ദുബായിൽ എട്ട് പുതിയ 132 കെവി ട്രാൻസ്മിഷൻ സബ്സ്റ്റേഷനുകൾ കമ്മിഷൻ ചെയ്തു

Mail This Article
ദുബായ്∙ എട്ട് പുതിയ 132 കെവി ട്രാൻസ്മിഷൻ സബ്സ്റ്റേഷനുകൾ കമ്മിഷൻ ചെയ്തതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എംഡി സായീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 1200 മെഗാവോൾട്ട് ആംപിയർ ശേഷിയുള്ളതാണ് സബ് സ്റ്റേഷനുകൾ. മൊത്തം 136 കോടി ദിർഹമാണ് പദ്ധതിക്കായി ചെലവഴിച്ചത്. ദുബായിൽ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണ് സബ് സ്റ്റേഷനുകൾ. പദ്ധതിയുടെ ഭാഗമായി 89 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന ജോലിയും പൂർത്തിയായി.
അൽ താന്യ3, ബർഷ സൗത്ത് 4, വാദി അൽ ഷബക്ക്, നാദ് ഹെസ്സ, ഇന്റർനാഷനൽ സിറ്റി ഫെയ്സ് 2, വാദി അൽ സഫ 5, ഉംസുക്കീം 3 എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷനുകൾ. ഇതോടെ ദുബായിലെ മൊത്തം സബ് സ്റ്റേഷനുകളുടെ എണ്ണം 382 ആയി. ഇതിൽ 27 എണ്ണം 400 കെവി സബ് സ്റ്റേഷനുകളും 355 എണ്ണം 132 കെവിയുമാണ്. ഇതിനു പുറമേ 31 പുതിയ 132 കെവി സബ് സ്റ്റേഷനുകൾ നിർമാണത്തിലാണ്. 6 പുതിയ 132 കെവി സബ് സ്റ്റേഷനുകളുടെ നിർദേശവും ദേവയ്ക്കു മുന്നിലുണ്ട്. അടുത്ത 3 വർഷത്തിനുള്ളിൽ പുതിയതായി 50 സബ് സ്റ്റേഷനുകൾ കൂടി നിർമിക്കും. ഭൂമിക്കടിയിലൂടെ 350 കിലോമീറ്റർ ട്രാൻസ്മിഷൻ കേബിളുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.