ദുബായിൽ ജോലിക്ക് പോയി, ചതിയിൽപ്പെട്ട് മ്യാൻമറിൽ 'കുടുങ്ങി'; 'ജയിൽവാസ' ത്തിനൊടുവിൽ മലയാളി യുവാക്കൾ നാട്ടിലെത്തി
Mail This Article
മലപ്പുറം ∙ മ്യാൻമർ സംഘത്തിന്റെ ജോലി വാഗ്ദാനത്തട്ടിപ്പിൽ കുടുങ്ങിയ മലയാളികൾ ഒടുവിൽ ആശ്വാസ തീരമണഞ്ഞു. വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ സ്വദേശികളായ കുറ്റീരി ശുഹൈബ്, കെ.പി.സഫീർ എന്നിവർ കഴിഞ്ഞ ദിവസം വിമാനത്തിൽ ബെംഗളൂരുവിലെത്തിയിരുന്നു. സഫീർ ബസ് വഴി ഇന്നലെ രാവിലെ നാട്ടിലെത്തി. ശുഹൈബ് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സഹോദരനും മറ്റു കുടുംബാംഗങ്ങൾക്കൊപ്പം അവിടെ തങ്ങിയ ശേഷമേ കേരളത്തിലെത്തൂ.
ജോലി ആവശ്യാർഥം ദുബായിലേക്ക് പോയതായിരുന്നു ഇരുവരും. എന്നാൽ അവിടെ നിന്നാണ് ജോലി തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനത്തിൽപ്പെട്ട് തായ്‌ലൻഡിലേക്കു പോയത്. അവിടെനിന്ന് ഇവരെ തട്ടിപ്പ് സംഘം മ്യാൻമറിലെത്തിക്കുകയായിരുന്നു. ചതിക്കപ്പെട്ടെന്ന വിവരം നാട്ടിലറിഞ്ഞതോടെ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുകയായിരുന്നു.
എംപിമാരും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികളും കേന്ദ്രമന്ത്രിമാരും വഴി സമ്മർദം ചെലുത്തി. ഇതോടെയാണ് ഇവരടക്കം 22 ഇന്ത്യക്കാരുടെ മോചനത്തിന് വഴി തെളിഞ്ഞത്. കാഞ്ഞമണ്ണ സ്വദേശികളടക്കം 4 മലയാളികളാണു സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചെത്തി. മ്യൻമറിൽനിന്ന് രക്ഷപ്പെട്ടെങ്കിലും തായ്‌ലൻഡിൽ നടപടിക്രമങ്ങളുടെ ഭാഗമായി 2 ആഴ്ചത്തെ ‘ജയിൽവാസം’ കഴിഞ്ഞാണ് ഇവർ നാട്ടിലെത്തിയത്.