ADVERTISEMENT

അബുദാബി ∙ പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി.

എക്സിറ്റ് പെർമിറ്റിന്റെ കാലാവധി 14 ദിവസമാണ്. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്തവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സൂചിപ്പിച്ചു. നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി യുഎഇയിൽ തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പ്. അപേക്ഷകരുടെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം പിഴ കൂടാതെ രാജ്യം വിട്ടു പോകുന്നതിന് എക്സിറ്റ് പാസ് നൽകും. നേരത്തെ വിരലടയാളം രേഖപ്പെടുത്തിയവർക്ക് നേരിട്ട് പൊതുമാപ്പിന് അപേക്ഷിക്കാം. അല്ലാത്തവർ വിരലടയാളം രേഖപ്പെടുത്തിയ ശേഷം അപേക്ഷിക്കമം. എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ വിമാന ടിക്കറ്റ് എടുത്ത് ഈ മാസം 31നകം രാജ്യ വിടണം. 

അനധികൃത താമസത്തിന്റെ കാലയളവ് എത്ര പഴയതാണെങ്കിലും പിഴയിൽ കുടിശ്ശിക ഉണ്ടെങ്കിലും നിരുപാധികം മാപ്പുനൽകിയാണ് വിദേശികൾക്ക് രാജ്യം വിടാനോ രേഖകൾ ശരിപ്പെടുത്താനോ യുഎഇ അവസരമൊരുക്കുന്നത്. ആനുകൂല്യം പ്രയോജനപ്പെടുത്തി പോകുന്നവർക്ക് പുതിയ വീസയിൽ തിരിച്ചെത്താം. എന്നാൽ ആനുകൂല്യം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും. 

നവംബർ ഒന്നു മുതൽ ആരംഭിക്കുന്ന പരിശോധനയിൽ പിടിക്കപ്പെടുന്നവർക്ക് ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. അബുദാബി ഉൾപ്പെടെ വിവിധ എമിറേറ്റിലെ ഐസിപി കേന്ദ്രങ്ങൾ മുഖേനയും അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയും ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും എമിറേറ്റിലെ 86 ആമർ സെന്ററുകൾ മുഖേനയും അപേക്ഷ നൽകാം. ഇതുവരെ അപേക്ഷ നൽകാത്തവർ എത്രയും വേഗം മുന്നോട്ടുവരണമെന്നും ഐസിപി അഭ്യർഥിച്ചു.

English Summary:

Strict action if amnesty not left the country; Exit permit will be cancelled: UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com