ക്രിസ്മസ് പുതുവർഷാഘോഷത്തിന് യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമായി ദുബായ് രാജ്യാന്തര വിമാനത്താവളം
Mail This Article
ദുബായ് ∙ ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായുള്ള തിരക്ക് നേരിടാൻ ദുബായ് രാജ്യാന്തര വിമാനത്താവളം പൂർണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.
ഈ മാസം 31 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ 52 ലക്ഷം പേർ യാത്ര ചെയ്യുമെന്ന കണക്കുകൂട്ടലിൽ സൗകര്യങ്ങളും സുരക്ഷയും വർധിപ്പിച്ചിരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 8 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്. ഈ പശ്ചാത്തലത്തിൽ ദുബായ് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് നേരിട്ടെത്തി പരിശോധിക്കുന്നതിനിടെയാണ് അൽമർറി ഇക്കാര്യം അറിയിച്ചത്.
യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ പാസ്പോർട്ട് ഉദ്യോഗസ്ഥർ നടത്തുന്ന സുപ്രധാന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യുഎഇയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും മികച്ച സേവനം നൽകാൻ ദുബായ് താമസകുടിയേറ്റ വകുപ്പ് സജ്ജമാണെന്നും പറഞ്ഞു. സ്പെഷൽ ചിൽഡ്രൻസ് പാസ്പോർട്ട് പ്ലാറ്റ്ഫോം വഴി പാസ്പോർട്ടുകൾ സ്റ്റാംപ് ചെയ്തതിന്റെ അനുഭവവും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു.
ഐ–ഡിക്ലെയർ ആപ്പ് വഴി നേരത്തെ തന്നെ കസ്റ്റംസ് ഡിക്ലറേഷൻ ചെയ്യാനും ദുബായ് കസ്റ്റംസ് സൗകര്യമൊരുക്കിയതും നടപടിക്രമങ്ങൾ ലഘൂകരിക്കാനും സമയം ലാഭിക്കാനും സാധിച്ചു. ഇങ്ങനെ ചെയ്യുന്നവർക്ക് കസ്റ്റംസ് ഡിക്ലറേഷനുവേണ്ടി കാത്തുനിൽക്കുന്നതും ഒഴിവാക്കാം.
യാത്രക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ നിർണായക സ്ഥാനം നിലനിർത്താനുമുള്ള ദുബായിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ലോകോത്തര സേവനങ്ങളെന്ന് അൽമർറി കൂട്ടിച്ചേർത്തു. എയർപോർട്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ഷാങ്കിറ്റി, ടെർമിനൽ-3യിലെ പാസ്പോർട്ട് കൺട്രോൾ ഡിപ്പാർട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ ജുമാ ബിൻ സുബൈഹ് എന്നിവരും പരിശോധനയ്ക്കുണ്ടായിരുന്നു.
വിമാനത്താവളത്തിലെ തിരക്കൊഴിവാക്കുന്നതിന് ഹോം ചെക്ക്-ഇൻ, ഏർളി ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. വിമാനത്താവള നിബന്ധനയനുസരിച്ച് ബാഗേജുകൾ ഒരുക്കി നടപടികൾ സുഗമമാക്കണം. ബാഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്നും തൂക്കം കൃത്യമാണെന്നും ഉറപ്പാക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ദുബായ് മെട്രോ ഉപയോഗിച്ചാൽ ഗതാഗതക്കുരുക്കിൽ പെടാതെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താമെന്നും അധികൃതർ വ്യക്തമാക്കി.