‘പട്ടിണിയില്ലാത്ത ലോകം’; സമ്മേളനത്തിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി അഡിസ് അബാബയിൽ
Mail This Article
അബുദാബി/ അഡിസ് അബാബ ∙ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് പട്ടിണിയില്ലാത്ത ലോകം( വേൾഡ് വിത്തൗട്ട് ഹംഗർ) സമ്മേളനത്തിൽ പങ്കെടുക്കാനായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇത്യോപ്യയിലെ അഡിസ് അബാബയിൽ എത്തി. അഡിസ് അബാബ ബോലെ രാജ്യാന്തര വിമാനത്താവളത്തിൽ ഇത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അദ്ദേഹത്തെ സ്വീകരിച്ചു.
പരിപാടിയിൽ യുഎഇയുടെയും ഇത്യോപ്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ച ഔദ്യോഗിക സ്വീകരണ ചടങ്ങും തുടർന്ന് ഗാർഡ് ഓഫ് ഓണർ അവലോകനവും നടന്നു. ഇരുപക്ഷവും തങ്ങളുടെ സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ആഗോള ഭക്ഷ്യസുരക്ഷയ്‌ക്കായി നൂതന സാങ്കേതികവിദ്യകളും സുസ്ഥിരമായ സമ്പ്രദായങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്ന സമ്മേളനത്തിൽ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
സംഘത്തിൽ ഷെയ്ഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, സഹമന്ത്രി റീം അൽ ഹാഷിമി, രാജ്യാന്തര സഹകരണ സഹമന്ത്രി സെയ്ഫ് സയീദ് ഘോബാഷ്, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സലേം അൽ റഷ്ദി, ഇത്യോപ്യയിലെ യുഎഇ സ്ഥാനപതി ഒമ്രാൻ അൻവർ ഷറഫ് അൽ ഹാഷിമി എന്നിവർ ഉൾപ്പെടുന്നു.