കുവൈത്തിൽ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി

Mail This Article
കുവൈത്ത് സിറ്റി ∙ കൊലക്കേസ് പ്രതികളായ അഞ്ചുപേരുടെ വധശിക്ഷ കുവൈത്തിൽ നടപ്പാക്കി. ഇന്നുരാവിലെ കുവൈത്ത് സെന്‍ട്രല്‍ ജയിലിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഒരു സ്വദേശി സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് തൂക്കിലേറ്റപ്പെട്ടത്. സുഹൃത്തിനെ കൊന്ന കേസിലാണ് സ്വദേശി സ്ത്രീയുടെ ശിക്ഷ. കഴിഞ്ഞ സെപ്റ്റംബര്‍ മാസം നടപ്പാക്കാനിരുന്ന ഇവരുടെ ശിക്ഷ അവസാനം നിമിഷം മാറ്റിവച്ചിരുന്നു.
തൂക്കിലേറ്റപ്പെട്ടവര്‍ എല്ലാവരും കൊലക്കേസുകളിലെ പ്രതികളാണ്. എട്ടുപേരുടെ വധശിക്ഷയാണ് ഇന്ന് നടത്തുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് മൂന്നുപേരുടെ ശിക്ഷ മാറ്റി. ഇവര്‍ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ മാപ്പു നല്‍കിയതാണ്കാരണം. ക്രിമിനല്‍, അപ്പീല്‍, കാസേഷന്‍ കോടതികള്‍ ഇവരുടെ വധശിക്ഷ ശരിവച്ചത് കുടാതെ, ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.
പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ മേല്‍നോട്ടം വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5-ന് സെന്‍ട്രല്‍ ജയില്‍ ആറ് പ്രതികളെ തൂക്കിലേറ്റിയിരുന്നു. 2022 നവംബറില്‍ ഏഴ് പേരുടെ ശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.