്ഥാപിക്കൽ നിർബന്ധമാക്കും. അതേസമയം, ഘട്ടംഘട്ടമായിട്ടാകും പദ്ധതി നടപ്പാക്കുക.
ശരിയായ രീതിയിൽ ഡ്രൈവിങ് ചെയ്യുന്നുണ്ടോ, നിയമ, നിര്‍ദേശങ്ങൾ ഡ്രൈവര്‍മാർ പാലിക്കുന്നുണ്ടോ, വളവുകളിൽ എങ്ങനെയാണ് വാഹനം കൈകാര്യം ചെയ്യുന്നത്, ബ്രേക്കുകൾ ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇലക്ട്രോണിക് ഉപകരണങ്ങൾ നിരീക്ഷിക്കും. ഇതിനെല്ലാം പ്രത്യേകം പോയിന്‍റ് രേഖപ്പെടുത്തും. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഉപകരണത്തിലെ വിലയിരുത്തൽ കൂടി പരിശോധിച്ചായിരിക്കും നഷ്ടപരിഹാരം നൽകുക.
നിയമ, നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇത് ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുമെന്നും ഇതിലൂടെ വാഹനാപകട നിരക്ക് കുറയുകയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവിങ് പെരുമാറ്റത്തിനനുസരിച്ച് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയില്‍ കമ്പനികള്‍ ഇളവുകള്‍ അനുവദിക്കും. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഇന്‍ഷുറന്‍സ് മേഖലയെയും ഗതാഗത സുരക്ഷാ മേഖലയെയും ശാക്തീകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് നജും ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനി സി.ഇ.ഒ മുഹമ്മദ് യഹ്‌യ അല്‍ശഹ്‌രി പറഞ്ഞു. സൗദിയിലെ റോഡുകളിലൂടെ 1.2 കോടിയിലേറെ കാറുകള്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്.