ADVERTISEMENT

ന്യൂഡൽഹി ∙ വിമാനനിരക്കു വർധന സംബന്ധിച്ച് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ കേരളത്തിൽനിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ വിഷയം ഉന്നയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നതു തുടർക്കഥയായി മാറുകയാണെന്നു കെ.സി.വേണുഗോപാൽ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അമിത വിമാനനിരക്കു കാരണം അടിയന്തരഘട്ടങ്ങളിൽപ്പോലും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്കു ടിക്കറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ആദ്യം 25,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ബുക്കിങ് സമയത്ത് 3 ഇരട്ടിയായി മാറിയ അനുഭവമാണു ഡിഎംകെ അംഗം ദയാനിധി മാരൻ പങ്കുവച്ചത്. എയർ വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇടയ്ക്കു തടസ്സപ്പെട്ടെന്നും വീണ്ടും ശ്രമിച്ചപ്പോൾ മൂന്നിരട്ടി ഉയർന്ന ടിക്കറ്റാണു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല അംഗങ്ങളും സമാന അനുഭവം പറഞ്ഞു. വളരെ ഗൗരവമുള്ള വിഷയമാണിതെന്നും പാർലമെന്റിൽ നിന്നാണ് ഈ ടിക്കറ്റിന്റെ പണം പോകുന്നതെന്നും ഇടപെടൽ ആവശ്യമാണെന്നും സ്പീക്കർ ഓം ബിർലയും പറഞ്ഞു. വിഷയം അന്വേഷിക്കുമെന്നു റാംമോഹൻ നായിഡു മറുപടി നൽകി. ഉപഭോക്താക്കളാണു രാജാക്കൻമാരെന്നും ഡിജിസിഎയുടെ താരിഫ് മോണിറ്ററിങ് യൂണിറ്റിനോടു (ടിഎംയു) ഇക്കാര്യം പരിശോധിക്കാൻ നിർദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

∙ 3 മാസത്തിനിടെ റദ്ദാക്കിയത്‌ 861 ഗൾഫ് സർവീസുകൾ
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള 3 മാസത്തിനിടെ കേരളത്തിലെ 4 വിമാനത്താവളങ്ങളിൽനിന്നു റദ്ദാക്കിയതു 861 ഗൾഫ് സർവീസുകൾ. രാജ്മോഹൻ ഉണ്ണിത്താന്റെ ചോദ്യത്തിനു മറുപടിയായാണ് ഈ കണക്കുകൾ നൽകിയത്.

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നും തിരിച്ചുമുള്ളതാണ് ഇതിൽ 542 സർവീസുകളും. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ 1600 സർവീസുകളാണു ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ 2% റദ്ദാക്കി. 4.6% സർവീസുകൾ ഒരു മണിക്കൂറിലേറെ വൈകി.

∙ നിരക്ക് നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കില്ല
സാധാരണക്കാരനു താങ്ങാനാവുന്ന നിലയിലേക്കു വിമാനടിക്കറ്റ് നിരക്ക് എത്തിക്കാനാണു കേന്ദ്രസർക്കാരിന്റെ ശ്രമമെങ്കിലും വിമാനനിരക്ക് വിപണിക്ക് അനുസൃതമാണെന്നു മന്ത്രി റാംമോഹൻ നായിഡു പറഞ്ഞു. ‘വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്ക് നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കില്ല. അതാണു വ്യവസ്ഥ. അവധി, സീസൺ, ഇന്ധനവില, വിപണിയിലെ മത്സരം തുടങ്ങിയ പല ഘടകങ്ങളെയും ആശ്രയിച്ചാണ് നിരക്ക്’– കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി വിശദീകരിച്ചു.

English Summary:

Over 861 Gulf-Kerala Flights Cancelled in 3 Months, Govt. has no Control Over Fixing Airfares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com